സു​ൽ​ത്താ​ൻ ബ​ത്തേ​രി ന​ഗ​ര​സ​ഭ ആ​സ്ഥാ​നം

ബത്തേരിയിൽ ഹാട്രിക് ലക്ഷ്യമിട്ട് ഇടതുപക്ഷം; തിരിച്ചുവരവിനൊരുങ്ങി യു.ഡി.എഫ്

സുൽത്താൻ ബത്തേരി: മുനിസിപ്പാലിറ്റിയിൽ ഇടതുപക്ഷം പ്രചാരണം നടത്തുന്നത് ഹാട്രിക് വിജയം ലക്ഷ്യമാക്കിയാണ്. എന്നാൽ, പത്തുവർഷം മുമ്പ് നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാനുള്ള കഠിനശ്രമത്തിലാണ് യു.ഡി.എഫ്. ഇരുമുന്നണികളും പ്രചരണം ശക്തമായി നടത്തുമ്പോൾ എന്തു സംഭവിക്കുമെന്നത് പ്രവചനാതീതമാവുകയാണ്. മുനിസിപ്പാലിറ്റിയാവുന്നതിന് മുമ്പ് സുൽത്താൻ ബത്തേരി പഞ്ചായത്തിൽ നാല് പതിറ്റാണ്ടോളമാണ് യു.ഡി.എഫ് തുടർച്ചയായി ഭരണം നടത്തിയത്. എന്നാൽ, പത്തു വർഷം മുമ്പാണ് യു.ഡി.എഫിന് അടിപതറിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഭരണം തിരിച്ചുപിടിക്കാൻ യു.ഡി.എഫ് കിണഞ്ഞ് ശ്രമിച്ചിട്ടും നടന്നില്ല. അതിനാൽ ഇത്തവണ ഭരണം പിടിക്കുക എന്നതിൽ കുറഞ്ഞൊന്നും യു.ഡി.എഫ് പ്രതീക്ഷിക്കുന്നുമില്ല.

ആകെയുള്ള 36 ഡിവിഷനുകളിൽ 21 ഡിവിഷനുകളിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തിയിട്ടുള്ളത്. മുസ്‍ലിം ലീഗ് 14 ഇടത്ത് മത്സരിക്കുന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഒരു സീറ്റിലും മത്സരിക്കുന്നുണ്ട്. എല്ലായിടത്തും നല്ല പ്രകടനം കാഴ്ചവെച്ച് യു.ഡി.എഫിന് മുനിസിപ്പാലിറ്റിയിൽ അധികാരത്തിൽ എത്താൻ കഴിയുമെന്ന് യു.ഡി.എഫ് സുൽത്താൻ ബത്തേരി നിയോജകമണ്ഡലം ചെയർമാൻ ഡി.പി. രാജശേഖരൻ പറഞ്ഞു. ‘‘24 ഡിവിഷനുകളിൽ വിജയം ഉറപ്പാണ്. കട്ടയാട്, കരിവള്ളിക്കുന്ന്, പൂമല, ചീനപുല്ല്, ദൊട്ടപ്പൻകുളം എന്നിവിടങ്ങളിലൊക്കെ വിജയം ഉറപ്പിച്ചു. പത്തുവർഷത്തെ മുനിസിപ്പാലിറ്റിയിലെ ഇടതു ഭരണത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് വോട്ട് തേടുന്നത്’’ -ഡി.പി. രാജശേഖരൻ വ്യക്തമാക്കി.

തുടർച്ചയായ മൂന്നാം തവണ അധികാരത്തിൽ എത്താനുള്ള ശ്രമമാണ് സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഇടതുപക്ഷം സുൽത്താൻ ബത്തേരിയിൽ നടത്തുന്നത്. കൃത്യമായ പ്രകടനപത്രിക, വികസന രേഖ, വോട്ടർമാരെ നേരിൽ കാണാനുള്ള ‘ടീം വർക്ക്’ എന്നിവയൊക്കെയാണ് ഇടതുപക്ഷത്തിന്റെ പ്രത്യേകത. സീറ്റ് വിഭജനത്തിൽ സി.പി.എം 29 സീറ്റിലാണ് മത്സരിക്കുന്നത്. സി.പി.ഐ മൂന്ന്, കേരള കോൺഗ്രസ്-എം രണ്ട്, ജനതാദൾ എസ്, ആർ.ജെ.ഡി എന്നിവർ ഓരോ സീറ്റിലും മത്സരിക്കുന്നു. നിലവിൽ ഭരണസമിതിയിലെ 12 അംഗങ്ങൾ ഇത്തവണയും മത്സര ഗോദയിൽ ഇടതുപക്ഷത്തിന് വേണ്ടി രംഗത്തുണ്ട്. കെ.പി.സി.സി സെക്രട്ടറിയും പിന്നീട് സി.പി.എമ്മിലേക്ക് മാറി കഴിഞ്ഞ തവണ ഐ.സി. ബാലകൃഷ്ണനെതിരെ സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിൽ നിയമ സഭയിലേക്ക് മത്സരിക്കുകയും ചെയ്ത എം.എസ്. വിശ്വനാഥൻ പൂമല ഡിവിഷനിൽ ജനവിധി തേടുന്നു.

കരുവള്ളിക്കുന്നിൽ നിലവിലെ മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ് വലിയ ആത്മവിശ്വാസത്തിലാണ്. ചീനപുല്ല് ഡിവിഷനിൽ പ്രചരണം അവസാന ഘട്ടത്തിൽ എത്തിയപ്പോൾ അമീർ അറക്കൽ അട്ടിമറി പ്രതീക്ഷിക്കുകയാണ്. 36 ഡിവിഷനുകളിൽ നാലോ, അഞ്ചോ ഡിവിഷനുകൾ മാത്രമേ കൈവിട്ടു പോകാൻ സാധ്യതയുള്ളൂവെന്നാണ് സി.പി.എം നേതാക്കൾ പറയുന്നത്. നിശ്ശബ്ദ പ്രചാരണത്തിന് മുമ്പ് നാലും അഞ്ചും തവണ സ്ഥാനാർഥികൾക്ക് വീടുകളിൽ കയറാനായത് വലിയ നേട്ടമായിട്ടാണ് ഇടതുപക്ഷം കാണുന്നത്. വിമത സ്ഥാനാർഥികൾ, വർഗീയ പ്രചാരണം എന്നിവയൊക്കെ മുനിസിപ്പാലിറ്റിയിൽ യു.ഡി.എഫിന് തിരിച്ചടിയുണ്ടാക്കുമെന്ന് എൽ.ഡി.എഫ് നേതാക്കൾ അവകാശപ്പെടുന്നുണ്ട്.

ഗ്രീൻ സിറ്റി ഫ്ലവർ സിറ്റി എന്ന ആശയം ലോകശ്രദ്ധയിൽ കൊണ്ടുവരാൻ കഴിഞ്ഞത് എൽ.ഡി.എഫിന്റെ വലിയ നേട്ടമാണ്. വികസനം പറഞ്ഞാണ് എൽ.ഡി.എഫ് വോട്ട് തേടുന്നത്. അത് വോട്ടർമാർ അംഗീകരിക്കുന്ന ലക്ഷണമാണ് കാണുന്നതെന്നും എൽ.ഡി.എഫ് നേതാക്കൾ അവകാശപ്പെട്ടു. അതേസമയം, പുതിയ ബസ് ടെർമിനൽ, നഗരത്തിലെ തിരക്ക് കുറക്കാനുള്ള ബദൽ റോഡ്, നല്ല മാലിന്യ സംസ്കരണ കേന്ദ്രം, ഐ.ടി പ്രഫഷനലുകൾ ഉൾപ്പെടെയുള്ള ടൂറിസ്റ്റുകളെ ആകർഷിക്കാനുള്ള പദ്ധതികൾ എന്നിവയെക്കുറിച്ചൊക്കെ ബത്തേരിയിലെ എൽ.ഡി.എഫും യു.ഡി.എഫും പ്രകടനപത്രികയിലൂടെ വാചാലമാകുന്നുണ്ട്.

ഭവനനിർമാണത്തിന്റെ പേരിലും അവകാശവാദങ്ങളും വാഗ്ദാനങ്ങളും ഇരുമുന്നണികളും നടത്തുന്നു. എൽ.ഡി.എഫ് ഒരു പടികൂടി കടന്ന് കൊട്ടിക്കലാശ ദിവസം ഇറക്കിയ വികസന സൂചികയിലും സുൽത്താൻ ബത്തേരിയുടെ മാറ്റം ഉയർത്തിക്കാണിക്കുന്നുണ്ട്. കുറ്റപത്രം എന്ന രീതിയിൽ യു.ഡി.എഫും എൽ.ഡി.എഫിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നു. എൻ.ഡി.എയും മത്സരരംഗത്ത് സജീവമാണ്. ചില ഡിവിഷനുകളിൽ ബി.ജെ.പി പിടിക്കുന്ന വോട്ടുകൾ ഇടത്-വലത് സ്ഥാനാർഥികൾക്ക് നിർണായകമാണെന്നും വിലയിരുത്തപ്പെടുന്നു. മുമ്പൊരിക്കൽ ബി.ജെ.പി മുനിസിപ്പാലിറ്റിയിലെ ഒരു ഡിവിഷൻ വിജയിച്ച ചരിത്രമുണ്ട്.

30 സീറ്റുകൾ നേടുമെന്ന് ഇടതുപക്ഷം

സുൽത്താൻ ബത്തേരി: മുനിസിപ്പാലിറ്റിയിലെ 30 ഡിവിഷനുകളിലധികം വിജയിക്കാൻ കഴിയുമെന്ന് ഇടതുപക്ഷ നേതാക്കൾ വാർത്തസമ്മേളനത്തിൽ അവകാശപ്പെട്ടു. കഴിഞ്ഞ പത്തുവർഷം സുൽത്താൻ ബത്തേരി വികസനത്തിലേക്ക് കുതിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിൽ തോൽവി ഭയപ്പെടുന്ന യു.ഡി.എഫ് ചിലയിടങ്ങളിൽ വർഗീയ പ്രചരണം നടത്തുന്നതായും ഇടതു നേതാക്കൾ പറഞ്ഞു.

നഗരസഭയിലെ ഇടതു ഭരണനേട്ടങ്ങളും ഭാവി വികസന രേഖയും ഉൾക്കൊള്ളിച്ചുകൊണ്ട് തയാറാക്കിയ വികസന സൂചികയുടെ പ്രകാശനവും ചൊവ്വാഴ്ച നടന്നു. കെ.ജെ. ദേവസ്യ, പി.ആർ. ജയപ്രകാശ്, ലിജോ ജോണി, ടി.കെ. രമേശ് തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Left Party aims for hat-trick in Bathery; UDF prepares for comeback

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.