മാലിന്യം കുന്നുകൂടി കരിവള്ളിക്കുന്ന്; പ്ലാൻറ് യാഥാർഥ്യമായില്ല

സുൽത്താൻ ബത്തേരി: നഗരസഭയിലെ കരിവള്ളിക്കുന്ന് സംസ്കരണ കേന്ദ്രത്തിൽ മാലിന്യം കുന്നുകൂടുന്നു. മാലിന്യ സംസ്​കരണം നിർത്തിവെച്ചതാണ് തിരിച്ചടിയായത്. ആധുനിക രീതിയിൽ മാലിന്യം സംസ്​കരിക്കാനുള്ള പ്ലാൻറ് നിർമാണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നെങ്കിലും ഇപ്പോൾ എല്ലാം നിലച്ച അവസ്ഥയിലാണ്.

സുൽത്താൻ ബത്തേരി നഗരത്തിലെയും മറ്റും മാലിന്യമാണ് കരിവള്ളിക്കുന്നിലെ വടച്ചിറക്കുന്നിൽ എത്തിക്കുന്നത്. ഇത് തരം തിരിച്ച് പ്രത്യേകം ചാക്കുകളിലാക്കി അടുക്കിവെക്കുകയാണ്. പിന്നീട് ലോറികളിൽ കയറ്റിയയക്കുന്ന രീതിയാണുള്ളത.് കഴിഞ്ഞ കുറച്ച് ആഴ്ചകളായി ശേഖരിക്കുന്ന മാലിന്യം കയറ്റിയയക്കാനുള്ള ഒരുക്കം നടക്കുന്നുണ്ടെങ്കിലും ലോറി എന്ന് എത്തുമെന്ന കാര്യത്തിൽ ഉറപ്പായിട്ടില്ല.

രണ്ടു വർഷം മുമ്പുവരെ ഇവിടെ മാലിന്യം കത്തിക്കുന്ന സമ്പ്രദായമായിരുന്നു. ബർണറും പുകക്കുഴൽ സംവിധാനങ്ങളുമുണ്ട്. മാലിന്യം കത്തിക്കുമ്പോഴുള്ള പുക പരിസരവാസികൾക്ക് ദുരിതമായതോടെ നാട്ടുകാർ സംഘടിച്ച് കോടതിയെ സമീപിച്ചു. തുടർന്നാണ് കത്തിക്കുന്നത് നിർത്തിയത്. ഇപ്പോൾ മാലിന്യം തരം തിരിച്ച് കയറ്റിയയക്കുകയാണ്. മുമ്പ് ചില കർഷകർ ജൈവവള നിർമാണത്തിന് മാലിന്യം ഉപയോഗിച്ചിരുന്നു.

മാലിന്യം കൂടുതൽ എത്താൻ സാധ്യതയുള്ള സ്ഥിതിക്ക് ശാസ്​ത്രീയ സംസ്​കരണത്തിനുള്ള സജ്ജീകരണമാണ് ഇവിടെ അത്യാവശ്യമായി ഒരുക്കേണ്ടത്. മാലിന്യകേന്ദ്രത്തെ ചുറ്റിപ്പറ്റി തെരുവുനായ്​ ശല്യം രൂക്ഷമാണ്. 20ഓളം നായ്ക്കൾ ഈ ഭാഗത്ത് ഏതുസമയവും ഉണ്ടാകും. മാലിന്യ കേന്ദ്രത്തിലെ അവശിഷ്​ടങ്ങളാണ് നായ്ക്കളെ ഇവിടേക്ക് ആകർഷിക്കുന്നത്. സമീപ പ്രദേശങ്ങളായ കുപ്പാടി, പള്ളിപ്പടി, പഴശ്ശിനഗർ ഭാഗത്തെ നായ്​ ശല്യത്തിനും കരിവള്ളിക്കുന്ന് മാലിന്യകേന്ദ്രം കാരണമാകുന്നുണ്ട്.

Tags:    
News Summary - Karivallikunnu Waste Recycling Plant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.