കൈപ്പഞ്ചേരിയിൽ ജലാറ്റിൻസ്റ്റിക്ക് കണ്ടെത്തിയത്; തനിക്കൊന്നുമറിയില്ലെന്ന് ഷൈബിൻ

സുൽത്താൻ ബത്തേരി: കഴിഞ്ഞ ഏപ്രിൽ 28ന് കൈപ്പഞ്ചേരിയിലെ വീട്ടുവളപ്പിൽനിന്ന് ജലാറ്റിൻസ്റ്റിക്ക് കണ്ടെത്തിയ സംഭവത്തിൽ തനിക്കൊന്നുമറിയില്ലെന്ന് വിവാദ ബിസിനസുകാരൻ ഷൈബിൻ അഷ്റഫ്.

മഞ്ചേരി കോടതിയിൽനിന്നും കസ്റ്റഡിയിൽ വാങ്ങിയ ഷൈബിനെ രണ്ടുദിവസം സുൽത്താൻ ബത്തേരി പൊലീസ് ചോദ്യം ചെയ്തിരുന്നു. കൈപ്പഞ്ചേരി സ്വദേശികളും സഹോദരങ്ങളുമായ തങ്ങളകത്ത് നൗഷാദ്, സഹോദരൻ അഷ്റഫ് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷൈബിനെയും പ്രതിചേർത്തത്.

ജലാറ്റിൻ സ്റ്റിക്ക് കണ്ടിട്ടുപോലുമില്ലെന്നും തന്റെ വീട്ടിൽനിന്ന് അങ്ങനെയൊന്ന് നഷ്ടപ്പെട്ടില്ലെന്നുമാണ് ഷൈബിൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഷൈബിൻ മൊഴി നിഷേധിച്ചതോടെ തങ്ങളകത്ത് നൗഷാദ്, അഷ്റഫ് എന്നിവരെ കൂടുതൽ ചോദ്യം ചെയ്യേണ്ടിവരുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരിൽനിന്നും ലഭിക്കുന്ന വിവരം.

എന്നാൽ, ജലാറ്റിൻ സ്റ്റിക്ക് ഷൈബിന്റെ അറിവോടെ തന്നെയാണ് എത്തിച്ചതെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. ആദ്യ ദിവസത്തെ ചോദ്യംചെയ്യലിനു മുന്നോടിയായി ഇയാളെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ആരോഗ്യ പരിശോധനക്ക് വിധേയമാക്കിയിരുന്നു.

പരിശോധനയ്ക്കുശേഷം പുറത്തിറങ്ങിയ ഷൈബിൻ വിജയചിഹ്നം ഉയർത്തിക്കാട്ടിയാണ് പുറത്തിറങ്ങിയത്. കേസിൽ കരുതലോടെയാണ് മുന്നോട്ടു നീങ്ങുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മൈസൂരുവിലെ നാട്ടുവൈദ്യൻ ഷാബാ ശരീഫിനെ കൊലപ്പെടുത്തിയ കേസിൽ മഞ്ചേരി ജില്ല ജയിലിൽ റിമാൻഡിലായിരുന്ന ഷൈബിൻ അഷ്റഫിനെ സുൽത്താൻ ബത്തേരി പൊലീസ് തിങ്കളാഴ്ചയാണ് കസ്റ്റഡിയിൽ വാങ്ങിയത്.

നിലമ്പൂർ മുക്കട്ടയിലുള്ള ഷൈബിന്റെ വീട്ടിൽ നടത്തിയ കവർച്ചക്കിടെ ലഭിച്ച വസ്തുക്കളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു പൊതി കൊണ്ടുവന്ന് ഒളിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ജലാറ്റിൻ സ്റ്റിക്കാണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് നൗഷാദും അഷ്റഫും പൊലീസിനോട് പറഞ്ഞത്.

Tags:    
News Summary - Gelatin stick found in Kaipancherry; Shaibin said he did not know anything

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.