കരിവള്ളിക്കുന്നിലെ മാലിന്യ കേന്ദ്രത്തിന്റെ ഇപ്പോഴത്തെ അവസ്ഥ
സുൽത്താൻ ബത്തേരി: പരിസ്ഥിതി മലിനീകരണമില്ലാത്ത, വൃത്തിയുള്ള നഗരമെന്നാണ് പൊതുവെ സുൽത്താൻ ബത്തേരി നഗരത്തെ പറയുന്നത്. എന്നാൽ, നഗരത്തിൽനിന്ന് നാല് കിലോമീറ്റർ അകലെ കരിവള്ളിക്കുന്നിലെ മാലിന്യ കേന്ദ്രത്തിൽ മാലിന്യം കുന്നുകൂടുകയാണ്. വേണ്ട രീതിയിലുള്ള സംസ്കരണം ഇവിടെ നടക്കുന്നില്ലെന്നതാണ് യാഥാർഥ്യം. പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിൽ വലിയ പ്ലാന്റ് നിർമിക്കുമെന്ന് അധികൃതർ പറഞ്ഞിട്ടുണ്ടെങ്കിലും ഒന്നും നടപ്പായില്ല. നഗരത്തിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വർഷങ്ങളായി കരിവള്ളിക്കുന്നിലേക്കാണ് എത്തിക്കുന്നത്.
ചാക്കുകളിലാക്കിയും അല്ലാതെയും ജൈവ, അജൈവ മാലിന്യങ്ങൾ ഇവിടെ എത്തിക്കുന്നുണ്ട്. പ്ലാസ്റ്റിക്ക്, അന്തർ സംസ്ഥാനത്തേക്ക് കയറ്റിപോകുകയാണ് പതിവ്. സമയബന്ധിതമായി കൊണ്ടുപോകാത്തതാണ് കരിവള്ളിക്കുന്നിൽ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. നഗരസഭയിൽ തെരുവുനായ്ക്കൾ ഏറെയുള്ള സ്ഥലമാണ് കരിവള്ളിക്കുന്ന്. ഇവിടെയുള്ള മാലിന്യ കേന്ദ്രമാണ് ഇതിന്റെ പ്രധാന കാരണം. മാലിന്യ കേന്ദ്രത്തിന് ചുറ്റുമതിലും മറ്റും ഉണ്ടെങ്കിലും നായ്ക്കൾ മതിൽ ചാടിക്കടന്ന് അകത്ത് കയറും. ചപ്പുചവറുകൾ വലിച്ചു പറിക്കുന്നത് പതിവ് കാഴ്ചയാണ്. മാലിന്യ കേന്ദ്രത്തിന്റെ ചുറ്റുവട്ടത്ത് ഈച്ച ശല്യവും വർഷങ്ങളായുണ്ട്.
ആറ് വർഷം മുമ്പ് മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞ പ്ലാന്റ് യാഥാർഥ്യമായിരുന്നുവെങ്കിൽ മാലിന്യ കേന്ദ്രത്തിന് ഇപ്പോഴുള്ള ദുരവസ്ഥ ഉണ്ടാകില്ലായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. പ്ലാന്റ് വന്നില്ലെങ്കിലും മാലിന്യ കേന്ദ്രത്തിന് ഇടക്കിടെ വൻ തുക ചെലവഴിക്കപ്പെടുന്നുണ്ട്. അതിനനുസരിച്ചുള്ള വലിയ മാറ്റം ഇവിടെ ഉണ്ടാകുന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.