സുൽത്താൻ ബത്തേരി: റിസോര്‍ട്ടില്‍ അതിക്രമിച്ചുകയറി കമ്പിവടി കൊണ്ട് ജീവനക്കാരനെയും സുഹൃത്തിനെയും അടിച്ചു ഗുരുതര പരിക്കേല്‍പ്പിക്കുകയും നാശനഷ്ടംവരുത്തുകയും ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തോമാട്ടുചാല്‍ കോട്ടൂര്‍ തെക്കിനേടത്ത് വീട്ടില്‍ ബുളു എന്ന ജിതിന്‍ ജോസഫിനെയാണ് (35) സുൽത്താൻ ബത്തേരി പൊലീസ് മന്ദംകൊല്ലി ബിവറേജിന് സമീപം വെച്ച് ശനിയാഴ്ച പിടികൂടിയത്.
2023ല്‍ കാപ്പ ചുമത്തപ്പെട്ട ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. ഇയാള്‍ക്കെതിരെ ബത്തേരി, അമ്പലവയല്‍, കല്‍പറ്റ, താമരശ്ശേരി, മീനങ്ങാടി, മേപ്പാടി സ്‌റ്റേഷനുകളിലും കര്‍ണാടകയിലെ ഹൊസൂര്‍ സ്‌റ്റേഷനിലും കൊലപാതകം, പോക്‌സോ, അടിപിടി, ലഹരി, ദേഹോപദ്രവം, അക്രമിച്ചുപരിക്കേല്‍പ്പിക്കല്‍, മോഷണം തുടങ്ങി നിരവധി കേസുകളുണ്ട്.
സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ പുത്തന്‍കുന്ന് തെക്കുംകാട്ടില്‍ വീട്ടില്‍ ടി. നിഥുന്‍ (35), ദൊട്ടപ്പന്‍കുളം നൂര്‍മഹല്‍ വീട്ടില്‍ മുഹമ്മദ് ജറീര്‍ (32), കടല്‍മാട് കൊച്ചുപുരക്കല്‍ വീട്ടില്‍ അബിന്‍ കെ. ബവാസ് (32), ചുള്ളിയോട് പനച്ചമൂട്ടില്‍ വീട്ടില്‍ പി. അജിന്‍ ബേബി (32) എന്നിവരെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ സംഭവത്തില്‍ അഞ്ചുപേര്‍ പിടിയിലായി.
സെപ്റ്റംബർ 22ന് രാത്രിയില്‍ പൂതിക്കാടുള്ള റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറിയാണ് ഇവര്‍ പരാതിക്കാരനെയും സുഹൃത്തിനെയും ആക്രമിച്ച് ഗുരുതര പരിക്കേല്‍പ്പിച്ചത്. റിസോര്‍ട്ടിന് നാശനഷ്ടം വരുത്തുകയും ചെയ്തു. നാശനഷ്ടം, ആയുധമുപയോഗിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.