കഴിഞ്ഞ ദിവസം കൃഷിയിടത്തോട് ചേർന്നുള്ള വനമേഖലയിൽ എത്തിയ കാട്ടാന
നൂൽപുഴ: വനാതിർത്തികളിലെ പ്രതിരോധ സംവിധാനങ്ങൾ തകർന്നതോടെ കാട്ടാനശല്യത്തിൽ പൊറുതി മുട്ടി കർഷകർ. നൂൽപ്പുഴ പഞ്ചായത്തിലെ മാറോട് ഗ്രാമത്തിലെ കർഷകർക്കാണ് സ്ഥിരമായെത്തുന്ന കാട്ടാനകൾ ഭീഷണിയാകുന്നത്.
കഴിഞ്ഞ വർഷം കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചതിനെതുടർന്ന് സ്ഥലത്തെത്തിയ മന്ത്രിമാർ കാട്ടാന ശല്യം തടയുന്നതിന് നൽകിയ ഉറപ്പുകൾ ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ചക്ക, മാങ്ങ തുടങ്ങിയവ പാകമായതോടെ ദിവസവും കാട്ടാനകൾ ജനവാസ കേന്ദ്രത്തിലെത്തുകയാണ്.
ഇരുട്ടിയാലെത്തുന്ന കാട്ടാനകൾ നേരം പുലരുവോളം കാർഷിക വിളകൾ നശിപ്പിച്ചും തിന്നും കൃഷിയിടത്തിൽ തങ്ങും. പലപ്പോഴും വീടുകൾക്ക് സമീപം വരെയെത്തുന്നത് കാരണം കടുത്ത ഭീതിയിലാണ് പ്രദേശവാസികൾ. പ്ലാവുകളും മാവുകളും കുലുക്കിയും ചവിട്ടിമറിച്ചിട്ടുമാണ് ഇവ നശിപ്പിക്കുന്നത്.
കാട്ടാന എത്തിയാൽ തിരിച്ചടിക്കാൻ ടോർച്ചടിച്ചാൽ ആളുകൾക്ക് നേരെ ചീറിയടുക്കുന്നതും പതിവായിട്ടുണ്ട്. കഴിഞ്ഞ വർഷം കാട്ടാനയുടെ ആക്രമണത്തിൽ ഇവിടെ കർഷകൻ മരിച്ചപ്പോൾ കുറച്ചു ഭാഗം മാത്രമാണ് കിടങ്ങ് നവീകരിക്കുകയും തൂക്കുവേലി സ്ഥാപിക്കുകയും ചെയ്തത്.
മറ്റിടങ്ങളിൽ കിടങ്ങുകൾ നശിച്ച അവസ്ഥയിലാണ്. ഇതിലൂടെയാണ് കാട്ടാനകൾ കൃഷിയിടത്തിലേക്കും ജനവാസകേന്ദ്രത്തിലേക്കും പ്രവേശിക്കുന്നത്. പ്രദേശത്തെ തെരുവുവിളക്കുകളിൽ മിക്കതും കണ്ണടച്ച അവസ്ഥയാണ്. കാട്ടാന കാരണം വൈകുന്നേരമായാൽ ആളുകൾ പുറത്തിറങ്ങാൻ ഭയപ്പെടുന്നു. ദൂരെ ദിക്കിൽനിന്ന് ജോലി കഴിഞ്ഞ് വരുന്നവർ ഏറെ ഭീതിയിലാണ് രാത്രി വീട്ടിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.