മീനങ്ങാടി പഞ്ചായത്ത് ശ്രീകണ്ഠ ഗൗഡർ സ്റ്റേഡിയം
സുൽത്താൻ ബത്തേരി: പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മീനങ്ങാടി ശ്രീകണ്ഠപ്പ സ്റ്റേഡിയത്തിൽ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത ഏറെ. പ്രദേശത്ത് നിരവധി കായിക താരങ്ങളുണ്ടായിട്ടും സ്റ്റേഡിയത്തോടുള്ള അധികൃതരുടെ അവഗണന ഏറെ ആക്ഷേപങ്ങൾക്കിടയാക്കുന്നുണ്ട്.
ഫണ്ട് ലഭ്യമാകുന്നതോടെ ഇവിടെ രാജ്യാന്തര നിലവാരത്തിൽ 400 മീറ്റർ ട്രാക്ക്, ഫുട്ബാൾ കോർട്ട് തുടങ്ങിയവയെല്ലാം വരുമെന്ന് അധികൃതർ പറയാൻ തുടങ്ങിയിട്ട് കാലങ്ങൾ കടന്നുപോയി.
ചെറിയ മഴ പെയ്താൽ ഗ്രൗണ്ട് നിറയെ വെള്ളക്കെട്ടും ചളിയുമാണ്. സുരക്ഷ വേലികളെല്ലാം പലയിടങ്ങളിലും നശിച്ചു. സ്റ്റേഡിയത്തിലേക്ക് രണ്ട് കവാടങ്ങൾ. രണ്ടും പരിതാപ സ്ഥിതിയിൽ. പല ഭാഗത്തും കാടുകയറി. ടൗണിനോടു ചേർന്ന ഭാഗങ്ങളിൽ സുരക്ഷ മതിലുകളില്ല. പനമരം റോഡിൽനിന്ന് സ്റ്റേഡിയത്തിലേക്കു കയറുന്ന ഭാഗത്ത് മലിനജലം കെട്ടിക്കിടക്കുകയാണ്. ഡ്രസിങ് റൂമിനു സമീപവും മാലിന്യം കെട്ടിക്കിടക്കുകയാണ്. ഇതുവഴി സൂക്ഷിച്ചു നടന്നില്ലെങ്കിൽ എലിപ്പനി ഉറപ്പാണ്.
2009-10 കാലഘട്ടത്തിൽ നിർമിച്ചതാണ് ഡ്രസിങ് റൂം. അന്ന് 17 ലക്ഷം ചെലവാക്കി. ഈ കെട്ടിടംകൊണ്ട് കായികതാരങ്ങൾക്ക് എത്രമാത്രം ഗുണമുണ്ടായി എന്നത് സംശയമുണ്ടാക്കുന്ന കാര്യമാണ്. കെട്ടിടത്തിന്റെ അവസ്ഥ ഇപ്പോൾ അത്രമേൽ ദയനീയം.
ഇതൊക്കെയാണെങ്കിലും ഫുട്ബാൾ പരിശീലനവും മറ്റു കായിക പരിശീലനങ്ങളും സ്റ്റേഡിയത്തിൽ ഇപ്പോഴും നടക്കുന്നുണ്ട്. ഫുട്ബോൾ പരിശീലനം കഴിഞ്ഞു തിരിച്ചുപോകുന്ന കായിക താരങ്ങളെ കണ്ടാൽ 'മഡ് ഫുട്ബാൾ' കഴിഞ്ഞു പോകുന്നതുപോലെയാണ് തോന്നുക. സമയബന്ധിതമായ ഒരു അറ്റകുറ്റപ്പണിയോ കായിക താരങ്ങളെ മുന്നിൽ കണ്ടുള്ള മറ്റ് ഒരുക്കങ്ങളോ അടുത്ത കാലത്തൊന്നും ഇവിടെ നടത്തിയിട്ടില്ല.
ഒരുവർഷം മുമ്പ് സ്റ്റേഡിയത്തിന്റെ നവീകരണ പ്രവൃത്തികൾക്കുവേണ്ടി സർക്കാർ അഞ്ചുകോടി രൂപയുടെ ഭരണാനുമതി കൊടുത്തതായി പ്രചാരണമുണ്ടായി. ശേഷം ആ തുകയെക്കുറിച്ച് യാതൊരു വിവരവുമില്ല. സ്റ്റേഡിയം ചളിക്കുളമാകുന്ന സാഹചര്യം ഒഴിവാക്കാനുള്ള നടപടികളെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തരമായി ഉണ്ടാകേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.