മീനങ്ങാടിയിൽ പിടിമുറുക്കി മയക്കുമരുന്ന് മാഫിയ; ഉപഭോക്താക്കളിൽ കൂടുതലും യുവാക്കൾ

സുൽത്താൻ ബത്തേരി: രണ്ട് ദിവസത്തിനുള്ളിൽ അതിമാരക മയക്കുമരുന്നുകളുമായി അഞ്ച് യുവാക്കൾ പിടിയിലായത് മീനങ്ങാടിയിൽ മയക്കുമരുന്ന് ഉപഭോക്താക്കൾ വർധിക്കുന്നതിന്റെ സൂചന. കഴിഞ്ഞ ഒരു മാസത്തിനിടയിൽ 28 മയക്കുമരുന്ന് കേസുകൾ ഇവിടെ ഉണ്ടായിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.

ഉപയോഗിക്കുന്നവർക്ക് കൈമാറ്റം ചെയ്യാനാണ് വിൽപനക്കാരായ കണ്ണികൾ എത്തുന്നത്.പനമരം റോഡിൽ നിന്നും നിരവധി തവണ മയക്കുമരുന്നുമായി വിവിധ ആളുകൾ പിടിയിലായിട്ടുണ്ട്. പഞ്ചായത്ത് സ്റ്റേഡിയം, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിലും സുരക്ഷിത ഇടമായി കുറ്റകൃത്യം ചെയ്യുന്നവർ ഉപയോഗപ്പെടുത്തുന്നു. മുത്തങ്ങ വഴിയാണ് മയക്കുമരുന്ന് ജില്ലയിൽ എത്തുന്നതെന്നാണ് പിടിയിലായവരിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന വിവരം.

മുത്തങ്ങയിൽ ഇടക്കിടെ എം.ഡി.എം.എ ഉൾപ്പെടെ പിടികൂടുന്നുണ്ടെങ്കിലും പിടിയിൽപെടാതെ ചിലരെങ്കിലും കടന്നു പോകുന്നുണ്ടെന്ന് വേണം കരുതാൻ. ലക്ഷങ്ങൾ വിലമതിക്കുന്ന തീരെ ചെറിയ അളവിലുള്ള മയക്കുമരുന്ന് കണ്ടെത്തുക പ്രയാസമാണ്. ഒറ്റുകാരാണ് പലപ്പോഴും അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കുന്നത്. ഉപഭോക്താക്കളിൽ കൂടുതലും യുവാക്കളാണ്.

കഞ്ചാവുമായി പിടിയില്‍

കല്‍പറ്റ: 140 ഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. മുട്ടില്‍ സൗത്ത് കൊട്ടാരം വീട്ടില്‍ പി.വി. അജ്മലിനെയാണ്(27) എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ പി. ബാബുരാജിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഓട്ടോയില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് കണ്ടെടുത്തത്.

ഓട്ടോയും അതിൽ കഞ്ചാവ് തൂക്കാൻ ഉപയോഗിക്കുന്ന മിനി ഡിജിറ്റല്‍ തുലാസും കസ്റ്റഡിയിലെടുത്തു. പ്രിവന്റിവ് ഓഫിസര്‍ എം.ബി. ഹരിദാസന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ. ജോണി, പി.ഡി. അരുണ്‍, ഡ്രൈവര്‍ എ. സന്തോഷ്‌കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് വാഹനപരിശോധന നടത്തിയത്.

സുൽത്താൻ ബത്തേരി: അമ്മായിപ്പാലത്ത് നടത്തിയ പരിശോധനയിൽ വിൽപനക്കായി സൂക്ഷിച്ച 150 ഗ്രാം കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിലായി. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി പിന്റു (32) ആണ് പിടിയിലായത്. അറസ്റ്റ് ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കി.

വയനാട് ജില്ല പൊലീസ് മേധാവിയുടെ കീഴിലുള്ള ജില്ല ലഹരി വിരുദ്ധ സേനാംഗങ്ങളും സുൽത്താൻ ബത്തേരി എസ്.ഐ പി.ഡി. റോയിച്ചനും സംഘവും സംയുക്തമായാണ് പരിശോധന നടത്തിയത്.

Tags:    
News Summary - Drug mafia in Meenangadi; Most of the consumer are young people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.