representational image

വയനാട് ജില്ലയിൽ വനം വകുപ്പിന്‍റെ കൺട്രോൾ റൂം തുറന്നു

 സുൽത്താൻ ബത്തേരി: ജില്ലയിൽ വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട പരാതികളും മറ്റു വിവരങ്ങളും അറിയിക്കുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനുമായി വനംവകുപ്പിന്‍റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു.

വന്യജീവി ആക്രമണം രൂക്ഷമായ ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും സുരക്ഷനടപടികൾ സ്വീകരിക്കുന്നതിനുമായി കൺട്രോൾ റൂം ആരംഭിക്കണമെന്നത് ദീർഘനാളായുള്ള ആവശ്യമാണ്.

കുപ്പാടി നാലാംമൈലിലെ മൃഗപരിപാലന കേന്ദ്രത്തോട് അനുബന്ധിച്ചാണ് ഡിസംബർ ഒന്ന് മുതൽ കൺട്രോൾ റൂമിന്‍റെ പ്രവർത്തനം ആരംഭിച്ചതെന്ന് വയനാട് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററും വൈൽഡ് ലൈഫ് വാർഡനുമായ അബ്ദുൽ അസീസ് അറിയിച്ചു. പിടികൂടുന്ന കടുവകളെ പാർപ്പിക്കുന്ന കേന്ദ്രമാണ് കുപ്പാടിയിലേത്.

പൊതുജനങ്ങൾക്ക് പുറമെ ജനപ്രതിനിധികൾക്കും വന്യജീവി ആക്രണമോ മറ്റു വനംവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലോ ഉള്ള ആക്ഷേപങ്ങളും പരാതികളും നിർദേശങ്ങളും അറിയിക്കാവുന്നതാണ്. ഇത്തരത്തിൽ ലഭിക്കുന്ന വിവരങ്ങൾ കൺട്രോൾ റൂമിൽ നിന്നും ഉടനടി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറും.

സ്വീകരിച്ച നടപടികൾ രേഖപ്പെടുത്തപ്പെടുകയും ചെയ്യും. തുടർ നടപടികളുടെ വിവരങ്ങൾ പരാതി അറിയിച്ചവരെ തിരികെ വിളിച്ചും അറിയിക്കുമെന്നും അധികൃതർ പറഞ്ഞു. വയനാട് വൈൽഡ് ലൈഫ് ഡിവിഷന് കീഴിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. അസി.ഫോറസ്റ്റ് കൺസർവേറ്റർക്കാണ് കൺട്രോൾ റൂമിന്‍റെ ചുമതല.

ഒക്ടോബർ 31ന് വനം- വന്യജീവി വകുപ്പു മന്ത്രിയുടെ അധ്യക്ഷതയിൽ ബത്തേരി ഗജ ഇൻസ്പെക്ഷൻ ബംഗ്ലാവിൽ നടന്ന ജനപ്രതിനിധികളുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിൽ, ജില്ലയിൽ വനം വകുപ്പിന്‍റെ കൺട്രോൾ റും തുറക്കുന്നതിന് തീരുമാനിച്ചിരുന്നു.

ജില്ലയിലെ ഓരോ സ്ഥലത്തും വന്യജീവി ആക്രമണം ഉണ്ടാകുമ്പോൾ വിവരങ്ങൾ വേഗത്തിൽ വനം വകുപ്പിനെ അറിയിക്കാനും തുടർ നടപടികൾ വേഗത്തിലാക്കാനും കൺട്രോൾ റൂമിന്‍റെ പ്രവർത്തനം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കേണ്ട കൺട്രോൾ റൂം ഫോൺ നമ്പർ: 04936 227500, 9446277500

Tags:    
News Summary - control room of the forest department was opened in Wayanad district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.