വയനാട് മുത്തങ്ങക്കു സമീപം പുഴയില്‍ ചൂണ്ടയിടുന്ന വിദ്യാര്‍ഥികള്‍

മുത്തങ്ങ എല്‍.പി സ്‌കൂളിൽ കുട്ടികൾ ഇനി 'മീൻ പിടിച്ച്' പഠിക്കും

കല്‍പറ്റ: ബത്തേരി വിദ്യാഭ്യാസ ഉപജില്ലയിലെ മുത്തങ്ങ ഗവ. എല്‍.പി സ്‌കൂളില്‍ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ മീന്‍ പിടിത്തവും പാഠ്യ പദ്ധതിയുടെ ഭാഗമാക്കി. വിദ്യാലയത്തില്‍നിന്നു ആദിവാസി കുട്ടികള്‍ കൊഴിഞ്ഞുപോകുന്നതു തടയുന്നതിനാണ് മീന്‍പിടിത്തം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. പുഴയില്‍ ചൂണ്ടയെറിഞ്ഞും കുട്ടപിടിച്ചും മീന്‍ പിടിക്കാന്‍ കുട്ടികള്‍ക്കു അവസരമായതോടെ കൊഴിഞ്ഞുപോക്കിനും താൽകാലിക വിരാമമായി.

കുട്ടികളില്‍ കുറേ പേര്‍ വിദ്യാലയത്തില്‍ എത്താതായപ്പോള്‍ അധ്യാപകര്‍ കൊഴിഞ്ഞുപോക്കിന്‍റെ കാരണം തേടി ഇറങ്ങി. കുട്ടികളില്‍ പലരും പുഴയില്‍ മീന്‍ പിടിച്ചും അടക്ക പെറുക്കിയും നേരം പോക്കുകയാണെന്നു കണ്ടെത്തി. ഇക്കാര്യം അധ്യാപകര്‍ വയനാട് ഡയറ്റിലെ ലക്ചറര്‍മാരായ ഡോ. അഭിലാഷ് ബാബു, സതീഷ് ചന്ദ്രന്‍ എന്നിവരുമായി പങ്കുവെച്ചു. ഇതാണ് വിദ്യാലയത്തില്‍ മീന്‍പിടിത്തവും പാഠ്യപദ്ധതിയുടെ ഭാഗമാകുന്നതിനു ഇടയാക്കിയത്. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കുന്നതിനു ചൂണ്ട എന്ന പേരിലാണ് പദ്ധതി തയാറാക്കിയത്.


ക്ലാസ് സമയം അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ പുഴയിലെത്തി പരമ്പരാഗത രീതിയില്‍ മീന്‍ പിടിക്കുന്നതാണ് പദ്ധതി. എസ്.സി.ഇ.ആര്‍.ടി.യുടെയും വയനാട് ഡയറ്റിന്‍റെയും പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കിയത്. ഗോത്ര ജീവിതവുമായി ബന്ധപ്പെടുത്തിയ പാഠ്യപദ്ധതി വിദ്യാര്‍ഥികള്‍ക്കു പ്രിയമുള്ളതായി മാറിയെന്നു സ്‌കൂള്‍ പ്രധാനാധ്യാപിക സൈനബ ചേനക്കല്‍ പറഞ്ഞു.


Tags:    
News Summary - choonda programme at muthangha L.P School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.