കോഴിയിറച്ചി: ജില്ലയെ സ്വയംപര്യാപ്തമാക്കാൻ 51 കോടിയുടെ ബ്രഹ്മഗിരി പദ്ധതി

സുൽത്താൻ ബത്തേരി: കോഴിയിറച്ചി ഉൽപാദനത്തിൽ വയനാടിനെ സ്വയംപര്യാപ്തതയിലെത്തിക്കാൻ മഞ്ഞാടി കേന്ദ്രമായുള്ള ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി പദ്ധതി തയാറാക്കുന്നു. 51 കോടി രൂപ ചെലവഴിച്ചാണ് കർഷകരെ കോഴി വളർത്തലിലേക്ക് ആകർഷിക്കുന്നത്.

രണ്ടുവർഷത്തിനുള്ളിൽ ലക്ഷ്യം സാധിക്കാമെന്ന വിശ്വാസത്തിലാണ് അധികൃതർ. കോഴിയിറച്ചി ഉൽപാദനം വിപുലമാക്കാൻ 2000 കോഴിഫാമുകളാണ് ജില്ലയിൽ പുതുതായി തുടങ്ങുക. ഇതിനായി കർഷകർക്ക് ഈടില്ലാതെ വായ്പ നൽകും. 1000 കോഴികളെ വളർത്തുന്ന കർഷകന് ഒന്നര ലക്ഷവും 2000 കോഴികളെ വളർത്തുന്നവർക്ക് മൂന്നു ലക്ഷവുമാണ് വായ്പ. ഏഴുശതമാനമാണ് പലിശ. മൂന്ന് ശതമാനം സബ്സിഡിയുണ്ട്. ഫലത്തിൽ നാല് ശതമാനമേ കർഷകന് പലിശയുണ്ടാകു. എട്ടര ശതമാനം പലിശ നിരക്കിൽ അഞ്ചുലക്ഷം വായ്പയെടുത്ത് 3000 കോഴിക്കുഞ്ഞുങ്ങളെ വളർത്തുന്ന പദ്ധതിയുമുണ്ട്. ഈ വായ്പക്ക് ഈടുവെക്കണം. കേരള ബാങ്കാണ് വായ്പ നൽകുക. സ്വകാര്യ കമ്പനികളെ ആശ്രയിച്ച് കോഴിഫാം നടത്തുന്ന കർഷകന് നിലവിൽ ഒരുകിലോ ഇറച്ചിക്കോഴി കൊടുക്കുമ്പോൾ ആറുരൂപ വരെയാണ് ലഭിക്കുന്നത്.

ബ്രഹ്മഗിരിയിൽ കർഷകന് വളർത്തുകൂലിയായി ഒരു കിലോക്ക് എട്ടുമുതൽ 11 രൂപ വരെ ലഭിക്കും. കോഴി വളർത്തി ബ്രഹ്മഗിരിക്ക് കൊടുക്കുന്ന ഫാമുടമകൾക്ക് മറ്റ് വിപണന കാര്യങ്ങളൊന്നും ചിന്തിക്കേണ്ടതില്ല. കോഴിയിറച്ചി വിപണിയിൽ വൻകിട കച്ചവടക്കാരുടെ കുത്തക അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ബ്രഹ്മഗിരി പദ്ധതി തയാറാക്കിയിട്ടുള്ളത്. കോഴിയിറച്ചിയുടെ കയറ്റുമതിയും ലക്ഷ്യത്തിലുണ്ട്. വയനാടിനുപുറമെ മലപ്പുറം, പാലക്കാട് ജില്ലകളിലും കോഴിയിറച്ചി ഉൽപാദനം പ്രോത്സാഹിപ്പിക്കാൻ ശ്രമങ്ങളുണ്ട്. മലപ്പുറം, പാലക്കാട് ജില്ലകളിൽ അഞ്ചുവർഷം കൊണ്ട് 5000 പുതിയ ഫാമുകൾ സ്ഥാപിക്കാനാണ് ബ്രഹ്മഗിരി ലക്ഷ്യമിട്ടിരിക്കുന്നത്.

കോഴിഫാമുകൾക്കുപുറമെ പോത്ത്, ആട്, താറാവ്, കാട, മുയൽ ഫാമുകൾ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളും ബ്രഹ്മഗിരിയുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

കലക്ടറേറ്റിൽ യോഗം ചേരും

സുൽത്താൻ ബത്തേരി: മാംസോൽപാദനത്തിൽ വയനാടിനെ സ്വയംപര്യാപ്തതയിൽ എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി ചൊവ്വാഴ്ച നാലിന് കൽപറ്റ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിപുലമായ യോഗം ചേരുമെന്ന് ബ്രഹ്മഗിരി-കേരള ബാങ്ക് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ല പ്ലാനിങ് സമിതി, കേരള ബാങ്ക്-ബ്രഹ്മഗിരി പ്രതിനിധികൾ, വിവിധ സർക്കാർ വകുപ്പുകൾ എന്നിവർ പങ്കെടുക്കും. ബ്രഹ്മഗിരി ചെയർമാൻ പി. കൃഷ്ണപ്രസാദ്, കേരള ബാങ്ക് ഡയറക്ടർ പി. ഗഗാറിൻ, വൈസ് ചെയർമാൻ അമ്പി ചിറയിൽ, സുരേഷ് താളൂർ, പി.കെ. സുരേഷ്, പി.എസ്. ബാബുരാജ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Chicken: To make the district self-sufficient, 51 crore Brahmagiri project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.