representative image
സുൽത്താൻ ബത്തേരി: മൂന്ന് വർഷമായി പുതുക്കി പണിയൽ നടക്കുന്ന ബീനാച്ചി - പനമരം റോഡിൽ ജലവകുപ്പിെൻറ കുഴിയെടുക്കൽ. കുഴിയിൽ വീണ് രണ്ട് ഓട്ടോ യാത്രക്കാർക്ക് പരിക്കേറ്റത് നാട്ടുകാരുടെ പ്രതിഷേധത്തിനും വഴി തടയലിനും ഇടയാക്കി. എം.എൽ.എ ഇടപെട്ടാണ് പ്രശ്നം താൽക്കാലികമായി പരിഹരിച്ചത്. ഞായറാഴ്ച രാത്രി രോഗികളേയും കൊണ്ട് സുൽത്താൻ ബത്തേരിക്ക് വന്ന ഓട്ടോയാണ് മൂന്നാനക്കുഴി അമ്മായിക്കവലയ്ക്കടുത്ത് അപകടത്തിൽപെട്ടത്.
ടാറിങ്ങിന് മുന്നോടിയായി ഇവിടെ റോഡ് നിരപ്പാക്കിയിരുന്നു. ഇതിനിടയിൽ ജലവകുപ്പ് വലിയ കുഴിയെടുത്തു. എന്നാൽ, സൂചന ബോർഡുകളൊന്നും സ്ഥാപിച്ചില്ല. ഓട്ടോ കുഴിയിൽ വീണ് മറിഞ്ഞു. കോളേരി പടിഞ്ഞാറോട്ട് ജയൻ, മാതാവ് അന്നമ്മ എന്നിവർക്കാണ് പരിക്കേറ്റത്. തലക്ക് പരിക്കേറ്റ അന്നമ്മ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച രാവിലെ ഓട്ടോ തൊഴിലാളികളും നാട്ടുകാരും അമ്മായിക്കവലയിൽ കുഴിക്ക് സമീപം റോഡ് തടയുകയായിരുന്നു. സ്ഥലത്തെത്തിയ ജലവകുപ്പ്, പൊതുമരാമത്ത് ഉദ്യോഗസ്ഥരുമായി നാട്ടുകാർ വാക്കേറ്റമുണ്ടായി. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, പൂതാടി പഞ്ചായത്ത് പ്രസിഡൻറ് മേഴ്സി സാബു, മെംബർ മിനി പ്രകാശൻ എന്നിവർ സമരക്കാരും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. പരിക്കേറ്റ് ചികിത്സയിലുള്ളവരുടെ ചെലവുകൾ ജലവകുപ്പ് ഏറ്റെടുത്തു. ഓട്ടോയുടെ തകരാറുകളും പരിഹരിച്ചു കൊടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.