സുൽത്താൻ ബത്തേരി: കേന്ദ്ര ബജറ്റിൽ രാജ്യത്തെ 200 ജില്ല ആശുപത്രികളിൽ കാൻസർ സെന്റർ തുടങ്ങുമെന്ന പ്രഖ്യാപനം വന്നെങ്കിലും വയനാട് ജില്ലയിൽ ജില്ല ആശുപത്രി ഇല്ലാത്തതിനാൽ ഈ പദ്ധതി നഷ്ടപ്പെടാൻ സാധ്യത. മാനന്തവാടി ജില്ല ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തിയ സാഹചര്യത്തിലാണ് കാൻസർ സെന്റർ വയനാടിന് നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടായിരിക്കുന്നത്.
മാനന്തവാടിയിൽ ജില്ല ആശുപത്രി ഇല്ലാതായത് മുതൽ സുൽത്താൻബത്തേരി താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ആശുപത്രിയെ ജില്ല ആശുപത്രിയാക്കി ഉയർത്തണമെന്ന് ആവശ്യം ഉയരുന്നുണ്ട്. സുൽത്താൻബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ, ജില്ല പഞ്ചായത്ത് എന്നിവർ ഇക്കാര്യം സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
തുടർന്ന് നിർദേശം സമർപ്പിക്കാൻ മാസങ്ങൾക്ക് മുൻപ് ആരോഗ്യ വകുപ്പ് ഡയറക്ടർ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിക്കും താലൂക്ക് ആശുപത്രി സൂപ്രണ്ടിനും കത്തെഴുതി. ജനുവരി ആദ്യവാരം ചേർന്ന ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ ഇക്കാര്യം ചർച്ചക്കെടുക്കാൻ ഭരണനേതൃത്വം തയാറായില്ല. ഇത് ഏറെ വിവാദങ്ങൾക്കും വഴിവച്ചിരുന്നു.
താലൂക്ക് ആശുപത്രിയെ ജില്ല ആശുപത്രിയാക്കണമെന്നും, ആശുപത്രി ജില്ല പഞ്ചായത്തിന് വിട്ടുകൊടുക്കാൻ തയാറാണെന്നും ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അന്ന് അറിയിച്ചിരുന്നുവെങ്കിൽ കേന്ദ്രസർക്കാറിന്റെ പുതിയ പദ്ധതി വയനാട്ടിൽ വരാൻ സാധ്യത കൂടുമായിരുന്നു.
നിലവിൽ ജില്ല ആശുപത്രിയില്ലാത്ത അവസ്ഥയിൽ കേന്ദ്ര സർക്കാറിനോട് ബജറ്റ് പദ്ധതി ശക്തമായി ആവശ്യപ്പെടാൻ വരെ കഴിയില്ല.കഴിഞ്ഞദിവസം ചേർന്ന ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയെ ജില്ല ആശുപത്രിയാക്കാനുള്ള ആവശ്യത്തിന് ഭരണനേതൃത്വം അനുകൂല നിലപാട് എടുത്തതായിട്ടാണ് അറിയുന്നത്. ഇനി പല ഘട്ടങ്ങൾ കഴിഞ്ഞ് ജില്ല ആശുപത്രിയായതിനുശേഷം കേന്ദ്ര ഗവൺമെന്റിന്റെ പുതിയ പദ്ധതി വയനാട്ടിൽ നടപ്പാക്കാനുള്ള സാധ്യതയില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സുൽത്താൻ ബത്തേരി: പൂർണമായും കേന്ദ്ര സർക്കാർ ഫണ്ട് കൊണ്ട് പ്രവർത്തിക്കുന്ന ഒരു കാൻസർ സെന്റർ വയനാട്ടിൽ വരാനുള്ള സാധ്യതയാണ് സി.പി.എം ഇല്ലാതാക്കിയതെന്ന് മുസ് ലിം ലീഗ് സുൽത്താൻ ബത്തേരി നിയോജകമണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
ആരോഗ്യ വകുപ്പ് ഡയറക്ടർ ആവശ്യപ്പെട്ട ഉടനെതന്നെ താലൂക്കാശുപത്രിയെ ജില്ല ആശുപത്രിയിക്കാനുള്ള ശ്രമം ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നെങ്കിൽ ഇതിനോടകം തന്നെ ബത്തേരി താലൂക്കാശുപത്രി ജില്ല ആശുപത്രിയാകുമായിരുന്നു. എന്നാൽ, ബ്ലോക്ക് പഞ്ചായത്തിലെ സി.പി.എം നേതൃത്വത്വം ആ നീക്കത്തെ തുടക്കത്തിൽ എതിർക്കുകയാണ് ചെയ്തത്.
ജില്ലാ മുസ് ലിം ലീഗ് സെക്രട്ടറി ടി. മുഹമ്മദ്, നിയോജകമണ്ഡലം പ്രസിഡന്റ് എം.എ. അസൈനാർ, പി.പി. അയ്യൂബ്, അബ്ദുല്ല മാടക്കര, വി. ഉമ്മർ ഹാജി, കെ. നൂറുദ്ദീൻ, സമദ് കണ്ണിയൻ, ഷബീർ അഹമ്മദ്, മുസ്തഫ കണ്ണൊത്ത്, കെ.പി. അഷ്കർ, അസിസ് വെങ്ങുർ, ഇ.പി. ജലീൽ, സി.കെ. മുസ്തഫ തുടങ്ങിയവർ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.