വയനാടാകെ 4ജി; ജില്ലയിൽ എല്ലായിടത്തും ടെലികോം വികസനം ശക്തമാക്കാൻ തീരുമാനം
കൽപറ്റ: വയനാട്ടിൽ ടെലികോം രംഗത്ത് കൂടുതൽ വികസനം സാധ്യമാക്കാൻ തീരുമാനം. എല്ലായിടത്തും 4ജി നെറ്റ്്വർക്ക് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും. ഇതിന്‍റെ ഭാഗമായി ജില്ലയിലെ ടെലികോം അധിഷ്ഠിത വിഷയങ്ങൾ വിലയിരുത്തുന്നതിനും തുടർനടപടികൾ ഏകോപിപ്പിക്കുന്നതിനുമായി അഡീഷണൽ ജില്ല മജിസ്‌ട്രേറ്റ് കെ. അജീഷിന്‍റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ആസ്പിരേഷൻ ജില്ലയായ വയനാട്ടിൽ ടെലികോം രംഗത്ത് സമഗ്ര വികസനം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കാനും തീരുമാനമായി.
ജില്ലയിൽ ഇതുവരെ 4ജി കണക്ഷനുകളില്ലാത്ത മേഖലകളിൽ കണക്ഷൻ ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കും. ജില്ലയിലെ ചിലയിടങ്ങളിൽ ഫോർജി നെറ്റ്‌വർക്ക് ശരിയായി ലഭിക്കുന്നില്ല. ഇതിനാൽ ഓൺലൈൻ പണികൾ, വിദ്യാർഥികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ, വീഡിയോ കോൾ, യു.പി.ഐ പേയ്മെന്റ് എന്നിവയൊക്കെ ഏറെ ബുദ്ധിമുട്ടാണ്. ഇതിനാലാണ് എല്ലായിടത്തും 4ജി സാധ്യമാക്കാനുള്ള നടപടിയിലേക്ക് അധികൃതർ കടക്കുന്നത്.
ജില്ലാ ടെലികോം കമ്മിറ്റി യോഗങ്ങൾ കൃത്യസമയത്ത് വിളിക്കുക, ടെലികോം സേവനങ്ങളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളിൽ സമയബന്ധിതമായി പരിഹാരം കാണുക തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.
ടെലികോം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ രാമേശ്വർ ധരിവാൾ, അസിസ്റ്റന്റ് ഡയറക്ടർ വി.ഐ. അജീബ്, ബി.എസ്.എൻ.എൽ ഡി.ജി.എം എം.എ. സതീഷ്, എ.ജി.എം ബി.ടി. രാമചന്ദ്ര, ഐ.ടി മിഷൻ ജില്ല പ്രോഗ്രാം മാനേജർ എസ്. നിവേദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.