പനമരം: നടവയൽ റോഡിലെ ഗതാഗതം തടസ്സപ്പെടാനുള്ള കാരണം പാലം നിർമിക്കുന്ന കരാറുകാരന്റെയും പി.ഡബ്ല്യു.ഡിയുടെയും ഉദാസീനത. പുതുതായി നിർമിക്കുന്ന പാലത്തിന്റെ അരിക് കെട്ടാൻവേണ്ടി പഴയ പാലം അപ്രോച്ച് റോഡിന്റെ സൈഡ് കെട്ട് മണ്ണുമാന്തി യന്ത്രംകൊണ്ടു മാന്തിയതാണ് റോഡിനു വിള്ളൽ വീഴാൻ കാരണമായത്. ചെറിയ പാലത്തിന്റെ സംരക്ഷണഭിത്തി ഇതോടെ തകർന്നു. മൂന്നുദിവസമായി കനത്ത മഴയാണ്.
രണ്ടുവർഷം മുമ്പ് തുടങ്ങിയ പുതിയ പാലം നിർമാണം ഒച്ചിന്റെ വേഗതയിലാണ്. പാലം നിർമാണം മഴക്കുമുമ്പ് തീർക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞിരുന്നു. മഴയെയും അപകടത്തെയുംക്കുറിച്ച് ഒരു ധാരണയുമില്ലാതെ പഴയ കെട്ട് പൊളിച്ചതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം. ചെറുപുഴ നിറഞ്ഞൊഴുകുന്ന സമയം കല്ലുകെട്ട് പൊളിക്കാൻ പാടില്ലായിരുന്നു. വലിയ നിർമാണം നടക്കുന്ന സ്ഥലത്ത് ഡിപ്പാർട്ട്മെന്റ് ഓവർസിയർ ഇല്ലാതിരുന്നതും ദുരവസ്ഥക്ക് കാരണമായി.
വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് നടവയൽ റോഡിലെ ഗതാഗതം പൂർണമായും തടസ്സപ്പെടാൻ കാരണം. മാനന്തവാടി ഭാഗത്തുനിന്ന് പുൽപള്ളി-ബത്തേരി നിർവാരം നെല്ലിയമ്പം തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള നൂറുകണക്കിന് വാഹനങ്ങളാണ് ചെറുപുഴ പാലം വഴി കടന്നുപോകുന്നത്. പാലം വഴിയുള്ള ഗതാഗതം തിങ്കളാഴ്ച പൂർണമായും തടസ്സപ്പെട്ടിരുന്നു. മുപ്പതോളം സ്വകാര്യ ബസുകൾ സർവിസ് നടത്തുന്ന റോഡാണിത്. ചൊവ്വാഴ്ച ചെറിയ വാഹനങ്ങൾ കടത്തി വിടാൻ തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.