കല്‍പ്പറ്റ: രാഹുല്‍ഗാന്ധി എം.പിയുടെ ഓഫിസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തകര്‍ത്ത വിഷയവുമായി ബന്ധപ്പെട്ട് ബുധനാഴ്ച എം.പി ഓഫിസിലെത്തി ഭീഷണിപ്പെടുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, എം.എല്‍.എമാരായ അഡ്വ. ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. കേസ് അന്വേഷണത്തിന്റെ ഭാഗമായി സി.സി.ടി.വി ഉള്‍പ്പെടെ പരിശോധിക്കണമെന്ന് അങ്ങോട്ട് ആവശ്യപ്പെട്ടിട്ടും അത് നിര്‍വഹിക്കാതിരുന്ന പൊലീസ് ഓഫിസിലെത്തി ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. നോട്ടീസ് പോലും നല്‍കാതെ അര മണിക്കൂറോളം സമയം മോശമായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥര്‍ സി.സി.ടി.വി ഡി.വി.ആര്‍ പിടിച്ചെടുത്ത് കൊണ്ടുപോകുമെന്ന് പ്രഖ്യാപിക്കുകയും നോട്ടീസ് നല്‍കാന്‍ വിമുഖത കാട്ടുകയും ചെയ്തു.
അക്രമം നടത്താന്‍ പൊലീസ് തന്നെ നേതൃത്വം നല്‍കുന്നുവെന്നതിന്റെ സൂചനയാണിതെന്നും പറഞ്ഞു.
ഓഫിസ് തർക്കപ്പെട്ട സമയത്ത് സംഭവസ്ഥലത്ത് പോലുമില്ലാതിരുന്ന ആഞ്ഞിലിയില്‍ ആന്റണിയുടെ വീട് ബുധനാഴ്ച വളഞ്ഞ് നോട്ടീസ് പോലും നല്‍കാതെ നിര്‍ബന്ധിച്ച് സ്റ്റേഷനിലേക്ക് മൊഴിയെടുപ്പിക്കാനെന്ന് പറഞ്ഞ് കൊണ്ടുപോയത് രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്ന പൊലീസ് നടപടിയാണെന്നും അവർ ആരോപിച്ചു.
യഥാര്‍ഥ പ്രതികളെ പിടിക്കാതെയും അക്രമത്തിന് ഒത്താശ ചെയ്ത പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാതെയും ഛായാചിത്രവും ഓഫിസും ആക്രമിച്ച മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യാതെയും ഭരണകൂട ആജ്ഞാനുവര്‍ത്തികളായ പൊലീസ് നടത്തുന്ന നീക്കം ഒരു കാരണവശാലും അനുവദിക്കില്ല.
കേസ് അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്ന് പൊലീസിന് മുന്‍കൂട്ടി വിവരം നല്‍കിയിട്ടും ക്രിമിനലുകളെ സംരക്ഷിക്കാൻ പൊലീസ് നടത്തുന്ന ശ്രമവും അനുവദിക്കാനാവില്ലെന്ന് നേതാക്കള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.