ചൂരൽമല: ഉരുൾ തകർത്ത പുന്നപ്പുഴയിൽ അമ്പതിനായിരത്തിലധികം ക്യുബിക് മീറ്റർ ഉരുൾ അവശിഷ്ടം നീക്കി. അഞ്ച് ലക്ഷത്തിലധികം ക്യുബിക് മീറ്റർ പാറയും മരവും മണ്ണും അടങ്ങുന്ന അവശിഷ്ടമാണ് പുഴയിൽ അടിഞ്ഞത്. എട്ട് കിലോമീറ്ററിൽ ഉരുൾ ദുരന്തത്തിന് ശേഷം 6.9 കിലോമീറ്ററോളം പുഴ ഗതിമാറി ഒഴുകുകയാണ്.
പുഴയെ വീണ്ടെടുക്കാനുള്ള 195.55 കോടി പദ്ധതിയുടെ ആദ്യഘട്ടമാണ് ഇപ്പോൾ നടപ്പാക്കുന്നത്. കല്ല് വേർതിരിച്ച് പുഴയ്ക്കാവശ്യമായ സംരക്ഷണഭിത്തി കെട്ടാനാണ് തീരുമാനം. ബെയ്ലി പാലത്തിന് കരുത്തുകൂട്ടാൻ സ്ഥാപിച്ച ഗാബിയോൺ മാതൃകയിലാണ് സംരക്ഷണ ഭിത്തി ഉയരുക. പുഞ്ചിരിമട്ടം മുതൽ ചൂരൽമലവരെയുള്ള 6.9 കിലോമീറ്ററിൽ സംരക്ഷണഭിത്തി തീർക്കും.
മണ്ണുമാന്തിയടക്കം അഞ്ച് യന്ത്രം പ്രവൃത്തിപ്പിച്ചാണ് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത്. ബെയ്ലി പാലത്തിന്റെ ഇരുവശത്തുമായി 650 മീറ്ററിലെ പ്രവൃത്തിയിൽ ഭൂരിഭാഗവും പൂർത്തിയായിട്ടുണ്ട്. പുഴയെ സോണുകളായി തിരിച്ചാണ് പ്രവൃത്തി നടക്കുന്നത്. ഏറ്റവും കൂടുതൽ അവശിഷ്ടങ്ങളുള്ള പടവെട്ടിപുഴയും പുന്നപ്പുഴയും ചേരുന്നിടത്തെ പ്രവൃത്തി കഴിഞ്ഞ ദിവസം ആരംഭിച്ചു.
മണ്ണ്, പാറ തുടങ്ങിയവയുടെ ശാസ്ത്രീയ പരിശോധന നടത്തുന്ന പ്രവർത്തനം ഉടൻ ആരംഭിക്കും. കരയിലെ ഉരുൾ അവശിഷ്ടങ്ങൾ നീക്കി ഭൂമി കൃഷിക്ക് അനുയോജ്യമാക്കും. പുഞ്ചിരിമട്ടം വനത്തിലെ ഉരുൾ ഉത്ഭവ കേന്ദ്രത്തിൽ ഡിജിറ്റൽ മുന്നറിയിപ്പ് സംവിധാനം ഉൾപ്പെടെ സ്ഥാപിക്കുന്നതാണ് പദ്ധതി. ജലവിഭവ വകുപ്പാണ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.