മേപ്പാടി: ഓരോ ട്രിപ്പും പതിനഞ്ചിൽ കുറഞ്ഞ യാത്രക്കാരുമായി അവസാനിപ്പിക്കേണ്ടിവരുക, രാവിലെയും വൈകീട്ടും യാത്രക്കാർ കൂടുതലുണ്ടായാൽപോലും കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളുടെ ഭാഗമായി നിന്ന് യാത്ര അനുവാദമില്ലാത്തതിനാൽ കയറ്റാൻ പറ്റാത്ത അവസ്ഥ.
കോവിഡ് രണ്ടാം തരംഗത്തിൽ ബസ് വ്യവസായവും തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. ഓടിയാലും നിർത്തിയിട്ടാലും സാമ്പത്തിക നഷ്ടം സഹിക്കേണ്ട ഗതികേടിലാണെന്ന് സ്വകാര്യ ബസുടമകൾ. വലിയ സാമ്പത്തിക നഷ്ടം സഹിച്ചുവേണം സർവിസ് നടത്താൻ. ജില്ലയിലെ ചെറുകിട സ്വകാര്യ ബസ് സർവിസ് നടത്തുന്നവർക്ക് താങ്ങാൻ കഴിയുന്നതിനപ്പുറമാണിതെന്ന് ഉടമകൾ പറയുന്നു.
ഒരു വർഷമായി ഈ നഷ്ടം സഹിക്കുകയാണ്. കൂടുതൽ ഭാരം ഏറ്റെടുക്കാൻ പല ബസുടമകൾക്കും കഴിവില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ സർവിസ് തുടർന്ന് കൊണ്ടുപോകാൻ പ്രതിദിനം ആയിരം മുതൽ രണ്ടായിരം രൂപ വരെയെങ്കിലും ഉടമകൾ നഷ്ടം സഹിക്കേണ്ടിവരുന്നു.
ഒരു വാഹനത്തിന് മൂന്നു മാസം കൂടുമ്പോൾ 30,000 രൂപ റോഡ് നികുതി അടക്കണം. പ്രതിദിനം 333 രൂപ വരും. 68,000 രൂപ വർഷത്തിൽ ഇൻഷുറൻസ് അടക്കണം. അത് പ്രതിദിനമാക്കിയാൽ 190 രൂപ. ക്ഷേമനിധിയിലേക്ക് വർഷം 20,000 രൂപ അടക്കണം. ബസുകൾ നിർത്തിയിട്ടാലും ഈ തുക ദിവസം 600 രൂപയോളം അടക്കണം.
ഓടുന്ന ദിവസങ്ങളിൽ 6500 രൂപയിൽ കൂടുതൽ തുക ഡീസലിന് ചെലവ് വരും. ജീവനക്കാരുടെ വേതനം, അറ്റകുറ്റപ്പണികൾ, തേയ്മാനം എല്ലാം കൂടി 11,000 രൂപയെങ്കിലും ലഭിച്ചാലേ ഒരു ദിവസം നഷ്ടമില്ലാതെ സർവിസ് നടത്താൻ കഴിയൂ. ഫിനാൻസുള്ള ബസുകൾക്ക് അതിെൻറ അടവുകൂടി വരും.
നിലവിൽ യാത്രക്കാരുടെ എണ്ണം വളരെ കുറഞ്ഞു. ഓടിയാലും ദിവസം ശരാശരി 500 രൂപയെങ്കിലും ഉടമ കൈയിൽനിന്ന് ചെലവഴിക്കേണ്ടിവരുന്നു. ഇപ്പോഴത്തെ സാഹചര്യം തുടർന്നാൽ ബസുകൾ വിറ്റൊഴിവാക്കേണ്ടിവരുന്ന സ്ഥിതിയാണെന്ന് ഉടമകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.