കൽപറ്റ: കോഴിക്കോട് ജില്ലയിൽ നിപ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട്ടിലും ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക അറിയിച്ചു. രോഗവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളെ ബോധവത്കരിക്കാൻ വിവിധ നിർദേശങ്ങൾ ആരോഗ്യവകുപ്പ് നൽകി. നിപ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാകണമെന്നും ഡി.എം.ഒ അഭ്യർഥിച്ചു.
എന്താണ് നിപ:
പാരാമിക്സോ കുടുംബത്തിൽപെട്ട ആർ.എൻ.എ വൈറസ് ആണ് നിപ. മനുഷ്യരിൽ ഇതിെൻറ രോഗബാധ ഹ്യൂമൻ നിപ വൈറസ് ഇൻഫെക്ഷൻ (എൻ.ഐ.വി) എന്ന് അറിയപ്പെടുന്നു. വലിയ പഴംതീനി വവ്വാലുകളാണ് പ്രധാനമായും രോഗവാഹകർ. രോഗവാഹകരായ വവ്വാലുകൾ ഭക്ഷിച്ച അവശിഷ്ടം കഴിച്ചിട്ടുള്ള പന്നികളും മറ്റു മൃഗങ്ങളും രോഗാണുസംഭരണിയായി മാറാം. നാലു മുതൽ 14 ദിവസം വരെയാണ് ബീജ ഗർഭകാലം (ഇൻക്യുബേഷൻ).
പകരുന്നതെങ്ങനെ:
രോഗാണുബാധയുള്ള വവ്വാൽ, പന്നി എന്നിവയിലൂടെയോ രോഗബാധയുള്ള മനുഷ്യരിൽനിന്നോ രോഗം പകരാം.
പ്രകൃതിദത്ത വാഹകരിൽനിന്ന് രോഗാണു ബാധിച്ച പഴങ്ങൾ ഭക്ഷിക്കുകയോ കള്ള് ഉപയോഗിക്കുകയോ ചെയ്യുന്നതിലൂടെയും ഉണ്ടാവാം.
രോഗലക്ഷണങ്ങൾ:
മൂന്ന് മുതൽ 14 ദിവസം വരെ നീണ്ടുനിൽക്കുന്ന പനി, തലവേദന, തലകറക്കം, മയക്കം, ഛർദ്ദി, അപസ്മാരം, മസ്തിഷ്കജ്വരം, അബോധാവസ്ഥ, വിഭ്രാന്തി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.ഈ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ സ്വയം ചികിത്സിക്കാതെ എത്രയുംപെട്ടെന്ന് ആരോഗ്യകേന്ദ്രങ്ങളിൽ ചികിത്സതേടണം. രക്തപരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുക.
പ്രതിരോധ മാർഗങ്ങൾ:
1. വവ്വാൽ, മറ്റ് പക്ഷിമൃഗാദികൾ ഭാഗികമായി ഭക്ഷിച്ച പഴങ്ങൾ/ കായ്കനികൾ കഴിക്കാതിരിക്കുക.
2. വവ്വാലുകൾ ചേക്കേറുന്ന സ്ഥലങ്ങൾക്ക് സമീപമുള്ള കിണറുകൾ അവയുടെ ശരീരസ്രവങ്ങൾ വീഴാത്തവിധം അടച്ച് സൂക്ഷിക്കുക.
3. നിപ രോഗം സ്ഥിരീകരിച്ച സ്ഥലങ്ങൾ സന്ദർശിക്കാതിരിക്കുക.
4. നിപ രോഗം സ്ഥിരീകരിക്കപ്പെട്ട വ്യക്തികളുമായോ രോഗലക്ഷണങ്ങൾ ഉള്ളവരുമായോ സമ്പർക്കം ഉണ്ടാവാതിരിക്കുക.
5. വനങ്ങളിലും വവ്വാലുകൾ ചേക്കേറുന്ന സ്ഥലങ്ങളിലും സന്ദർശിക്കാതിരിക്കുക.
6. പന്നിവളർത്തൽ കേന്ദ്രങ്ങൾ, മറ്റ് ഫാമുകൾ എന്നിവ വവ്വാൽ കടക്കാത്തവിധം വലയിട്ട് സൂക്ഷിക്കുക.
6. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക.
7. വ്യക്തിശുചിത്വം പാലിക്കുക.
Nipah reappears in Kozhikode
Nipah virus, Kozhikode
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.