പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ എന്ന ലേബലിൽ വിപണിയിലിറങ്ങുന്ന കുപ്പിവെള്ളം
അയ്യോ... അത് മിനറൽ വാട്ടർ അല്ല, സാധാ കുപ്പിവെള്ളം
മേപ്പാടി: മിനറൽ വാട്ടർ എന്ന് തെറ്റിദ്ധരിപ്പിച്ച് വിപണിയിൽ എത്തുന്നത് സാധാരണ കുപ്പിവെള്ളം. ജില്ലയിൽ അടക്കം വിപണിയിൽ ലഭിക്കുന്നതിലേറെയും കുപ്പികളിൽ പാക്ക് ചെയ്ത കുടിവെള്ളമാണ്, അവ മിനറൽ വാട്ടർ അല്ല. പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ എന്ന ലേബലിൽ എത്തുന്ന കുപ്പിവെള്ളം വിപണിയിൽ ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്.
എന്നാൽ, അവയിൽ പലതും അവകാശപ്പെടുന്നത് മിനറൽ വാട്ടർ എന്നാണ്. ശരീരത്തിനാവശ്യമായ ലവണങ്ങൾ അടങ്ങിയ മിനറൽ വാട്ടർ എന്നു ധരിച്ചാണ് പലരും കുപ്പിവെള്ളം വാങ്ങുന്നത്. ഇവ രണ്ടും പെട്ടെന്ന് വേർതിരിച്ചറിയാനും പലർക്കും കഴിയുന്നുമില്ല.
എന്താണ് മിനറൽ വാട്ടർ?
കാൽസ്യം, മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം, ബൈകാർബണേറ്റ് തുടങ്ങി ശരീരത്തിന് ആവശ്യമായ ലവണങ്ങൾ അടങ്ങിയ കുപ്പിവെള്ളമാണ് മിനറൽ വാട്ടറെന്ന് പറയുന്നത്. എന്നാൽ, കടകളിൽനിന്ന് സാധാരണ 20 രൂപക്ക് വാങ്ങുന്ന വെള്ളം സാധാകുപ്പിവെള്ളം മാത്രമാണ്. ഇതിൽ ശരീരത്തിന് ആവശ്യമായ ലവണങ്ങൾ ഒന്നുമില്ല.
കുപ്പിയിലെ ലേബലിൽ Natural Mineral Water എന്ന് എഴുതിയിട്ടുണ്ടോയെന്ന് നോക്കിയാണ് മിനറൽ വാട്ടർ വാങ്ങേണ്ടത്. Packaged Drinking Water എന്നാണെങ്കിൽ അത് സാധാരണ വെള്ളം മാത്രമാണ്. സോഡിയം കുറവുള്ളതും കാൽസ്യം, മഗ്നീഷ്യം കൂടുതലുള്ളതും നോക്കി വാങ്ങണം.
ഇപ്പോൾ എല്ലാം കുപ്പിവെള്ളം
മിനറൽ വാട്ടറാണ് ആദ്യമായി വിപണിയിലിറങ്ങിയത്. പിന്നീട് പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ എന്ന ലേബൽ ഒട്ടിച്ച കുപ്പിവെള്ളം വിപണി കീഴടക്കുകയായിരുന്നു. ഇത് രണ്ടും തിരിച്ചറിയാൻ കഴിയാത്ത നിസ്സഹായാവസ്ഥയിലായി ഉപഭോക്താക്കൾ. യാത്ര പോകുമ്പോഴെല്ലാം കുപ്പിവെള്ളം കൈയ്യിൽ കരുതുന്നത് ഫാഷനായി. മിനറൽ വാട്ടർ ക്രമേണ വിപണിയിൽനിന്ന് ഏറെക്കുറെ അപ്രത്യക്ഷമായി. കുപ്പിവെള്ളത്തിൽ പായൽ അടക്കം കാണപ്പെട്ടത് ഇതിന്റെ ഗുണനിലവാരത്തെക്കുറിച്ചും ആശങ്കയുണർത്തി. ഇത് പരിശോധിക്കേണ്ട ഭക്ഷ്യസുരക്ഷ വകുപ്പാകട്ടെ നിഷ്ക്രിയമാകുകയും ചെയ്തു. യഥാർഥ മിനറൽ വാട്ടർ വിപണിയിൽ ലഭ്യമാക്കണമെന്നാണ് ഗുണഭോക്താക്കൾ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.