മാനന്തവാടി: ഏറെ കൊട്ടിഘോഷിച്ച് ഏപ്രിൽ രണ്ടിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത വയനാട് മെഡിക്കൽ കോളജിലെ കാത്ത്ലാബിന്റെ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കാൻ ധാരണ. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പ്രഖ്യാപിച്ച കാത്ത് ലാബ് അഞ്ചുവർഷം കഴിഞ്ഞാണ് ഉദ്ഘാടനം നടന്നത്.
അതു കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടെങ്കിലും പ്രവർത്തനസജ്ജമാകാത്തത് മാധ്യമങ്ങളിലും ജനങ്ങൾക്കിടയിലും പ്രതിഷേധങ്ങൾക്കിടയാക്കിരുന്നു. കാത്ത്ലാബ് പ്രവർത്തന സജ്ജമാകാത്തതും മുഖ്യമന്ത്രി തന്നെ ഉദ്ഘാടനം ചെയ്ത ഏഴുനിലകെട്ടിടത്തിൽ പ്രവർത്തനങ്ങൾ ഒന്നും തുടങ്ങാത്തതും വലിയ വാർത്തയായിരുന്നു.
കാത്ത്ലാബും ബഹുനില കെട്ടിടവും മുഖ്യ അജണ്ടയായി വെള്ളിയാഴ്ച ആശുപത്രി വികസന സമിതി യോഗം ചേർന്നു. കാത്ത്ലാബിന്റെ പ്രവൃത്തി ആഗസ്റ്റിൽ പൂർത്തിയാക്കി നൽകുമെന്നാണ് കെ.എം.സി.എൽ അധികൃതർക്ക് ഉറപ്പു നൽകിയിരിക്കുന്നത്.
യന്ത്രങ്ങൾ ഘടിപ്പിക്കേണ്ട പ്രവൃത്തി ഇനിയും പൂർത്തിയാകാനുണ്ട്. രണ്ടു ഹൃദ്രോഗ വിദഗ്ധരെ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും നടപ്പിലായിട്ടില്ല. ഒരു മാസത്തിനകം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൃദ്രോഗ വിഭാഗം ഒ.പിയും തുടങ്ങിയേക്കും. ആദ്യഘട്ടം ആഴ്ചചയിൽ മൂന്നു ദിവസത്തെ ഒ.പി തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ബഹുനില കെട്ടിടം പ്രവർത്തന സജ്ജമാകണമെങ്കിൽ പുതിയ ഉപകരണങ്ങൾ വാങ്ങിക്കണം. വയനാട് പാക്കേജിൽ ഉൾപ്പെടുത്തി അഞ്ചരക്കോടിയുടെ ഉപകരണങ്ങൾ വാങ്ങാനുള്ള നടപടിക്രമം പൂർത്തിയായിട്ടുണ്ട്.
വാങ്ങാനുള്ള അനുമതി ലഭിച്ചാൽ ബഹുനില കെട്ടിടം വേഗത്തിൽ പ്രവർത്തന സജ്ജമാകും. പട്ടികവർഗ വിഭാഗത്തിന് ചികിത്സ നൽകിയതിന്റെയും ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെയുള്ള വിവിധ പദ്ധതികളുടെയും തുക കിട്ടാൻ വൈകുന്നത് മെഡിക്കൽ കോളജിന്റെ ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.
ഈ ഇനത്തിൽ ആറുകോടിയോളം രൂപയാണ് ലഭിക്കാനുള്ളത്. ആശുപത്രി വരുമാനം കുറവായതിനാൽ താത്ക്കാലിക ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നത് പതിവാണ്. എന്നാൽ, ഇക്കാര്യമൊന്നും യോഗം ചർച്ച ചെയ്തില്ല.
യോഗത്തിൽ സമിതി ചെയർമാൻ കലക്ടർ ഡോ. രേണുരാജ് അധ്യക്ഷത വഹിച്ചു. ഒ.ആർ. കേളു എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും എച്ച്.ഡി.സി അംഗവുമായ ജസ്റ്റിൻ ബേബി, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. കെ. മുഹമ്മദ് അഷ്റഫ്, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. വി.പി. രാജേഷ്, ലേ സെക്രട്ടറി പ്രവീൺ കുമാർ, നഴ്സിങ് സൂപ്രണ്ട് ത്രേസ്യ പാറയ്ക്കൽ, ആരോഗ്യമന്ത്രിയുടെ പ്രതിനിധി സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.