1. മാനന്തവാടി പയ്യമ്പള്ളി പടമല മണിയില ബിജീഷിന്റെ വീടിനടുത്തുള്ള മാളത്തിൽനിന്ന് സുജിത്ത് വയനാട് പാമ്പിൻ കുഞ്ഞുങ്ങളെ പിടിക്കുന്നു 2. പിടിച്ച പാമ്പിൻ കുഞ്ഞുങ്ങളെ ബോട്ടിലിലാക്കിയപ്പോൾ
അതിജാഗ്രത വേണം; വിഷപാമ്പുകൾ പിറക്കുന്ന കാലമാണ്
മാനന്തവാടി: വേനൽകാലമാണ്, കനത്ത ചൂടാണ് അകത്തും പുറത്തും. ചൂടുകാലം വിഷപാമ്പുകൾ പിറക്കുന്ന കാലംകൂടി ആയതിനാൽ അതിജാഗ്രത വേണമെന്നാണ് വിദഗ്ധർ പറയുന്നത്. മാനന്തവാടി പയ്യമ്പള്ളി പടമല മണിയില ബിജീഷിന്റെ വീടിന് സമീപത്ത് മുട്ടയിൽനിന്ന് പുറത്തുവന്നത് 25 മൂർഖൻ പാമ്പിന്റെ കുഞ്ഞുങ്ങളാണ്. വീടിനടുത്ത മാളത്തിലായിരുന്നു ഇവയുണ്ടായിരുന്നത്. വടക്കേ വയനാട് വനം വകുപ്പിന്റെ പാമ്പുസംരക്ഷകൻ സുജിത്ത് വയനാടാണ് മാളം പൊളിച്ച് പാമ്പുകളെ പിടിച്ച് പാത്രത്തിലാക്കിയത്. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.
റോഡരികിൽ കാൽനടയാത്രക്കാർ മാളത്തിൽനിന്ന് തല പുറത്തേക്കിട്ട മൂർഖനെയാണ് ആദ്യം കാണുന്നത്. ഇതോടെയാണ് പാമ്പിനെ പിടിക്കാനായി സുജത്തിനെ വിളിച്ചുവരുത്തിയത്. പ്രദേശവാസികളുടെ സഹായത്തോടെ സുജത്ത് മാളം പൊളിച്ചുനോക്കിയെങ്കിലും ആദ്യം പാമ്പിനെ കണ്ടെത്താനായില്ല. പിന്നീട് മാളത്തിൽ വെള്ളം നിറച്ചപ്പോൾ പുറത്തേക്ക് വന്നത് ഒരു കുഞ്ഞു മൂർഖനായിരുന്നു. പിന്നീട് തുടരേ തുടരേ കുഞ്ഞുപാമ്പുകൾ പുറത്തേക്ക് വന്നുതുടങ്ങി. എല്ലാത്തിനേയും പിടിച്ച് ബോട്ടിലിലാക്കി. ആകെ 25 കുഞ്ഞുങ്ങളായിരുന്നു ഉണ്ടായിരുന്നത്. അവസാനം തള്ളപ്പാമ്പും പുറത്തുവന്നു. അങ്ങനെ 26 പാമ്പുകളേയും പിടികൂടി വനപാലകർക്ക് കൈമാറുകയായിരുന്നു.
ജനിക്കുമ്പോൾ തന്നെ പാമ്പിൻ കുഞ്ഞുങ്ങൾക്ക് കൊടുംവിഷം
വിഷപ്പാമ്പുകളായ വെള്ളിക്കെട്ടൻ, മൂർഖൻ, അണലി എന്നിവയുടെ കുട്ടികൾ പിറക്കുന്ന സമയമാണ് ചൂടുകാലം. അതിനാൽ ഏറെ ജാഗ്രത വേണം. വീടിനകത്തും പുറത്തും ഏറെ ശ്രദ്ധവേണം. ജനവാസ മേഖലകളിൽ ഭക്ഷണാവശിഷ്ടങ്ങൾ ധാരാളമായി കിട്ടുമെന്നതിനാൽ അതിനനുസരിച്ച് എലികളുണ്ടാവുകയും അവയൊക്കെ ധാരാളം മാളങ്ങൾ ഉണ്ടാക്കിവെക്കുകയും ചെയ്യും.
ഇത്തരം മാളങ്ങളിലും ചിതൽപുറ്റുകളിലും കൽക്കെട്ടുകളിലുമൊക്കെയാണ് പാമ്പുകൾ വസിക്കുന്നതും പ്രജനനം നടത്തുന്നതും. ജനിക്കുമ്പോൾ തന്നെ കൊടും വിഷവുമായാണ് പാമ്പിൻ കുഞ്ഞുങ്ങൾ പുറത്തേക്ക് ഇറങ്ങുക. ഇരയെന്ന് തെറ്റിദ്ധരിച്ചും പേടികൊണ്ടും സമീപത്ത് കാണുന്ന ചലിക്കുന്ന വസ്തുവിൽ ഇവ കടിച്ചേക്കാം. കടിയേറ്റാൽ പാമ്പിന്റെ കുഞ്ഞാണല്ലോ എന്ന് കരുതി അവഗണിക്കരുത്. പാമ്പ് വിഷത്തിന് ചികിത്സ ലഭ്യമായ ഏറ്റവും അടുത്തുള്ള ആശുപത്രികളിൽ ഉടനടി എത്തിക്കണം. വെള്ളിക്കെട്ടനാണ് കടിച്ചതെങ്കിൽ കടിയേറ്റ പാടുകൾ കാണാൻ കഴിഞ്ഞെന്ന് വരില്ല. തറയിൽ കിടന്നുറങ്ങുന്നവർക്കാണ് സാധാരണയായി വെള്ളിക്കെട്ടന്റെ കടിയേൽക്കാറുള്ളത്.
- വീടിനകവും പുറവും പരിശോധിക്കണം
- പാമ്പുകൾ വീടിനകത്തും കയറും. ഇതിനാൽ കിടക്കുന്നതിന് മുമ്പായി മുറി നന്നായി പരിശോധിക്കണം.
- പാമ്പുകൾ കടന്നു വരാൻ സാധ്യതയുള്ള വിടവുകൾ ഉണ്ടെങ്കിൽ അടക്കണം.
- എയർ ഹോളുകളിലും ജനാലകളിലും വായുസഞ്ചാരം ലഭ്യമായതും എന്നാൽ കൊതുക്, എലി, പാമ്പ് തുടങ്ങിയവയുടെ പ്രവേശനം തടയാനുതകുന്നതുമായ വലകൾ ഘടിപ്പിക്കണം.
- പക്ഷി-മൃഗാദികളെ വളർത്തുന്നയിടങ്ങളിൽ പാമ്പുകൾ ഇര തേടിയെത്തും. കൊടുംചൂടിൽ വെള്ളം തേടിയും തണുപ്പ് തേടിയും പാമ്പുകൾ വീടുകൾക്കുള്ളിലേക്കും വരാം.
- വളർത്തു ജീവികളും വീടിനു പരിസരത്തുള്ള കാക്ക, ബുൾബുൾ തുടങ്ങിയ പക്ഷികളും അണ്ണാനുമൊക്കെ പാമ്പുകളേ കണ്ടാൽ മറ്റു ജീവികൾക്ക് മുന്നറിയിപ്പ് നൽകാറുണ്ട്. ജീവികളുടെ അത്തരം ചേഷ്ടകൾ കണ്ടാൽ അവഗണിക്കരുത്. സുരക്ഷിതമായ അകലം പാലിച്ച് നിരീക്ഷിക്കണം.
- ജനവാസ മേഖലകളിൽ പാമ്പുകളേ കണ്ടാൽ, അവയേ നീക്കം ചെയ്യണമെന്നുണ്ടെങ്കിൽ അടുത്തുള്ള വനംവകുപ്പ് ഓഫിസുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.