വെള്ളമുണ്ട: ജില്ലയില്‍ ഡോക്ടര്‍മാർ പേരിനു മാത്രമായിരുന്ന 1970-85 കാലഘട്ടങ്ങളില്‍ തരുവണ പ്രദേശത്തുകാരുടെ ഡോക്ടര്‍ സങ്കൽപത്തില്‍ ഒരൊറ്റ പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. നാട്ടുകാരുടെ കമ്പോണ്ടർ എന്ന കുമാരന്‍ വൈദ്യർ. ചെറുതും വലുതുമായ ഏത് രോഗത്തിനും പ്രദേശങ്ങളില്‍നിന്നെല്ലാം ആദ്യം ഓടിയെത്തിയിരുന്നത് തരുവണ സ്‌കൂളിന് മുന്നിലുള്ള ശാന്ത ക്ലിനിക് എന്ന ഒറ്റ മുറിപ്പീടികയിലേക്കായിരുന്നു. ഇവിടെ ഡോക്ടറായും നഴ്‌സായും ഫാര്‍മസിസ്റ്റായും സഹായിയായുമെല്ലാം കുമാരന്‍ വൈദ്യര്‍ നിറഞ്ഞുനിന്നു. ചികിത്സയിൽ പലപ്പോഴും അവസാനവാക്കായി നാട്ടുകാര്‍ അദ്ദേഹത്തെ കണ്ടു. ചികിത്സിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ എത്രയും വേഗം മുന്തിയ ചികിത്സക്ക് റഫര്‍ ചെയ്യും.
ആധുനിക ചികിത്സ സംവിധാനങ്ങൾ കടന്നുവന്നപ്പോഴും വൈദ്യരുടെ ക്ലിനിക് ഒരുമാസം മുമ്പു വരെ സജീവമായിരുന്നു. രോഗികള്‍ക്ക് ചികിത്സ ചെലവിനെക്കുറിച്ച് ആലോചിക്കാതെ എപ്പോഴും കടന്നുവരാവുന്ന സ്ഥാപനമായിരുന്നു ഇദ്ദേഹത്തിെൻറ ക്ലിനിക്.
1967 ലാണ് തൃശ്ശൂർ സ്വദേശിയായ കുമാരൻ വൈദ്യര്‍ വയനാട്ടിലെത്തുന്നത്. പാരമ്പര്യ വൈദ്യകുടുംബത്തിലെ അംഗമായിരുന്നു. കണ്ണൂരില്‍നിന്ന് രജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്ടിഷനര്‍ യോഗ്യതയുമായി ആയുർവേദ രംഗത്തും അലോപ്പതി രംഗത്തും ചികിത്സ നടത്തി. വയനാട്ടിൽ വന്ന് ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം മിശ്രവിവാഹത്തിലൂടെ തങ്കം ജീവിതസഖിയായി. തരുവണയിൽ സ്ഥിരതാമസമായി.മരുന്ന് വില മാത്രം ഈടാക്കി ചികിത്സ നടത്തി. സൗമ്യമായ പെരുമാറ്റവും നിറഞ്ഞ ചിരിയുംകൊണ്ട് ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവനായി മാറി.
ചികിത്സ നിർത്തി, വയനാട് വിടാൻ തീരുമാനിക്കുകയും തരുവണ കൂട്ടായ്മ കോവിഡ്കാലത്തുതന്നെ യാത്രയയപ്പ് നല്‍കുകുയും ചെയ്തിരുന്നു. നാട്ടുകാർ വിപുല യാത്രയയപ്പ് നല്‍കാൻ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ശനിയാഴ്ച നെഞ്ചുവേദനയെ തുടര്‍ന്ന് മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം ജന്മനാട്ടില്‍ ഇന്ന് സംസ്‌കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.