മാനന്തവാടി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി
ഒ.ആർ. കേളുവിന് പുളിഞ്ഞാലിൽ നൽകിയ സ്വീകരണം
മാനന്തവാടി: മാനന്തവാടി മണ്ഡലത്തിൽ ഇത്തവണകൂടി വിജയതീരമണിഞ്ഞ് ഹാട്രിക്ക് അടിക്കുകയെന്ന ലക്ഷ്യവുമായാണ് എൽ.ഡി.എഫ് ഒ.ആർ കേളവിനെ രംഗത്തിറക്കിയത്. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ ഗംഭീര വിജയത്തിന്റെ കരുത്തിൽ ഇത്തവണ മണ്ഡലം തിരിച്ചുപടിക്കാനുള്ള പടപ്പുറപ്പാടിലാണ് യു.ഡി.എഫ്. പൊതുപ്രവര്‍ത്തകയായും ജനപ്രതിനിധിയെന്ന നിലയിലും രണ്ടു പതിറ്റാണ്ടിലേറെയായി സജീവ സാന്നിധ്യമായ ഉഷ വിജയനാണ് അവരുടെ സ്ഥാനാർഥി. 2005 മുതല്‍ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് മത്സരിച്ച ഉഷ വിജയൻ ഒരിക്കൽപോലും തോൽവി അറിഞ്ഞിട്ടില്ല. ശക്തി തെളിയിക്കാൻ എൻ.ഡി.എ ശ്യാം രാജിനെ രംഗത്തിറക്കി സജീവമായുണ്ട്.
യു.ഡി.എഫിന് പൊതുവേ മുൻതൂക്കമുള്ള മണ്ഡലമാണ് മാനന്തവാടി. 2011ൽ യു.ഡി.എഫിന്റെ പി.കെ. ജയലക്ഷ്മി എൽ.ഡി.എഫിന്റെ കെ.സി. കുഞ്ഞിരാമനെതിരെ 12,000ത്തലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അവർ മന്ത്രിയുമായി. പിന്നീട് 2016ൽ 1703 വോട്ടുകൾക്ക് ജയലക്ഷ്മിയെ അട്ടിമറിച്ചാണ് ഒ.ആർ. കേളുവിലൂടെ എൽ.ഡി.എഫ് മണ്ഡലം പിടിച്ചെടുത്തത്. തന്റെ ജനകീയപരിവേഷം പരമാവധി ഉപയോഗിച്ച കേളു 2021ൽ 9282 വോട്ടുകൾക്ക് വീണ്ടും ജയലക്ഷ്മിയെ പരാജയപ്പെടുത്തി. അവസാന ഒന്നരവർഷം പട്ടികവർഗ വികസന വകുപ്പ് മന്ത്രിയുമായി. മണ്ഡലത്തിലെ വികസന നേട്ടം എണ്ണിപ്പറഞ്ഞും ജനകീയ സ്വീകാര്യത ഉയർത്തിയുമാണ് ഇത്തവണ അദ്ദേഹം ജനവിധി തേടുന്നത്.
തദ്ദേശ സ്ഥാപനങ്ങളിലെ മിന്നും ജയത്തിന്റെ ആത്മവിശ്വസത്തിലും രണ്ടര പതിറ്റാണ്ടായുള്ള പൊതുപ്രവർത്തനത്തിന്റെ ആത്മബലത്തിലാണ് ഉഷ വിജയൻ ഗോദയിലുള്ളത്. ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ വെള്ളമുണ്ട, തൊണ്ടർനാട് പനമരം പഞ്ചായത്തുകളും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും യു.ഡി.എഫ് തിരിച്ചുപിടിച്ചിരുന്നു. മാനന്തവാടി നഗരസഭ, തവിഞ്ഞാൽ, എടവക പഞ്ചായത്തുകൾ നിലനിർത്തുകയുംചെയ്ത അവർക്ക് വ്യക്തമായ ആധിപത്യമുണ്ട്. തിരുനെല്ലി പഞ്ചായത്തിൽ മാത്രമാണ് എൽ.ഡി.എഫിന് ഭൂരിപക്ഷം നേടാനായത്. നാല് ജില്ല പഞ്ചായത്ത് ഡിവിഷനുകളിൽ മൂന്ന് ഡിവിഷനുകളും യു.ഡി.എഫിനൊപ്പമാണ്. അസ്വാരസ്യങ്ങൾ ഇല്ലാതെയാണ് യു.ഡി.എഫ് ഇത്തവണ പ്രചാരണ രംഗത്തുള്ളതെന്ന സവിശേഷതയുണ്ട്.
ചർച്ച വിഷയങ്ങൾ ഇങ്ങനെ:
2011ലാണ് പട്ടികവർഗ സംവരണമായി (എസ്.ടി) മാനന്തവാടി മണ്ഡലം രൂപവത്കരിച്ചത്. ഗോത്ര വർഗങ്ങൾക്ക് നിർണായക സ്വാധീനമുണ്ട്. മണ്ഡലത്തിന്റെ മുൻകാല ചരിത്രം പരിശോധിച്ചാൽ ഇടതിനും വലതിനും സ്വാധീനമുള്ള മേഖലയാണിത്. റോഡ് വികസനവും വയനാട് സർക്കാർ മെഡിക്കൽ കോളജുമെല്ലാം തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. എന്നാൽ, മെഡിക്കൽ കോളജിലെ പ്രശ്നങ്ങളും ഭരണവിരുദ്ധ വികാരവും വിലക്കയറ്റവും വന്യമൃഗശല്യവുമെല്ലാം തങ്ങൾക്ക് അനുകൂലമാകുമെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. കേന്ദ്ര സർക്കാറിന്റെ വികസന പ്രവർത്തനങ്ങളും ഇരുമുന്നണികളോടുമുള്ള എതിർപ്പും തങ്ങൾക്ക് അനുകൂലമാക്കാനുള്ള ശ്രമത്തിലാണ് എൻ.ഡി.എ.
10 വർഷത്തിനിടെയുണ്ടായ വന്യജീവി ആക്രമണങ്ങൾ തെരഞ്ഞെടുപ്പിലെ പ്രചാരണ വിഷയമാകുന്നുണ്ട്. വന്യമൃഗശല്യത്തിൽ കൃഷി നശിച്ചതും നിരവധി പേരുടെ ജീവൻ പൊലിഞ്ഞതും കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ നേരിടാനുള്ള ഫെൻസിങ്ങ് അടക്കമുള്ള പ്രതിരോധപ്രവർത്തനങ്ങൾ പാളുന്നതും ചർച്ചാവിഷയമാണ്. അതേസമയം, മുണ്ടക്കൈ ദുരന്തബാധിതർക്ക് വയനാട് ടൗൺഷിപ് നിർമിച്ച് നൽകിയതും റോഡും പാലവുമടക്കം അടിസ്ഥാന സൗകര്യവികസന പദ്ധതികൾ മണ്ഡലത്തിൽ കൊണ്ടുവന്നതും എൽ.ഡി.എഫിന്റെ നേട്ടമാണ്.
ഒ.ആർ. കേളു (എൽ.ഡി.എഫ്)
പട്ടികജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമാണ് ഒ.ആർ. കേളു. 2016ൽ പി.കെ ജയലക്ഷ്മിയെ അട്ടിമറിച്ചാണ് കേളുവിലൂടെ എൽ.ഡി.എഫ് മണ്ഡലം പിടിച്ചത്. 2021ൽ 9,282 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മണ്ഡലം നിലനിർത്തി. ആദിവാസി ക്ഷേമസമിതി (എ.കെ.എസ്) മുൻ സംസ്ഥാന പ്രസിഡന്റും ആദിവാസി അധികാർ രാഷ്ട്രീയ മഞ്ച് കേന്ദ്ര കമ്മിറ്റി അംഗവുമാണ്. 10 വർഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റും അഞ്ച് വർഷം അംഗവുമായിരുന്നു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായി.
ഡി.വൈ.എഫ്.ഐയിലൂടെ പൊതുപ്രവർത്തനത്തിന് തുടക്കം. സി.പി.എം കാട്ടിക്കുളം ലോക്കൽ കമ്മിറ്റി, മാനന്തവാടി ഏരിയ കമ്മിറ്റി, വയനാട് ജില്ല കമ്മിറ്റി, ജില്ല സെക്രട്ടേറിയറ്റ് അംഗം, കേരള നിയമസഭയുടെ പട്ടികജാതി, പട്ടികവർഗ ക്ഷേമം സംബന്ധിച്ച സമിതി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. കാട്ടിക്കുളം ഓലഞ്ചേരി പുത്തൻമിറ്റം രാമന്റെയും പരേതയായ അമ്മുവിന്റെയും മകൻ. ഭാര്യ: പി.കെ ശാന്ത. മക്കൾ: മിഥുന (ബീറ്റ് ഫോറസ്റ്റ് ഓഫിസർ), ഭാവന (വിദ്യാർഥി).
മാനന്തവാടി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഉഷ വിജയൻ നീരട്ടാടിയിൽ പ്രചാരണത്തിൽ
ഉഷ വിജയന് (യു.ഡി.എഫ്)
2005 മുതല്‍ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധിയാണ് 45 കാരിയായ ഉഷ വിജയൻ. 2005-2010 കാലഘട്ടത്തില്‍ എടവക പഞ്ചായത്ത് അംഗം, 2010-2015 വര്‍ഷത്തില്‍ വയനാട് ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി ചെയര്പേഴ്സൻ, 2015-2020 വര്‍ഷത്തില്‍ എടവക പഞ്ചായത്ത് പ്രസിഡന്റ്, 2020-2025 വര്‍ഷത്തില്‍ എടവക ഗ്രാമപഞ്ചായത്ത് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എടവക പഞ്ചായത്തിലെ പള്ളിക്കല്‍ ബ്ലോക്ക് ഡിവിഷനില്‍നിന്ന് വിജയിച്ചു.
പടിഞ്ഞാറത്തറ പതിനാറാംമൈല്‍ ചുണ്ടക്കണ്ടി ശാന്ത-അണ്ണന് ദമ്പതികളുടെ മകളായി 1980 ജനുവരി ഒന്നിന് ജനനം. ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, എടവക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്, മഹിള കോണ്‍ഗ്രസ് ജില്ല സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചു. എടവക എള്ളുമന്ദം വിജയന് കുട്ടോംനടയാണ് ഭര്‍ത്താവ്. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനില്‍ കമാന്‍ഡോയായ അഭയ്കൃഷ്ണ കെ. വിജയ്, വിദ്യാര്‍ഥിയായ വിവേകാനന്ദ് എന്നിവരാണ് മക്കള്‍.
മാനന്തവാടി മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി
പി. ശ്യാംരാജ് പ്രചാരണത്തിനിടെ പനമരത്തെ
കോളിമരച്ചോട്ടിൽ പുഷ്പാർച്ചന നടത്തുന്നു
പി. ശ്യാംരാജ് (എൻ.ഡി.എ)
ബി.ജെ.പി സംസ്ഥാന സെക്രട്ടറിയും ഇടുക്കി മുള്ളരിങ്ങാട്ട് സ്വദേശിയുമാണ് പി. ശ്യാംരാജ്. സമൂഹമാധ്യമങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും സുപരിചിതൻ. എ.ബി.വി.പിയിലൂടെ പൊതുരംഗത്ത് എത്തിയ ശ്യാം രാജ് 2010 മുതല്‍ പട്ടികവര്‍ഗ വിഭാഗക്കാർക്കിടയിൽ പ്രവര്‍ത്തിക്കുന്നു. 2016ല്‍ ടെക്നോളജി സര്‍വകലാശാലയിലെ ക്രമക്കേടുകള്‍ക്കും വിദ്യാര്ഥിദ്രോഹങ്ങള്ക്കുമെതിരേ നടത്തിയ സമരത്താൽ ശ്രദ്ധേയൻ.
സ്വാശ്രയ കോളജ് കാര്യത്തിലെ അനിശ്ചിതത്വങ്ങള്‍ക്കെതിരെ കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ 45 കേന്ദ്രങ്ങളില്‍ ഒന്നരമാസം നടത്തിയ സമരത്തിൽ പങ്കെടുത്തു.
എ.ബി.വി.പി സംസ്ഥാന ജോ. സെക്രട്ടി, ദേശീയ സമിതിയംഗം, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി, ദേശീയ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.