കൽപറ്റ: തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കുന്നതിന് തോട്ടം മേഖലയില്‍ ഊർജിത പരിശോധനക്കൊരുങ്ങി തൊഴില്‍ വകുപ്പ്. ലയങ്ങളുടെ ശോച്യാവസ്ഥ, കുടിവെള്ളം, റോഡ്, ചികിത്സാ സംവിധാനങ്ങള്‍, അംഗൻവാടികള്‍, കളിസ്ഥലം, കമ്യൂണിറ്റി സെന്റര്‍ എന്നിവ പരിശോധനയുടെ പ്രധാന പരിഗണനകളായിരിക്കുമെന്ന് തൊഴിൽ വകുപ്പ് കമീഷണര്‍ അര്ജുന് പാണ്ഡ്യന് അറിയിച്ചു.
ലയങ്ങളുടെ സുരക്ഷിതാവസ്ഥ, കുറ്റമറ്റ ശുചീകരണ സംവിധാനങ്ങൾ ഉറപ്പാക്കുന്നതിന് പ്രാഥമിക പരിഗണന നല്‍കും. തൊഴിലിടങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തും. തൊഴിലാളികളെ നേരില്‍ കണ്ട് മിനിമം വേതനം, ലയങ്ങള്‍, അര്‍ഹമായ അവധികൾ ഉൾപ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങള്‍, തൊഴില്‍ അവകാശങ്ങള്‍ എന്നിവ ലഭ്യമാകുന്നുണ്ടെന്ന് പ്ലാന്റേഷന് ഇന്‍സ്പെക്ടര്‍മാര്‍ ഉറപ്പുവരുത്തണം.
തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ തൊഴിലുടമകളെ അറിയിക്കുകയും അടിയന്തര പ്രശ്നപരിഹാരവും ഉറപ്പാക്കണം.
വീഴ്ചയുണ്ടായാല്‍ കര്‍ശന നിയമ നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച പ്രതിമാസ റിപ്പോര്‍ട്ട് അഞ്ചാം തീയതിക്കകം ക്രോഡീകരിച്ച് പ്ലാന്റേഷന് ചീഫ് ഇന്‍സ്പെക്ടര്‍ ലേബര്‍ കമീഷണര്‍ക്ക് നല്‍കണം. പരിശോധന പൂര്‍ത്തിയായി 72 മണിക്കൂറിനകം ലേബര്‍ കമീഷണറേറ്റ് ഓട്ടോമേഷന്‍ സിസ്റ്റത്തില്‍ പരിശോധന റിപ്പോര്‍ട്ട് അപ് ലോഡ് ചെയ്യണം.
മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി ലയങ്ങളില്‍ അറ്റകുറ്റപ്പണി ആവശ്യമെങ്കില്‍ മാനേജ്മെന്റ് മുഖേന നടപടി സ്വീകരിക്കണം. ശുചീകരണ സംവിധാനങ്ങള്‍ കുറ്റമറ്റതാണെന്ന് ഉറപ്പാക്കണം. തൊഴില്‍ നിയമലംഘനങ്ങള്‍ പരിഹരിക്കുന്നതിനുള്ള സമയപരിധി, സ്വീകരിക്കേണ്ട നടപടികള്‍, നോട്ടീസുകളുണ്ടാവുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കേണ്ടതിന്റെ ആവശ്യകത, രേഖകള്‍ ഹാജരാക്കുന്നതിനുള്ള തീയതി തുടങ്ങിയ കാര്യങ്ങളും മാനേജ്മെന്റ് പ്രതിനിധികളെ ധരിപ്പിക്കണം.
ഹിയറിങ് തീയതി മുന്‍കൂട്ടി അറിയിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. നിയമ ലംഘനങ്ങള്‍ പരിഹരിക്കുന്നതിന് പരമാവധി അവസരവും സഹായവും തൊഴിലുടമക്ക് നല്‍കണം. തൊഴിലാളികള്‍ക്ക് അര്‍ഹമായ പരിരക്ഷ ഉറപ്പാക്കണം.
എസ്റ്റേറ്റ് പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തിലാവണം പരിശോധന. നിയമപ്രകാരമുള്ള ഉദ്യോഗസ്ഥര്‍ മാത്രമാണ് പരിശോധന നടത്തുന്നതെന്ന് പ്ലാന്റേഷന് ചീഫ് ഇന്‍സ്പെക്ടര്‍ ഉറപ്പാക്കണമെന്നും ലേബർ കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.