മുണ്ടക്കൈ ഉരുൾ ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് മേപ്പാടി പഞ്ചായത്തിലെ വെള്ളിത്തോട് നിർമിച്ച വീടുകൾ
കല്പറ്റ: മുണ്ടക്കൈ ഉരുൾ ദുരന്തബാധിതര്‍ക്കായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിർമിച്ചുനല്‍കിയ ആദ്യഘട്ട വീടുകളില്‍ താമസം തുടങ്ങുന്നു. ഏപ്രില്‍ 25 മുതല്‍ 30 വരെ തീയതികളില്‍ കുടുംബങ്ങൾ വീടുകളിൽ താമസം തുടങ്ങും.
ഗുണഭോക്താക്കളുടെ സ്വകാര്യത മാനിച്ച് തൃക്കൈപ്പറ്റയിലെ പദ്ധതിപ്രദേശത്തേക്ക് പൊതുജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പ്രവേശനം ഉണ്ടാകില്ലെന്ന് പുനരധിവാസ പദ്ധതിക്കായി രൂപവത്കരിച്ച ഉപസമിതി അംഗവും മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറിയുമായ ടി. മുഹമ്മദ് അറിയിച്ചു. പുനരധിവാസത്തിന്റെ ഭാഗമായ 105 വീടുകളില്‍ 51 വീടുകളുടെ സമര്‍പ്പണം ഫെബ്രുവരി 28ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചിരുന്നു. എന്നാല്‍, വിദ്യാര്‍ഥികളുടെ പരീക്ഷകള്‍, പൊതുതെരഞ്ഞെടുപ്പ് തുടങ്ങിയ കാരണങ്ങൾ മൂലം കുടുംബങ്ങൾ താമസിക്കാൻ വൈകി. നിലവിൽ സൗകര്യപ്രദമായ സമയമായതിനാലാണ് ഈ ദിവസങ്ങളിൽ താമസം തുടങ്ങാൻ തീരുമാനിച്ചത്. വീട്ടുകാരുടെ ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കുന്ന ചടങ്ങിന്റെ സ്വകാര്യത പ്രധാനപ്പെട്ടതായതിനാലാണ് പ്രവേശനം പരിമിതപ്പെടുത്തിയതെന്ന് നേതാക്കൾ അറിയിച്ചു.
മുട്ടില്‍-മേപ്പാടി സംസ്ഥാന പാതയോട് ചേര്‍ന്നാണ് പ്രോജക്ട് സൈറ്റ്. 8 സെന്റില്‍ 1060 സ്ക്വയർ ഫീറ്റില്‍ മൂന്ന് ബെഡ്റൂം, രണ്ട് ബാത്ത്റൂം, അടുക്കള, ഡൈനിങ് ഹാള്‍, വര്‍ക്ക് ഏരിയ, സിറ്റൗട്ട്, ബ്രിക്സ് പാകിയ മുറ്റം, മുന്‍വശത്ത് ഏഴ് മീറ്റര്‍ വീതിയില്‍ ടൈല്‍ പാകിയ റോഡ് തുടങ്ങിയ സൗകര്യങ്ങളുമായാണ് വീടുകള്‍ കൈമാറിയത്. കുടിവെള്ളവും വൈദ്യുതിയും ഉറപ്പാക്കിയിട്ടുണ്ട്.
ശുദ്ധജലത്തിന് കിണര്‍ കുഴിച്ച് കൂറ്റന്‍ ടാങ്ക് സജ്ജീകരിച്ചിട്ടുണ്ട്. ഫര്‍ണിച്ചറും മുസ്ലിം ലീഗാണ് നല്‍കിയത്. ഓരോ വീട്ടുടമക്കും ആവശ്യമെങ്കില്‍ മുകളിലേക്ക് വീട് ഉയര്‍ത്താന്‍ ആവശ്യമായ തറബലത്തോടെയാണ് നിർമാണം പൂര്‍ത്തീകരിച്ചത്. പൂച്ചെടികളും വൃക്ഷങ്ങളും നട്ടുപിടിപ്പിച്ച് പദ്ധതി പ്രദേശം ഹരിതാഭമാക്കിയിട്ടുണ്ട്.
പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ നല്കുന്ന വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. കമ്യൂണിറ്റി ഹാള്‍, പാര്‍ക്ക് ഉള്‍പ്പെടെ ഭവന സമുച്ചയത്തില്‍ ഉണ്ടാകും. അംഗൻവാടിക്കും മറ്റും ആവശ്യമായ സ്ഥലസൗകര്യവുമുണ്ട്. മേപ്പാടിയില്‍നിന്ന് അഞ്ച് കിലോമീറ്ററും മുട്ടില്‍ ടൗണില്‍നിന്ന് നാല് കിലോമീറ്ററും സഞ്ചരിച്ചാല്‍ സൈറ്റിലെത്താം. മേപ്പാടി പഞ്ചായത്തില്‍ തന്നെ വീടുകള്‍ വേണമെന്ന ഗുണഭോക്താക്കളുടെ ആവശ്യത്തിന് പരിഗണന നല്‍കിയാണ് വെള്ളിത്തോട് തന്നെ പദ്ധതിക്കായി സ്ഥലം വാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.