മുട്ടിൽ മരംമുറി; മുൻ കലക്ടർ ഉൾപ്പെടെ ആറുപേർക്ക് വക്കീൽ നോട്ടീസ്

കല്‍പറ്റ: മുട്ടില്‍ സൗത്ത് വില്ലേജില്‍ 2021ല്‍ നടന്ന അനധികൃത മരം മുറിയുമായി ബന്ധപ്പെട്ട് മുന്‍ കലക്ടറും ഡി.എഫ്.ഒയും ഉള്‍പ്പെടെ ആറുപേര്‍ക്ക് വക്കീല്‍ നോട്ടീസ്. മരം മുറി നടന്ന കാലയളവില്‍ ജില്ല കലക്ടറായിരുന്ന ഡോ. അദീല അബ്ദുള്ള, സൗത്ത് വയനാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസറായിരുന്ന രഞ്ജിത്ത്കുമാര്‍, മുന്‍ ഡി.എഫ്.ഒ അജിത് കെ. രാമന്‍, വൈത്തിരി മുന്‍ തഹസില്‍ദാര്‍ ടി.പി. ഹാരിസ്, മേപ്പാടി റേഞ്ച് ഫോറസ്റ്റ് മുന്‍ ഓഫിസര്‍ കെ. ഷമീര്‍, നിലവിലെ റേഞ്ച് ഓഫിസര്‍ ബിജു എന്നിവര്‍ക്കാണ് മീനങ്ങാടി നാടുകാണിക്കുന്ന് മുല്ലക്കല്‍ ലെന്നി സ്റ്റാന്‍സ് ജേക്കബ് അഡ്വ. പി.ടി. രാജേഷ് മുഖേന നോട്ടീസ് അയച്ചത്.

റവന്യൂ പട്ടയഭൂമികളില്‍നിന്നു നിയമവിരുദ്ധമായി ഈട്ടി തടികള്‍ മുറിച്ചതിനു വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പലതിനും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല, ജില്ലയില്‍നിന്നു അനധികൃതമായി കടത്തിയെന്നു കണ്ടെത്തി എറണാകുളം കരിമുകള്‍ മലബാര്‍ ടിമ്പര്‍ ഇന്‍സ്ട്രീസില്‍നിന്നു പിടിച്ചെടുത്ത 54 കഷ്ണം ഈട്ടി ഇനിയും കണ്ടുകെട്ടിയില്ല, മുട്ടില്‍ സൗത്ത് വില്ലേജിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വനം വകുപ്പ് കസ്റ്റഡിയിലെടുത്ത് കുപ്പാടി ടിമ്പര്‍ ഡിപ്പോയിലേക്ക് മാറ്റിയ തടികളുടെ സംരക്ഷണത്തിന് കോടതി ഉത്തരവുണ്ടായിട്ടും വനം വകുപ്പ് മതിയായ നടപടി സ്വീകരിച്ചില്ല തുടങ്ങിയ ആരോപണങ്ങളിലാണ് നോട്ടീസ് അയച്ചത്. നോട്ടീസില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ലഭിക്കാത്തപക്ഷം ഹൈകോടതിയെ സമീപിക്കുമെന്ന് പരാതിക്കാരൻ വ്യക്തമാക്കി.

2020 ഒക്ടോബര്‍ 24ന് അന്നത്തെ റവന്യൂ സെക്രട്ടറി ഇറക്കിയ ഉത്തരവിന്റെ മറവിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റവന്യൂ പട്ടയ ഭൂമികളില്‍ ഈട്ടി, തേക്ക് മുറി നടന്നത്. ഉത്തരവ് വിവാദമായതിനെത്തുടര്‍ന്ന് റവന്യൂ സെക്രട്ടറിയുടെ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. മുട്ടില്‍ സൗത്ത് വില്ലേജിലെ നിയമവിരുദ്ധ മരംമുറി മൂലം സര്‍ക്കാറിന് 15 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വനം വകുപ്പ് പ്രാഥമികമായി കണക്കാക്കിയത്. കെ.എല്‍.സി നിയമ പ്രകാരം 68 കേസുകൾ രജിസ്റ്റര്‍ ചെയ്ത് നടപടിയാരംഭിച്ചെങ്കിലും മരങ്ങള്‍ മുറിച്ചവരില്‍നിന്നു ഇതുവരെ ചെറിയതുക പോലും റവന്യൂ വകുപ്പ് പിഴ ഈടാക്കിയിട്ടില്ല. പകുതിയോളം എണ്ണത്തില്‍ നടപടി പൂര്‍ത്തിയാക്കി എട്ടുകോടിയോളം രൂപ പിഴ നിശ്ചയിച്ചിരുന്നു. ബാക്കി കേസുകളില്‍ പിഴ നിര്‍ണയം വൈകുകയാണ്. അനധികൃത മരംമുറിക്ക് മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനപ്പെടുത്തി പൊതുമുതല്‍ നശിപ്പിച്ചതിന് മീനങ്ങാടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ 2023 ഡിസംബര്‍ നാലിനു ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കേസിൽ സഹോദരങ്ങളായ റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ എന്നിവർ ഉൾപ്പെടെയുള്ളവരാണ് പ്രതികൾ.

ഭൂമി തരംമാറ്റുന്നതിനെതിരെ ജില്ല കലക്ടര്‍ക്ക് പരാതി

കല്‍പറ്റ: വൈത്തിരി താലൂക്കിലെ കോട്ടപ്പടി വില്ലേജ് ഓഫിസിന് സമീപം സ്വകാര്യ എസ്റ്റേറ്റ് മാനേജ്‌മെന്റ് തേയിലച്ചെടികള്‍ പിഴുതുമാറ്റി ഭൂമി തരംമാറ്റുന്നതിനെതിരെ ജില്ല കലക്ടര്‍ക്ക് പരാതി. നെടുമ്പാല പോത്തമ്പാടം പി.കെ. മുരളീധരനാണ് പരാതി നൽകിയത്.

തേയിലച്ചെടികള്‍ പിഴുതുമാറ്റുന്ന സ്ഥലത്തിന് സമീപം ചെമ്പ്രമലയില്‍ 1961ല്‍ ഉരുള്‍ പൊട്ടി എസ്റ്റേറ്റ് പാടികള്‍ ഒലിച്ചുപോകുകയും നിരവധിപേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. 2007ല്‍ ഇവിടെയുണ്ടായ ഉരുള്‍പൊട്ടലിന് കാരണം സോയില്‍ പൈപ്പിങ് ആണെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട് ചെയ്യുകയും പ്രദേശത്തെ നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരുന്നു. സോയില്‍ പൈപ്പിങ് സാധ്യതയുള്ള പ്രദേശത്ത് തേയിലച്ചെടികള്‍ പിഴുതുമാറ്റുമ്പോള്‍ അടിമണ്ണില്‍ സംഭവിക്കുന്ന ഇളക്കം ഭാവിയില്‍ വലിയ ദുരന്തത്തിന് ഇടയാക്കും. ഇത് കുന്നമ്പറ്റ, പുഴമൂല, ഓടത്തോട് പ്രദേശങ്ങളെ ബാധിക്കും. 2019 ആഗസ്റ്റ് എട്ടിന് പുത്തുമലയിലും 2024 ജൂലൈ 30ന് പുഞ്ചിരിമട്ടത്തും ഉണ്ടായ ഉരുള്‍പൊട്ടല്‍ വയനാടന്‍ ജനതക്ക് മറക്കാന്‍ കഴിയാത്തതാണ്. ഇനിയും ഇത്തരം ദുരന്തങ്ങള്‍ അനുവദിക്കാൻപാടില്ല. ഇതിനാല്‍ കോട്ടപ്പടി വില്ലേജ് ഓഫിസിന് സമീപത്തെ നിയമവിരുദ്ധ പ്രവൃത്തി നിര്‍ത്തിവെപ്പിക്കണമെന്നാണ് ആവശ്യം.

തരംമാറ്റിയ പ്ലാന്റേഷന്‍ ഭൂമി മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുക്കണം. തോട്ടം മാനേജ്‌മെന്റിനെതിരേ കര്‍ശന നടപടി സ്വീകരിക്കണം. പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

Tags:    
News Summary - Muttil tree felling case; Legal notices issued to six people including former collector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.