വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്കപ്പാത നിർമാണം പുരോഗമിക്കുന്നു
കൽപറ്റ: വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്നതും വികസനവഴിയിൽ നാഴികക്കല്ലാകുന്നതുമായ ആനക്കാംപൊയിൽ-കള്ളാടി തുരങ്കപ്പാതയുടെ നിർമാണം അതിവേഗതയിൽ. അടുത്തിടെ ഉന്നത ഉദ്യോഗസ്ഥ സംഘം പദ്ധതി പ്രദേശം സന്ദർശിച്ചു പ്രവൃത്തി വിലയിരുത്തിയിരുന്നു. ഇതിന് ശേഷമാണ് നിർമാണപ്രവൃത്തി കൂടുതൽ വേഗത്തിലാക്കിയതെന്ന് അധികൃതർ അറിയിച്ചു. സ്റ്റേറ്റ് എക്സ്പെർട് അപ്രൈസർ കമ്മിറ്റിക്ക് ഒപ്പം കിഫ്ബി എക്സിക്യൂട്ടിവ് ഡയറക്ടർ, പൊതുമരാമത്ത് വകുപ്പ്, കൊങ്കൺ റെയിൽവേ അധികൃതർ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രവൃത്തി വിലയിരുത്തിയത്.
കിഫ്ബി ധനസഹായത്താല്‍ 2134 കോടി രൂപ ചെലവഴിച്ചാണ് തുരങ്കപാത നിർമിക്കുന്നത്. ഇന്ത്യയിലെ ദൈര്‍ഘ്യമേറിയ രണ്ടാമത്തെ ട്വിന്‍ ട്യൂബ് ടണലാണ് കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് നിര്‍മിക്കുന്നത്. ന്യൂ ഓസ്ട്രിയൻ ടണലിങ് രീതിയിലാണ് നിർമാണം. 1957നും 65നും ഇടയിൽ ഓസ്ട്രേലിയയിലാണ് ഓസ്ട്രിയൻ ടണലിങ് രീതി വികസിപ്പിച്ചെടുത്തത്. തുരങ്കം രൂപപ്പെടുത്തുന്നതിനായി ചുറ്റുമുള്ള പാറക്കൂട്ടത്തിന്റെ സ്വാഭാവിക ശക്തിയെ ആശ്രയിച്ച് നിലംതന്നെ പ്രാഥമിക പിന്തുണയായി ഉപയോഗിക്കുന്നതാണ് ന്യൂ ഓസ്ട്രിയൻ സാങ്കേതികവിദ്യ. പരിസ്ഥിതി ആഘാതവുമായി ബന്ധപ്പെട്ട മുൻകരുതൽ നിർദേശങ്ങൾ അനുസരിച്ച് കോഴിക്കോട് ജില്ലയിലെ മറിപ്പുഴ ഭാഗത്തുനിന്നാണ് തുരങ്ക പ്രവൃത്തി ആരംഭിച്ചത്.
വയനാട്ടിലെ മേപ്പാടിയിൽനിന്ന് തുരങ്ക നിർമാണ പ്രവൃത്തി തുടങ്ങിയിട്ടുണ്ട്. ഇരുഭാഗത്തുനിന്നും ഒരേസമയം തുരന്നു നീങ്ങുന്നതാണ് നിർമാണ രീതിയെന്ന് നോഡൽ ഓഫിസറും പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയറുമായ വി.കെ. ഹാഷിം പറയുന്നു. നാല് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. തുരങ്കം ആരംഭിക്കുന്ന പ്രദേശത്തെ പാറ ഏഴു തട്ടുകളായി തിരിച്ച് താഴേക്കുകൊണ്ടുവന്നാണ് തുരങ്ക മുഖം രൂപപ്പെടുത്തിയത്. വലതു വശത്തെ തുരങ്കമാണ് ഇപ്പോൾ തുരക്കാൻ തുടങ്ങിയത്. താമസിക്കാതെ ഇടതുവശത്തെ തുരങ്കനിർമാണവും ആരംഭിക്കും. തുരങ്കപ്പാതയിലേക്കുള്ള ഒരു പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നുണ്ട്. മറ്റൊരു പാലവും അപ്രോച്ച് റോഡ് നിർമാണവും ഉടൻ തുടങ്ങും. തുരങ്കം ആരംഭിക്കുന്ന കോഴിക്കോട്ടെ കുണ്ടൻതോട്ടിലേക്ക് കടക്കാനുള്ള പാലത്തിന്റെ നിർമാണം കാലവർഷത്തിനു മുമ്പ് പൂർത്തിയാക്കാനാണു നീക്കം.
കൊച്ചി-ബംഗളരു വ്യാവസായിക ഇടനാഴിയുടെ ഭാഗമായതും ടൂറിസം മേഖലയില്‍ അനന്തമായ സാധ്യതകളുടെ വാതില്‍ തുറക്കുന്നതുമായ തുരങ്കപാത വരുന്നതോടെ താമരശ്ശേരി ചുരത്തിലെ തിരക്ക് ഒഴിവാകുമെന്നാണ് പ്രതീക്ഷ. കോഴിക്കോട്-വയനാട് ഗതാഗതം സുഗമമാകുകയും യാത്രാസമയം കുറയുകയും ചെയ്യും. മിക്ക ദിവസങ്ങളിലും വയനാട്ടിലേക്കുള്ള ചുരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ്. തുരങ്കപാത പൂർത്തിയായാൽ വയനാട്ടിലേക്ക് സുഗമമായി ഈ പാതയിലൂടെ എത്താൻ കഴിയും.
ചരക്കു ഗതാഗതത്തില്‍ നിര്‍ണായക സ്ഥാനം വഹിക്കാനും പതക്കാകും. വിഴിഞ്ഞം, വല്ലാര്‍പാടം തുറമുഖങ്ങളെ ബംഗളൂരുവുമായി ബന്ധിപ്പിക്കുന്ന സുപ്രധാന പാതയായും തുരങ്കപാത മാറും. വയനാട്ടിലെയും കോഴിക്കോടിന്റെ മലയോര മേഖലകളിലെയും കാര്‍ഷികവിളകള്‍ പ്രധാനമായും കാപ്പി, തേയില, വാഴ, കുരുമുളക്, ഏലം, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവയുടെ ചരക്കുനീക്കത്തിലും വാണിജ്യതാത്പര്യങ്ങള്‍ക്കും പാത മുതല്‍ക്കൂട്ടാകും.
കോഴിക്കോട്, വയനാട് ജില്ലകളിലെ ടൂറിസം വികസനത്തിനും തുരങ്കപാത നിര്‍ണായകമാവും. പാതയുടെ ഇരുവശങ്ങളും പശ്ചിമഘട്ടത്തിന്റെ മനോഹര പ്രദേശങ്ങളാണ്. അതേസമയം, തുരങ്കപാത സംബന്ധിച്ചുള്ള ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മുണ്ടക്കൈ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾക്കടുത്തുകൂടിയാണ് പാത വരുന്നത് എന്നും പലവിധ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യതയുണ്ടെന്ന് ശാസ്ത്രീയ പഠനത്തിലൂടെ തെളിഞ്ഞ ഭാഗത്തുകൂടിയാണ് മലകൾ തുരന്നുള്ള പാത വരുന്നത് എന്നുമാണ് പ്രധാന എതിർവാദം.പാതയുടെ നിർമാണ പ്രവർത്തനങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ ഹരജി അടുത്തിടെ സുപ്രീം കോടതി തള്ളുകയും നിർമാണം തുടരാൻ അനുമതി നൽകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.