നിസിലും ഹാഷികും അനുഭവം വിവരിക്കുന്നു
കള്ളാടി (വയനാട്): ദുരന്തത്തിന്‍റെ ഭീകരത പുറംലോകം കണ്ടത് നിസിലിന്‍റെ കടയിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞ ദൃശ്യത്തിലൂടെ. മണ്ണിടിച്ചിലുണ്ടായി മിനിറ്റുകൾക്കകം വാർത്താചാനലുകളിൽ പ്രദേശത്തെ ദൃശ്യങ്ങൾ വന്നിരുന്നു. എന്നാൽ, മീനാക്ഷി പാലത്തിന് സമീപത്തെ ‘ഗ്രിലക്സ്’ റെസ്റ്റോറന്റിലെ കടയിലെ നിരീക്ഷണ കാമറയിലാണ് കൂറ്റൻ മണ്ണുമല ഇടിഞ്ഞെത്തുന്ന ഞെട്ടിക്കുന്ന ദൃശ്യം പതിഞ്ഞത്.
അപകടം സംഭവിക്കുമ്പോൾ കടയിലും പരിസരത്തുമായി പതിനഞ്ചോളം പേർ ഉണ്ടായിരുന്നു. തുരങ്കനിർമാണ സ്ഥലത്തെ തൊഴിലാളികളടക്കം ചായ കുടിക്കാൻ വന്നിരുന്നത് ഈ കടയിലായിരുന്നു. ഉഗ്രൻ ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്നവരും കടയുടമ നിസിലും ബന്ധും ആശിഖും അടക്കം പുറത്ത് റോഡിലേക്കിറങ്ങി. ബാക്കിയെല്ലാം നിരീക്ഷണ കാമറയിൽ പതിഞ്ഞ 20 സെക്കൻഡ് ദൃശ്യത്തിൽ വ്യക്തമാണ്.
മീനാക്ഷി പാലത്തിന് അക്കരെനിന്നും ആളുകൾ പ്രാണനും കൊണ്ട് ഓടുന്നത് ദൃശ്യത്തിൽ കാണാം. ആളുകൾ ഓടുന്നത് കണ്ട് അപകടം മണത്ത് ഈ ഭാഗത്തേക്ക് വന്ന ചെറു ഗുഡ്സ് ലോറി റിവേഴ്സ് എടുത്ത് മാറി. മരണമുഖത്തുനിന്നും നിമിഷാർദ്ധത്തിൽ രക്ഷപ്പെട്ട കൂടമ്മാളും ഭർത്താവ് ബലരാജുമടക്കം ഒടിവരുന്നത് വ്യക്തമാണ്. ഇവർക്ക് തൊട്ടുപിന്നിൽ പാലത്തിലുണ്ടായിരുന്ന ടാങ്കർ ലോറി മണ്ണിന്‍റെ തള്ളലിൽ നീങ്ങിവരുന്നു. അടുത്ത നിമിഷം പാലവും താഴെയുള്ള പുഴയും മൂടി മണ്ണ് വന്ന് നിറയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.