അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് എക്സൈസ് വകപ്പിന്റെ നേതൃത്വത്തിൽ കൽപറ്റയിൽ നടന്ന പരിപാടി കൃഷി മന്ത്രി അഡ്വ. ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്യുന്നു

ലഹരി മാഫിയയെ തറപറ്റിക്കും -മന്ത്രി ടി. സിദ്ദീഖ്

കൽപറ്റ: ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾ ഇല്ലാതാക്കുമെന്നും ഇതിനായി സംസ്ഥാന സർക്കാർ പൊലീസ്-എക്സൈസ് വകുപ്പുകളുടെ നേതൃത്വത്തിൽ ഓപറേഷൻ തൂഫാൻ, ഓപറേഷൻ തണ്ടർ പദ്ധതികൾ കാര്യക്ഷമമാക്കുകയാണെന്നും കൃഷി മന്ത്രി അഡ്വ. ടി. സിദ്ദീഖ് പറഞ്ഞു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി എക്സൈസ് വകുപ്പ് ജില്ലയിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയുടെ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ലഹരിയുടെ കരാളഹസ്തത്തിൽനിന്ന് യുവതലമുറയെ രക്ഷിച്ചെടുക്കാനുള്ള ബോധവത്കരണം, ഉറവിടം തേടിയുള്ള ഇടപെടലുകൾ, കണ്ണികളെ അറുത്തുമാറ്റൽ, കേസുകൾ രജിസ്റ്റർ ചെയ്യൽ തുടങ്ങിയ സർവവിധ സന്നാഹത്തോടെയാണ് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് സർക്കാർ നേതൃത്വം നൽക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 3,790 കേസുകളിലായി നാലായിരത്തിലധികം പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു മാസക്കാലയളവിൽ വയനാട് ജില്ലയിൽ രജിസ്റ്റർ ചെയ്തത് 35 ഓളം കേസുകളാണ്. ഇതിൽ 36 പേരെ അറസ്റ്റ് ചെയ്തു. ഇതിനുപുറമെ അബ്കാരി കേസുകളും നിരോധിത പുകയില ഉത്പങ്ങളുമായി ബന്ധപ്പെട്ട 233 കേസുകളും റിപ്പോർട്ട് ചെയ്തതായി മന്ത്രി പറഞ്ഞു. ലഹരിവിരുദ്ധ റാലി മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.

ലഹരി മാഫിയ നടത്തുന്ന പ്രവർത്തനങ്ങൾ നിസ്സംഗതയോടെ നോക്കിനിൽക്കാൻ പാടില്ല. നാടിനെ കാക്കാനും ഒരു തലമുറയെ രക്ഷപ്പെടുത്താനുമുള്ള ധർമവും ഉത്തരവാദിത്വവും നമുക്കുണ്ട്. ലഹരി മാഫിയകളുടെ വിവരങ്ങൾ നൽകുന്നവരെ വെളിപ്പെടുത്താതെ കൃത്യമായ സമീപനം സ്വീകരിച്ചാണ് സർക്കാർ മുന്നോട്ടുപോകുന്നത്. അന്താരാഷ്ട്ര ബ്ലാക്ക് ബിസിനസ് ലോബി ചെറുപ്പക്കാരെയും കുട്ടികളെയും ഉൾപ്പെടുത്തി ശൃംഖല വിപുലമാക്കി കേരളത്തെ മയക്കുമരുന്നിന്റെ ഹബ്ബാക്കി മാറ്റുകയാണ്. ഓപറേഷൻ തൂഫാനിലൂടെയും തണ്ടറിലൂടെയും സംസ്ഥാനത്ത് അതിവിപുലമായ പ്രതികരണത്തിന് സർക്കാർ നേതൃത്വം കൊടുത്തിരിക്കുകയാണെന്നും ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ എല്ലാവരും കണ്ണികളാകണമെന്നും മന്ത്രി പറഞ്ഞു.

കൽപ്പറ്റ പുതിയ ബസ്‍സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടിയിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷത വഹിച്ചു.വിമുക്തി മാനേജർ അസി. എക്സൈസ് കമീഷണർ സജിത്ത് ചന്ദ്രൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. പരിപാടിയുടെ ഭാഗമായി എസ്.കെ.എം.ജെ സ്കൂൾ വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

കൽപറ്റ നഗരസഭ ചെയർപേഴ്സൻ പി. വിശ്വനാഥൻ, ഡെപ്യൂട്ടി എക്സൈസ് കമീഷണർ പി.കെ. സതീഷ് കുമാർ, നഗരസഭ വാർഡ്‌ കൗൺസിലർമാരായ മുഹമ്മദ് റാഫി, എം.പി. നവാസ്, ഗിരീഷ് കൽപറ്റ, എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം. വിവേകാനന്ദൻ, ഹെഡ്മാസ്റ്റർ എം.പി. കൃഷ്ണകുമാർ, അസി. എക്സൈസ് കമീഷണർ എൻഫോഴ്സ്മെന്റ് ആർ.എൻ. ബൈജു, കെ.എസ്.ഇ.എസ്.എ ജില്ല പ്രസിഡന്റ് പി.എസ്. വിനീഷ്, എക്സൈസ് കൽപറ്റ സർക്കിൾ ഇൻസ്പെക്ടർ സി. രജിത്ത് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Drug mafia will be crushed - Minister T. Siddique

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.