ചുരം വളവിൽ വീതി കൂട്ടുന്നതിനായി മണ്ണുമാന്തി യന്ത്രം കൊണ്ട് മണ്ണും പാറകഷ്ണങ്ങളും നീക്കം ചെയ്യുന്നു
കൽപറ്റ: ചുരത്തിലെ വളവുകൾ വീതികൂട്ടുന്ന പ്രവൃത്തികൾ മന്ദഗതിയിൽ. ദിവസങ്ങൾക്ക് മുമ്പ് പ്രവൃത്തികൾ തുടങ്ങിയിട്ടുണ്ടെങ്കിലും എങ്ങുമെത്തിയിട്ടില്ല. ഇതുമൂലം മിക്ക ദിവസങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ആവശ്യത്തിനു തൊഴിലാളികൾ പ്രവൃത്തികൾക്കില്ല. ഭാരവാഹനങ്ങൾക്ക് നിശ്ചിത സമയത്ത മാത്രമേ പ്രവേശനമുള്ളൂഎന്നാണ് അറിയിപ്പെങ്കിലും അതും നടപ്പാകുന്നില്ല. 6, 7, 8 വളവുകളാണു വീതികൂട്ടി നവീകരിക്കുന്നത്. ആവശ്യത്തിനു പണിക്കാരില്ലാതെ എല്ലാ ദിവസവും പ്രവൃത്തി ഇഴഞ്ഞാണ് നടക്കുന്നത്. അരികിൽ നിന്ന് മണ്ണുമാന്തി യന്ത്രം കൊണ്ടും മണ്ണും മറ്റും നീക്കുകയാണ് ഇപ്പോൾ. എന്നാൽ, ഇത് പോലും പകുതി പകുതി പിന്നിട്ടിട്ടില്ല.
പ്രവൃത്തി നടക്കുന്ന ആറാം വളവിൽ മിക്ക ദിവസങ്ങളിലും വാഹനങ്ങൾ കുടുങ്ങുകയാണ്. കഴിഞ്ഞ ദിവസം രാവിലെ 9.30ന് ചുരം കയറിയ കണ്ടെയ്നർ ലോറി ആറാം വളവിൽ കേടായതോടെ രണ്ടര മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. ഹൈവേ പൊലീസും അടിവാരം ഔട്ട് പോസ്റ്റ് പൊലീസും സന്നദ്ധ പ്രവർത്തകരും ചേർന്നു ട്രാക്ടർ എത്തിച്ചാണ് രാവിലെ പതിനൊന്നോടെ കണ്ടെയ്നർ അരികിലേക്കു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. ലോറി ഉച്ചയ്ക്ക് 2.45ന് ആണ് ഇവിടെ നിന്നു മാറ്റിയത്. മണ്ണുമാന്തി ഉപയോഗിച്ച് പൊളിച്ചിറക്കുന്ന മണ്ണും കല്ലും മറ്റും റോഡരികിൽ പലയിടത്തും കൂട്ടിയിട്ടിട്ടുണ്ട്. ആറാം വളവിലും എട്ടാംവളവിലും കെ.എസ്.ആർ.ടി.സി ബസ് അടക്കമുള്ള വലിയ വാഹനങ്ങൾ വളവ് തിരിച്ചെടുക്കാൻ ബുദ്ധിമുട്ടാണ്. ചുരത്തിൽ 6,8 വളവുകൾ കടക്കാൻ മണിക്കൂറുകൾ എടുക്കുന്നുണ്ട്. വാഹനങ്ങൾ വൺവേയായി കടത്തിവിട്ടാണ് കുരുക്ക് അഴിക്കുന്നത്. ഇതിനിടെ അമിതഭാരം കയറ്റിയ കണ്ടെയ്നറുകളും മറ്റും കുടുങ്ങുന്നതോടെ പ്രതിസന്ധി രൂക്ഷമാകും.
ചുരത്തിലെ ഗതാഗതനിയന്ത്രണം ശക്തമാക്കാൻ പൊലീസിന്റെ ഇടപെടൽ അത്യാവശ്യമാണ്. ചുരത്തിൽ മഴക്കാലത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തിൽ കോഴിക്കോട്, വയനാട് ജില്ല ഭരണകൂടങ്ങൾ മൾട്ടി ആക്സിൽ വാഹനങ്ങൾക്കു നിരോധനം പ്രഖ്യാപിച്ചെങ്കിലും ഫലപ്രദമായില്ല. നട്ടുച്ചക്കു പോലും മൾട്ടി ആക്സിൽ ലോറികൾ ലോഡുമായി ചുരം കയറിയിറങ്ങുകയാണ്.
ചുരത്തിൽ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ഗതാഗതക്കുരുക്ക്
24 മണിക്കൂറും അടിവാരത്ത് പൊലീസ് ഉണ്ടാകുമെന്നാണ് അധികൃതർ പറയുന്നതെങ്കിലും ഒന്നും നടക്കുന്നില്ല. രണ്ട് ആക്സിലിൽ കൂടുതലുള്ള ട്രക്ക്, ലോറി, ടാങ്കർ, ട്രെയിലർ, കണ്ടെയ്നർ വാഹനങ്ങൾ, മറ്റു വലിയ മൾട്ടി ആക്സിൽ വാഹനങ്ങൾ എന്നിവക്ക് രാവിലെ ആറു മുതൽ രാത്രി എട്ടു വരെയാണ് നിയന്ത്രണം. കാലവർഷം അവസാനിക്കും വരെയോ അടുത്ത ഉത്തരവ് ഉണ്ടാകും വരെയോ നിയന്ത്രണമെന്നാണു കലക്ടറുടെ ഉത്തരവിലുള്ളത്. ഉത്തരവ് നടപ്പാക്കാൻ കോഴിക്കോട് റൂറൽ പൊലീസ് മേധാവിക്ക് നിർദേശവും നൽകിയിരുന്നു. അടിവാരം, ലക്കിടി എന്നിവിടങ്ങളിൽ 24 മണിക്കൂറും പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും പ്രഖ്യാപനം ഉണ്ടായിരുന്നു. എന്നാൽ, പൊലീസ് പരിോശധന ഇല്ലാത്തതിനാൽ നിരോധം ലംഘിച്ച് പകൽ സമയത്തുംപാലും വലിയ വാഹനങ്ങൾ ചുരത്തിലൂടെ പോകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.