മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിൽ അഞ്ചാമത്തെ സോണിൽ പ്രവൃത്തി മന്ദഗതിയിലായ നിലയിൽ
കൽപറ്റ: മുണ്ടക്കൈ ഉരുൾദുരന്തബാധിതർക്കായുള്ള കൽപറ്റ ബൈപാസിലെ ടൗൺഷിപ്പിന്റെ രണ്ടാംഘട്ട നിർമാണം ഇഴയുന്നു. പ്രവൃത്തികൾ നിലവിൽ മന്ദഗതിയിലാണ് നടക്കുന്നത്. ഇതിൽ അതിജീവിതർ ഏറെ ആശങ്കയിലാണ്. തൊഴിലാളികളുടെ കുറവ് ഉൾപ്പെടെയുള്ളവയാണ് ടൗൺഷിപ് പ്രവൃത്തി മന്ദഗതിയിലാക്കിയത്. അഞ്ചാമത്തെ സോണിലാണ് കൂടുതൽ വീടുകളുടെ നിർമാണം പൂർത്തിയാവാനുള്ളത്.
ഭൂരിഭാഗം വീടുകളുടെയും വാർപ്പ് പൂർത്തിയായെങ്കിലും അനുബന്ധപ്രവൃത്തികൾ ബാക്കിയുണ്ട്. ഒക്ടോബർ വരെയാണ് കരാർപ്രകാരമുള്ള ടൗൺഷിപ്പിന്റെ നിർമാണകാലാവധി. രണ്ടാംഘട്ടത്തിൽ നിർമിക്കേണ്ട 149 വീടുകളുടെ നിർമാണത്തിനും അനുബന്ധപ്രവൃത്തികളിലും പ്രതീക്ഷിച്ച വേഗമില്ലെന്നും സമയബദ്ധമായി ടൗൺഷിപ് നിർമാണം പൂർത്തിയാകുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും അതിജീവിതർ പറയുന്നു. എന്നാൽ, നിർമാണം ഏറ്റെടുത്ത ഊരാളുങ്കൽ സർവിസ് സൊസൈറ്റിയാണ് ഇതിന് കാരണമെന്നും പണി വൈകിപ്പിക്കാൻ അവരെ അനുവദിക്കില്ലെന്നും കഴിഞ്ഞ ദിവസം മന്ത്രി ടി. സിദ്ദീഖ് പറഞ്ഞു.
നേരത്തേ, ടൗൺഷിപ്പിന്റെ പ്രവൃത്തി വേഗത്തിലാക്കാൻ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റീവ് സൊസൈറ്റിയുടെ (യു.എൽ.സി.സി.എസ്) നേതൃത്വത്തിൽ നിർമാണപ്രവൃത്തി നടക്കുന്നയിടങ്ങളിൽനിന്ന് തൊഴിലാളികളെ എത്തിച്ചിരുന്നു. എന്നാൽ, അവരെയും ടൗൺഷിപ് പ്രദേശത്ത് നിന്ന് കമ്പനി തിരികെ കൊണ്ടുപോയിട്ടുണ്ട്. നാട്ടിലേക്കുപോയ തൊഴിലാളികൾ തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണെന്നും കൂടുതൽ തൊഴിലാളികൾ എത്തുന്നതോടെ പ്രവൃത്തി വേഗത്തിലാവുമെന്നും യു.എൽ.സി.സി.എസ് അധികൃതർ പറയുന്നു. നിലവിൽ വീടുകളുടെ പ്ലംബിങ്, വയറിങ് തുടങ്ങിയ പ്രവൃത്തികളാണ് പ്രാധാനമായും നടക്കുന്നതെന്നും പ്രവൃത്തി പൂർത്തിയാക്കി വീടുകൾ വേഗത്തിൽ കൈമാറുമെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.