കൽപറ്റയിൽ എ​ൽ.​ഡി.​എ​ഫ് ശ​ക്തി​കേ​ന്ദ്ര​ങ്ങ​ൾ സി​ദ്ദീ​ഖി​നൊ​പ്പം

കൽപറ്റ: കൽപറ്റ നിയമസഭ മണ്ഡലം രൂപവത്കരിച്ചതിന് ശേഷമുള്ള 45,031 എന്ന ഏറ്റവും വലിയ ഭൂരിപക്ഷം നേടിയ ടി. സിദ്ദീഖിന്റേത് ആധികാരിക ജയം. മണ്ഡലത്തിൽ 2011ൽ എം.വി. ശ്രേയാംസ്‌കുമാർ നേടിയ 18,169 വോട്ടുകളുടെ ഭൂരിപക്ഷമാണ് സിദ്ദീഖ് ഇത്തവണ മറികടന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ 17,669 വോട്ടായിരുന്നു കൽപറ്റയിൽ യു.ഡി.എഫിന് അധികമായി ലഭിച്ചത്. മണ്ഡലത്തിലെ 11 തദ്ദേശ സ്ഥാപനപരിധിയിലും യു.ഡി.എഫിന് വ്യക്തമായ ആധിപത്യമാണ് ഇത്തവണ ഉണ്ടായത്. കഴിഞ്ഞ തവണത്തെ കണക്കു നോക്കുമ്പോൾ തരിയോട് ഒഴികെ മറ്റ് തദ്ദേശ സ്ഥാപനങ്ങളിൽ യു.ഡി.എഫ് ആധിപത്യം പുലർത്തി. ഇവിടങ്ങളിൽ രണ്ടായിരത്തിലധികം വോട്ടിന്റെ ലീഡ് ഉയർത്താൻ ടി. സിദ്ദീഖിനായിട്ടുണ്ട്. എൽ.ഡി.എഫിന് തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ ഉൾപ്പെടെ വോട്ടുചോർച്ചയുണ്ടായി.

കണിയാമ്പറ്റ, പടിഞ്ഞാറത്തറ പഞ്ചായത്തുകളിൽനിന്ന് ലഭിച്ച വോട്ടുകളാണ് റെക്കോഡ് ഭൂരിപക്ഷം സിദ്ദീഖിന് നേടിക്കൊടുക്കാൻ കൂടുതൽ കരുത്തുപകർന്നത്. കണിയാമ്പറ്റയിൽ 7970 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്. കണിയാമ്പറ്റ, മേപ്പാടി, തരിയോട് പഞ്ചായത്തുകളിലെ മുഴുവൻ പോളിങ് സ്റ്റേഷനുകളിലും യു.ഡി.എഫ് തന്നെയാണ് ഒന്നാമതെത്തിയത്. തരിയോട് നിന്നാണ് ഏറ്റവും കുറവ് ഭൂരിപക്ഷം ലഭിച്ചത്, 1785 വോട്ടുകൾ. ഉരുൾദുരന്ത മേഖലകൾ ഒന്നാകെ ടി. സിദ്ദീഖിന് വോട്ടുചെയ്തു.

എൽ.ഡി.എഫ് ശക്തികേന്ദ്രങ്ങളായ വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി പഞ്ചായത്തുകളിലും 2000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം ടി. സിദ്ദീഖിന് നേടാനായി. ഉരുൾ ദുരന്തമുണ്ടായ മേപ്പാടി പഞ്ചായത്തിൽ മാത്രം നാലായിരത്തിലധികം വോട്ടുകളാണ് സിദ്ദീഖിന് കിട്ടിയത്. 2021ൽ മേപ്പാടിയിൽ നിന്ന് എൽ.ഡി.എഫിനായിരുന്നു കൂടുതൽ വോട്ടുകൾ കിട്ടിയത്. അതേസമയം, കൽപറ്റയിലെ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ വൻതോൽവി സംബന്ധിച്ച് പ്രത്യേക പരിശോധന നടത്താനുള്ള ഒരുക്കത്തിലാണ് സി.പി.എം.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകളിലെല്ലാം കുറഞ്ഞതു രണ്ടു പഞ്ചായത്തുകളിലെങ്കിലും ലീഡ് നേടാൻ എൽ.ഡി.എഫിനു കഴിഞ്ഞിരുന്നു. ഇക്കുറി സ്വന്തം സ്വാധീന മേഖലളകളടക്കം യു.ഡി.എഫിന് ഒപ്പംനിന്നു. മുമ്പ്, രാഹുൽ ഗാന്ധി മത്സരിച്ച ലോക്സഭ തെരഞ്ഞെടുപ്പുകളിലും 2024ൽ പ്രിയങ്ക ഗാന്ധി മത്സരിച്ച ഉപതെരഞ്ഞെടുപ്പിലും മാത്രമാണ് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും യു.ഡി.എഫിനു ഭൂരിപക്ഷം നേടാനായത്. 2025ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പോലും വൈത്തിരി, കൽപറ്റ നഗരസഭ എന്നിവിടങ്ങളിൽ എൽ.ഡി.എഫിനായിരുന്നു ലീഡ്. കൽപറ്റയിൽ ആർ.ജെ.ഡിയുടെ പി.കെ അനിൽകുമാറാണ് ഇത്തവണ മത്സരിച്ചത്. എന്നാൽ, സീറ്റ് ഘടകക്ഷിക്ക് കൊടുത്തതിനുമപ്പുറം സ്ഥാനാർഥി നിർണയത്തിൽ പിഴവുണ്ടായി എന്നാണ് നിലവിലെ സി.പി.എം വിലയിരുത്തൽ. അത് നേതാക്കളും സമ്മതിക്കുന്നുണ്ട്. മുൻ കോൺഗ്രസ് നേതാവ് കൂടിയായ അനിൽകുമാർ രംഗത്തുവന്നതോടെ നല്ല മത്സരം നടക്കുമെന്നായിരുന്നു ആദ്യവിലയിരുത്തൽ. എന്നാൽ അടിമുടി എല്ലാം പാളി.

കൽപറ്റയിൽ എൽ.ഡി.എഫ്-യു.ഡി.എഫ് വ്യത്യാസം 25.97 ശതമാനം

സുൽത്താൻ ബത്തേരിയിൽ 9.33ഉം മാനന്തവാടിയിൽ 6.39ഉം ശതമാനം വോട്ട് യു.ഡി.എഫ് അധികം നേടി

കൽപറ്റ: നിയമസഭ തെരഞ്ഞെടുപ്പിൽ കൽപറ്റ മണ്ഡലത്തിൽ ഇടതു മുന്നണിയേക്കാൾ യു.ഡി.എഫ് അധികം നേടിയത് 25.97 ശതമാനം വോട്ട്. പോൾ ചെയ്തതിൽ 56.15 ശതമാനം (97,379) യു.ഡി.എഫിന് ലഭിച്ചു. 30.18 ശതമാനമാണ് (52,348) എൽ.ഡി.എഫിന് നേടാനായത്. 11.06 ശതമാനമാണ് (19,175) എൻ.ഡി.എ വിഹിതം.

സുൽത്താൻ ബത്തേരി മണ്ഡലത്തിൽ യു.ഡി.എഫ് എൽഡിഎഫിനേക്കാൾ 9.33 ശതമാനം വോട്ട് കൂടുതൽ കരസ്ഥമാക്കി. പോൾ ചെയ്ത 1,76,938 വോട്ടിൽ 44.61 ശതമാനം (78,936) യു.ഡി.എഫിന് ലഭിച്ചു. എൽ.ഡി.എഫിന് 35.23 ശതമാനം(62,339) വോട്ട് കിട്ടി. 17.69 ശതമാനമാണ് എൻ.ഡി.എ വോട്ടുവിഹിതം-31,308.

മാനന്തവാടിയിൽ 6.39 ശതമാനമാണ് യു.ഡി.എഫ്, എൽ.ഡി.എഫ് വോട്ട് വ്യത്യാസം. പോൾ ചെയ്ത 16,5006 വോട്ടിൽ 46.92 ശതമാനമാണ് (77,425) യു.ഡി.എഫ് നേടിയത്. 40.53 ശതമാനം വോട്ട് (66,882)എൽ.ഡി.എഫിന് ലഭിച്ചു. എൻ.ഡി.എ 11.93 ശതമാനം(19,681)വോട്ട് നേടി.

വോട്ടുകൾ, കൽപറ്റ ചരിത്രം ഇങ്ങനെ

കൽപറ്റ മണ്ഡലത്തിൽ ആകെയുള്ള 2,13,137 വോട്ടർമാരിൽ 1,72,304 പേരാണ് ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഇതിൽ 1,69,958 വോട്ടുകൾ ഇലേക്ട്രാണിക് വോട്ടിങ് മെഷീനുകളിലും 2346 വോട്ടുകൾ പോസ്റ്റൽ ബാലറ്റുകളിലുമാണ് രേഖപ്പെടുത്തിയത്. അഡ്വ. ടി. സിദ്ദീഖിന് 97,379 വോട്ടുകളാണ് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ആർ.ജെ.ഡിയുടെ പി.കെ അനിൽകുമാറിന് 52,348 വോട്ടുകളാണ് കിട്ടിയത്. ഇതോടെ മണ്ഡലചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം സിദ്ദീഖിന്റെ പേരിലായി. 1970ൽ പി. സിറിയക് ജോൺ (കോൺഗ്രസ്) 29,950 വോട്ട് നേടിയപ്പോൾ എതിർ സ്ഥാനാർഥി എസ്.ഒ.പിയിലെ കെ.കെ അബുവിന് 19,509 മാത്രമാണ് കിട്ടിയത്. 10441 വോട്ടിന്റെ ഭൂരിപക്ഷം. 1977 കോൺഗ്രസിലെ കെ.ജി. അടിയോടി 28713 വോട്ടും ബി.എൽ.ഡിയിലെ എം.പി. വീരേന്ദ്രകുമാർ 26,608 വോട്ടും നേടി. അത്തവണ 2105 വോട്ട് ഭൂരിപക്ഷം കെ.ടി. അടിയോടിക്ക് ലഭിച്ചു.

1982 എം. കമലം 13038 വോട്ടുകൾക്ക് ആർ.എസ്.പിയിലെ കെ. അബ്ദുൽ ഖാദറിനെ പരാജയപ്പെടുത്തി. 1987ൽ എം.പി. വിരേന്ദ്രകുമാറിനോട് 17958 വോട്ടുകൾക്ക് യു.ഡി.എഫിലെ സി. മമ്മൂട്ടി പരാജയപ്പെട്ടു. 1991ൽ 3792 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കെ.കെ. രാമചന്ദ്രൻ മാസ്റ്റർ കെ.കെ. ഹംസയെ തോൽപ്പിച്ചു. 1996ലും കെ.കെ. രാമചന്ദ്രൻ മാസ്റ്റർക്കായിരുന്നു വിജയം. 6922 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാസ്റ്റർ ജനതാദളിലെ ജൈനേന്ദ്ര കൽപറ്റയെ തോൽപിച്ചത്. 2001ൽ കെ.കെ. ഹംസയെ കെ.കെ. രാമചന്ദ്രൻ മാസ്റ്റർ (കോൺഗ്രസ്) 17440 വോട്ടുകൾക്ക് വീണ്ടും തോൽപിച്ച് അദ്ദേഹം ഹാട്രിക് വിജയം പൂർത്തിയാക്കി. എന്നാൽ, 2006ൽ 1841 വോട്ടുകൾക്ക് എം.വി. ശ്രേയാംസ്കുമാർ (ജെ.ഡി.എസ്) കെ.കെ. രാമചന്ദ്രൻ മാസ്റ്ററെ പരാജയപ്പെടുത്തി.

2011ൽ യു.ഡി.എഫ് മുന്നണിയിൽ നിന്ന് ജനവിധി തേടിയ എം.വി. ശ്രേയാംസ്കുമാർ (എസ്.ഡെ.ജി) 18169 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സി.പി.എമ്മിലെ പി.എ. മുഹമ്മദിനെ തോൽപിച്ചു. 2016 എം.വി. ശ്രേയാംസ്കുമാറിനെതിരെ എൽ.ഡി.എഫിലെ സി.കെ. ശശീന്ദ്രൻ 13083 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. 2021ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സീറ്റിൽ മത്സരിച്ച അഡ്വ. സിദ്ദീഖ് 5470 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയിച്ചത്.

Tags:    
News Summary - LDF power centers in Kalpetta are with Siddique

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.