കൽപറ്റ: നിയമസഭ തെരഞ്ഞടുപ്പ് പ്രഖ്യാപിച്ചിട്ടും കൽപറ്റയിൽ സ്ഥാനാർഥി ചിത്രം അവ്യക്തം. യു.ഡി.എഫിൽ ടി.സിദ്ദീഖ് വീണ്ടും മത്സരിക്കുമെന്ന് ഏറെക്കുറേ ഉറപ്പാണെങ്കിലും എൽ.ഡി.എഫിന്റെ കാര്യത്തിൽ ഇതുവരേയും തീരുമാനമായിട്ടില്ല. എൽ.ഡി.എഫിൽ ആർ.ജെ.ഡിക്ക് അവകാശപ്പെട്ടതാണ് കൽപറ്റ സീറ്റ്. സ്ഥാനാർഥികളാകാൻ നിരവധിപേർ രംഗത്തുണ്ടെങ്കിലും അന്തിമ തീരുമാനം ഇനിയും ഉണ്ടായിട്ടില്ല. ബി.ജെ.പി സ്ഥാനാർത്ഥിയുടെ കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല.
ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലും ഇത്തവണ തീപാറും പോരാട്ടം നടക്കുമെന്നാണ് പ്രതീക്ഷുന്നത്. കൽപറ്റയിൽ സിദ്ധീഖിനോട് ഏറ്റുമുട്ടാൻ ശക്തനായ സ്ഥാനാർഥിയെ എൽ.ഡി.എഫ് രംഗത്തിറക്കിയാൽ മത്സരം കനക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്. കൽപറ്റ മണ്ഡലത്തിലെ കൽപറ്റ മുൻസിപാലിറ്റിയിൽ ഭരണം നഷ്ടപ്പെട്ടതും മൂപ്പൈനാട് എൽ.ഡി.എഫ് പിടിച്ചെടുത്തതും കോൺഗ്രസ് ആശങ്കയോടെയാണ് കാണുന്നത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുമ്പോൾ കൽപറ്റ യു.ഡി.എഫിന് ഈസി വാക്കോവറാണെങ്കിലും കോൺഗ്രസിനകത്ത് നിലനിൽക്കുന്ന ഗ്രൂപ്പുപോര് ഉൾപ്പടെയുള്ള വിഷയങ്ങൾ തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ഭീതിയും മുന്നണിക്കുണ്ട്. നിയോജക മണ്ഡലം പരിധിയില്‍ ആകെയുള്ള 173 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ സ്വതന്ത്രരടക്കം 107 സ്ഥലങ്ങളിലും യു.ഡി.എഫിനാണ് ജയം. എല്‍.ഡി.എഫ് സ്വതന്ത്രരടക്കം 61 ഇടങ്ങളില്‍ മാത്രമാണ് വിജയിച്ചത്. എന്‍.ഡി.എ മൂന്ന് വാര്‍ഡുകളില്‍ ഒതുങ്ങി. എന്നാൽ, യു.ഡി.എഫ് ഭരിച്ചിരുന്ന കല്പറ്റ നഗരസഭയില്‍ 17 വാര്‍ഡുകളും എല്‍.ഡി.എഫ് വിജയിച്ചപ്പോള്‍ 11 ഇടത്ത് യു.ഡി.എഫ് ഒതുങ്ങി. രണ്ടിടത്ത് എന്‍.ഡി.എയും വിജയിച്ചു.
കല്പറ്റ ബ്ലോക്ക് പഞ്ചായത്തിൽ യു.ഡി.എഫിന് വ്യക്തമായ ആധിപത്യമുണ്ട്. ആകെയുള്ള 16 ഡിവിഷനുകളില്‍ രണ്ടിടത്ത് മാത്രമാണ് എല്‍.ഡി.എഫ് വിജയിച്ചത്. 14 ഡിവിഷനുകളിലും യു.ഡി.എഫ് ആണ്. കല്പറ്റ നിയോജക മണ്ഡലം പരിധിയിലെ ജില്ല പഞ്ചായത്ത് ഡിവിഷനുകളില്‍ ഒന്നില്‍ പോലും എല്‍.ഡി.എഫിന് വിജിയിക്കാനായില്ല. ഇതൊക്കെ യു.ഡി.എഫിന് വലിയ ആത്മ വിശ്വാസം നൽകുന്നതാണെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിൽ ഇതിന്റെ പ്രതിഫലനം ഉണ്ടാകുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 5,470 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 2021ലെ നിയമസഭ തെരഞ്ഞടുപ്പില്‍ ടി. സിദ്ദീഖ് എം.എല്‍.എയായത്.
ആത്മഹത്യചെയ്ത മുൻ ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ കുടുംബം ഐ.സി. ബാലകൃഷ്ണനെതിരെ രംഗത്ത്. വിജയന്റെ ആത്മഹത്യ കുറുപ്പിൽ ഐ.സി. ബാലകൃഷ്ണനെതിരെ പരാമർശമുണ്ട്. കുറ്റാരോപിതരെ തിരഞ്ഞെടുപ്പിൽ നിന്ന് മാറ്റി നിർത്തുമെന്ന പ്രിയങ്ക ഗാന്ധി കൊടുത്ത ഉറപ്പ് പാലിക്കുന്നില്ലെന്ന് വിജയന്റെ കുടുംബം ആരോപിക്കുന്നു. സമൂഹമാധ്യമങ്ങളിലും ഇതു സംബന്ധിച്ചുള്ള വാഗ്വാദങ്ങൾ ശക്തമായിട്ടുണ്ട്.
എൻ.എം വിജയന്റെ ആത്മഹത്യ ഐ.സിക്കെതിരെ ഇടത് സൈബർ പോരാളികൾ ആയുധമാക്കുമ്പോൾ ബ്രഹ്മഗിരിയിലൂടെ തിരിച്ചടിക്കാനാണ് യു.ഡി.എഫ് അണികൾ ശ്രമിക്കുന്നത്. സുൽത്താൻ ബത്തേരി അർബൻ ബാങ്കിലെ എൻ.എം. വിജയന്റെ വായ്പ ബാധ്യതകൾ കെ.പി.സി.സി അടച്ചുതീർത്തിരുന്നു. അതോടെ, ഐ.സിക്കും കോൺഗ്രസിനുമെതിരെയുള്ള വിവാദങ്ങൾ അവസാനിപ്പിക്കാമെന്നാണ് നേതൃത്വം കരുതിയത്. മാസങ്ങൾക്ക് ശേഷം, തെരഞ്ഞെടുപ്പ് അടുത്ത അവസരത്തിൽ വിജയന്റെ കുടുംബം രംഗത്തുവന്നത് യു.ഡി.എഫ് നേതൃത്വം പ്രതീക്ഷിക്കാത്തതാണ്. അതിനാൽ, അവസാന നിമിഷം ഐ.സിയെ മാറ്റി പുതിയ തന്ത്രങ്ങൾ മെനയാൻ യു.ഡി.എഫ് തയാറാകുമോ എന്നത് ദിവസങ്ങൾക്കുള്ളിൽ അറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.