കനത്ത മഴയിൽ മുട്ടിൽ കുമ്പളാട് ഉന്നതിയിലെ വീടുകളിൽ വെള്ളം കയറിയപ്പോൾ. താമസക്കാരെ പറളിക്കുന്ന് സ്കൂളിലേക്ക് മാറ്റി
കൽപറ്റ: വയനാട്ടിൽ ശക്തമായ മഴ തുടരുന്നു. കൽപറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി മേഖലകളിൽ മഴ ശക്തമാണ്. വിവിധയിടങ്ങളിൽ നാശനഷ്ടവും കൂടി വരികയാണ്. ജില്ലയിൽ പത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ആകെ 314 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളിലെ മുട്ടില്‍, നെന്മേനി, നൂല്‍പ്പുഴ വില്ലേജ് പരിധിയിലെ ഉന്നതികളില്‍ താമസിക്കുന്നവരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്.
പാമ്പുംകുനി ഉന്നതിയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് നെന്മേനി കോളിയാടി എ.യു.പി.എസ് സ്കൂളില്‍ ആരംഭിച്ച ക്യാമ്പില്‍ അഞ്ച് പുരുഷന്മാരും അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളുമുണ്ട്. ഇവരിലൊരാൾ ഗർഭിണിയാണ്. ചീരാല്‍ വെള്ളച്ചാല്‍ ഉന്നതിയില്‍ വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ ഏഴ് കുടുംബങ്ങളെ കല്ലിങ്കര എ.യു.പി സ്കൂളിലേക്ക് മാറ്റി.
ക്യാമ്പില്‍ ഏഴു പുരുഷന്മാരും അഞ്ചു സ്ത്രീകളും ആറ് കുട്ടികളുമാണുള്ളത്. നൂല്‍പ്പുഴ പുഴങ്കുനി ഉന്നതിയിലെ ഏഴ് കുടുംബങ്ങളെ കല്ലൂര്‍ ജി.എച്ച്.എസ് സ്കൂളില്‍ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റി. മൂന്നു പുരുഷന്മാരും അഞ്ചു സ്ത്രീകളും ഒമ്പത് കുട്ടികളും ക്യാമ്പിലുണ്ട്.ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ചൊവ്വാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
റെഡ് അലര്‍ട്ട് സോണില്‍ 24 മണിക്കൂറില്‍ 204.4 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് വ്യക്തമാക്കുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ ചൊവ്വാഴ്ച ട്യൂഷന് സെന്ററുകള്‍, മദ്റസകള്‍, അംഗൻവാടികള്‍, പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ല കലക്ടര്‍ ഡി.ആര്. മേഘശ്രീ അവധി പ്രഖ്യാപിച്ചു. റെസിഡന്‍ഷല്‍ സ്കൂളുകള്‍ക്കും റെസിഡന്‍ഷല്‍ കോളജുകള്‍ക്കും അവധി ബാധകമല്ല.
മീനങ്ങാടി: ശക്തമായ മഴയെ തുടർന്ന് പുറക്കാടി വില്ലേജ് പരിധിയിൽ കോട്ടൂർ കോളനിയിൽ ദേവകിയുടെ വീടിനു മുകളിലേക്ക് തേക്കു മരം കടപുഴകി. മേൽക്കൂര തകർന്ന് ഭാഗികമായ നാശനഷ്ടം സംഭവിച്ചു. വീട്ടിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറിയിട്ടുണ്ട്.
കൽപറ്റ: ജില്ലയില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമ്പോള്‍ മേയ് 26ന് രാവിലെ എട്ടു മുതല്‍ 27ന് രാവിലെ എട്ടു വരെ കണക്കാക്കിയ മഴയളവില്‍ കൂടുതല്‍ മഴ ലഭിച്ചത് പടിഞ്ഞാറത്തറ ബാണാസുര ഭാഗത്താണ്. 24 മണിക്കുറില്‍ 250 മില്ലിമീറ്റര്‍ മഴയാണ് പ്രദേശത്ത് ലഭിച്ചത്.
തൊണ്ടര്‍നാട്, പൊഴുതന, വൈത്തിരി, തവിഞ്ഞാല്‍, തരിയോട്, വെള്ളമുണ്ട, മേപ്പാടി ഗ്രാമപഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലായി 200 മില്ലിമീറ്ററിന് മുകളില്‍ മഴ ലഭിച്ചു. ജില്ലയില്‍ ഏറ്റവും കുറവ് മഴ ലഭിച്ചത് മുള്ളന്‍ക്കൊല്ലി ഗ്രാമപഞ്ചായത്തിലെ കൊളവള്ളിയിലാണ്. 45 മില്ലിമീറ്റര്‍ മഴയാണ് പ്രദേശത്ത് ലഭിച്ചത്.
തൊണ്ടര്‍നാട്: ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ ഭീഷണിയായി നില്ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കാലവര്‍ഷക്കെടുതിയില്‍ മരം വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാന്‍ ഉടമസ്ഥര്‍ മരങ്ങള്‍ മുറിച്ചു മാറ്റുകയോ വെട്ടിയൊതുക്കുകയോ ചെയ്യണം.
മരങ്ങള്‍ മുറിച്ചു മാറ്റാതെ സംഭവിക്കുന്ന അപകടത്തിനും നഷ്ടങ്ങള്‍ക്കും ദുരന്തനിവാരണ നിയമം 2005 സെക്ഷന്‍ 30 2(V) പ്രകാരം ഉടമസ്ഥനാണ് ഉത്തരവാദിയെന്നും സെക്രട്ടറി അറിയിച്ചു.
സര്‍ക്കാറിലേക്ക് റിസര്‍വ് ചെയ്ത തേക്ക്, വീട്ടി തുടങ്ങിയ സംരക്ഷിത മരങ്ങള്‍ മുറിച്ചു മാറ്റാന്‍ നിലവിലെ ചട്ടങ്ങളും ഉത്തരവുകളും പ്രകാരമുള്ള നടപടികള്‍ പാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.