1. ബസുകൾ കയറാത്തതിനാൽ രാത്രി എട്ടിന് ശേഷം വിജനമായ കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് 2. രാത്രിയിൽ പഴയ ബസ് സ്റ്റാൻഡിന് പുറത്ത് പാതയോരത്ത് ബസ് കാത്തുനിൽക്കുന്നവർ
കൽപറ്റ: ജില്ല ആസ്ഥാനമായ കൽപറ്റ നഗരത്തിൽ രാത്രിയായാൽ പിന്നെ ദീർഘദൂര യാത്രക്കാർ ബസുകൾ കാത്ത് തെരുവിൽ പാതയോരത്ത് നിൽക്കണം. പുതിയ ബസ് സ്റ്റാൻഡിലും പഴയ ബസ് സ്റ്റാൻഡിലും സന്ധ്യമയങ്ങിയാൽ പിന്നെ സ്വകാര്യ-കെ.എസ്.ആർ.ടി.സി ബസുകൾ കയറാത്തതാണ് കാരണം. ഇതിനാൽ ബംഗളൂരു ഭാഗത്തേക്കുള്ള യാത്രക്കാർ പുതിയ ബസ് സ്റ്റാൻഡിന് പുറത്തും ഹെഡ്പോസ്റ്റ് ഓഫിസിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലും കാത്തുനിൽക്കണം.
ചുരത്തിൽ ദിനേനയെന്നോണം ഗതാഗതക്കുരുക്കിൽപെട്ട് മണിക്കൂറുകൾ കഴിഞ്ഞാണ് ബസുകൾ ചുരം കയറി കൽപറ്റയിൽ എത്തുക. എന്നാൽ, റിസർവേഷൻ യാത്രക്കാരടക്കം കൃത്യസമയത്തുതന്നെ പാതയോരത്ത് വന്ന് കാത്തുനിൽക്കണം. ചുരം കുരുക്കിൽ പെട്ട് ബസുകൾ മണിക്കൂറുകൾ വൈകുമ്പോഴും സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർ പ്രാഥമിക കാര്യങ്ങൾക്ക് പോലും സൗകര്യമില്ലാതെ ദുരിതം തിന്ന് ദീർഘമായി പാതയോരത്ത് നിൽക്കുകയാണ് പതിവ്.
കോഴിക്കോട്, എറണാകളും ഭാഗത്തേക്കുള്ളവരാകട്ടെ പഴയ ബസ് സ്റ്റാൻഡിന് മുന്നിലും കാത്തുനിൽക്കണം. എല്ലാവിധ സൗകര്യങ്ങൾ ഉള്ളതും ജില്ലയിലെ ഏറ്റവും വലുതുമായ പുതിയ ബസ് സ്റ്റാൻഡിൽ പോലും രാത്രിയിൽ ബസുകൾ കയറുന്നില്ല.
കെ.എസ്.ആർ.ടി.സി റിസർവേഷൻ കൗണ്ടർ പ്രവർത്തിക്കുന്നത് പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ ആണെങ്കിലും യാത്രക്കാർ മുഴുവൻ ബസ് കയറാൻ കാത്തു നിൽക്കേണ്ടത് പഴയ ബസ് സ്റ്റാൻഡിനു മുന്നിൽ പാതയോരത്താണ്. പുതിയ ബസ് സ്റ്റാൻഡ് നിലവിൽ വരുന്നതിനു മുമ്പ് റിസർവേഷൻ കൗണ്ടർ പ്രവർത്തിച്ചിരുന്നത് പഴയതിലാണ്. എന്നാൽ, പുതിയ ബസ് സ്റ്റാൻഡ് പ്രവർത്തനം തുടങ്ങി പത്തു വർഷത്തിലധികമായിട്ടും കെ.എസ്.ആർ.ടി.സിയിൽ സീറ്റ് റിസർവ് ചെയ്യുന്നവർക്ക് ഇപ്പോഴും ബോർഡിങ് പോയന്റ് കാണിക്കുന്നത് പഴയ ബസ് സ്റ്റാൻഡ് തന്നെയാണ്.
കൂടുതൽ ദീർഘദൂര ബസുകൾ രാത്രികാലങ്ങളിൽ
ഏറ്റവും കൂടുതൽ ദീർഘദൂര ബസുകൾ കൽപറ്റ വഴി കടന്നു പോകുന്നത് രാത്രി സമയത്താണ്. മൈസൂരു, ബംഗളൂരൂ ഭാഗത്തേക്കും എറണാകുളം, തിരുവനന്തപുരം ഭാഗത്തേക്കും ദിനംപ്രതി നൂറുകണക്കിന് ആളുകൾ യാത്ര ചെയ്യുന്നുണ്ട്. സ്ത്രീകളും പ്രായമായവരും കുട്ടികളും കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവരും അയൽ സംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളും വിനോദ സഞ്ചാരികളുമടക്കം രാത്രിയിൽ പാതയോരത്തു മണിക്കൂറുകൾ കാത്തു നിൽക്കണം. മഴക്കാലത്ത് ദുരിതം കൂടും. യാത്രക്കാരുമായി വരുന്ന വാഹനങ്ങൾ റോഡിനു ഇരുവശത്തും മണിക്കൂറുകൾ നിർത്തിയിടുന്നത് മൂലം ഗതാഗതതടസ്സവും പതിവാണ്.
പുതിയ ബസ് സ്റ്റാൻഡ് പിന്നെയെന്തിനാ...?
എല്ലാ സൗകര്യങ്ങളുമുള്ള കൽപറ്റ പുതിയ ബസ് സ്റ്റാൻഡിൽ പോലും രാത്രിയിൽ ബസ് കയറാത്തതിന് അധികൃതർക്കുമില്ല ഉത്തരം. ഇരിപ്പിടം, ശൗചാലയം, വാഹനപാർക്കിങ് തുടങ്ങിയ സൗകര്യങ്ങൾ ഈ സ്റ്റാൻഡിലുണ്ട്.
മൾട്ടി ആക്സിൽ വാഹനങ്ങളും, സ്ലീപ്പർ കോച്ച് ബസുകളും പഴയ സ്റ്റാൻഡിൽ കയറ്റാനും ഇറക്കാനും ബുദ്ധിമുട്ടായതിനാലാണ് പുറത്തുനിർത്തുന്നത് എന്നാണ് ബസ് ജീവനക്കാർ പറയുന്നത്. എന്നാൽ, ഇത്തരം ബസുകൾക്ക് പുതിയ സ്റ്റാൻഡിൽ കയറി ഇറങ്ങാൻ പ്രയാസം ഇല്ല.
പുതിയ ബസ് സ്റ്റാൻഡിൽ ടാക്സി കാറുകളുടെ പാർക്കിങ് ഉചിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയും ദീർഘദൂര ബസുകൾ ഇതുവഴി കയറുകയും ഇറങ്ങുകയും ചെയ്താൽ ഏറെ ഗുണകരമാകും. രാത്രി എട്ടു മുതൽ രാവിലെ എട്ടു വരെ ഇത് യാത്രക്കാർക്കും ബസ് ജീവനക്കാർക്കും ഒരുപോലെ സഹായകരമാണ്.
അധികൃതർക്ക് നിവേദനം നൽകി
കൽപറ്റ: കൽപറ്റ നഗരത്തിൽ രാത്രികാലങ്ങളിൽ ദീർഘദൂര ബസുകൾ ബസ് സ്റ്റാൻഡിൽ കയറാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ചോലവയൽ അർപ്പിതയിൽ എം.പി. പ്രേംജി ഗതാഗത മന്ത്രി, കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ തുടങ്ങിയവർക്ക് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.