ടൗണ്‍ഷിപ്: ആദ്യഘട്ട വീടുകൾ ഫെബ്രുവരിയില്‍ കൈമാറും

കൽപറ്റ: ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള മാതൃകാ ടൗണ്‍ഷിപ്പിന്റെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണെന്നും അടുത്ത മാസം ആദ്യഘട്ട വീടുകളുടെ കൈമാറ്റം നടത്തുമെന്നും റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു.

എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ടൗണ്‍ഷിപ്പിന്റെ നിർമാണ പുരോഗതി വിലയിരുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ദുരന്തത്തിന് ശേഷം സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ എല്ലാ കാര്യങ്ങളും നടപ്പാക്കിയിട്ടുണ്ട്. മറിച്ചുള്ളതെല്ലാം വ്യാജ പ്രചാരണങ്ങളാണ്. വീടുകള്‍ കൈമാറിയാല്‍ അന്ന് തന്നെ താമസമാരംഭിക്കുന്ന തരത്തില്‍ എല്ലാ പണികളും പൂര്‍ത്തിയാക്കിയാവും വീടുകള്‍ കൈമാറുക.

കർണാടക സര്‍ക്കാര്‍ വീട് നിർമാണത്തിനായി നല്‍കിയത് 10 കോടി രൂപയാണ്. വീട് നിർമാണത്തിന് കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കിയിട്ടില്ല. ദുരന്ത ബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ കേന്ദ്രസര്‍ക്കാറിന് നിഷ്പ്രയാസം സാധിക്കുമെന്നിരിക്കെ കേന്ദ്ര സര്‍ക്കാര്‍ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നത്.

കടം എഴുതിത്തള്ളാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയെ ചുമതലപ്പെടുത്തുന്ന സെക്ഷന്‍ 13 എടുത്ത് കളഞ്ഞ് ദുരന്തബാധിതരെ കൂടുതല്‍ ബുദ്ധിമുട്ടിക്കുകയാണ് ചെയ്തത്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ മാനുഷിക പരിഗണന നല്‍കി ദുരന്ത ബാധിതരെ സഹായിക്കുന്നുണ്ട്. വാടക കൃത്യമായി നല്‍കാനും ജീവനോപാധി നല്‍കാനും സംസ്ഥാന സര്‍ക്കാറിന് സാധിച്ചിട്ടുണ്ട്.

കച്ചവടക്കാര്‍ക്കുണ്ടായ നഷ്ടം പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. രാജ്യത്തെ മറ്റൊരു ദുരന്തബാധിതരേയും ഇതു പോലെ ഒരു സര്‍ക്കാറും ചേര്‍ത്ത് നിര്‍ത്തിയിട്ടില്ല. ഇതെല്ലാം വിസ്മരിച്ചാണ് വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ടൗണ്‍ഷിപ്പില്‍ 289 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി. അഞ്ച് സോണുകളിലായാണ് നിർമാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

കാട്ടാന ഇറങ്ങാത്ത സ്ഥലമുണ്ടോയെന്ന് മന്ത്രി

വയനാട്ടിൽ കാട്ടാന ഇറങാത്ത സ്ഥലം ഏതെങ്കിലും ഉണ്ടോയെന്ന റവന്യൂ മന്ത്രി കെ. രാജൻ. ടൗൺഷിപ് സന്ദർശിക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ദുരന്തബാധിതർക്ക് വീട് നിർമിക്കാനായി കോൺഗ്രസ് വാങ്ങിയ സ്ഥലത്ത് കാട്ടാന ശല്യമുണ്ടെന്ന ആരോപണതെത്ത കുറിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

വയനാട്ടിൽ എല്ലായിടത്തും വന്യമൃഗശല്യമില്ലേയെന്നും മന്ത്രി ചോദിച്ചു. കോൺഗ്രസ് വാങ്ങിയ സ്ഥലം കാട്ടാന ശല്യമുള്ള സ്ഥലമാണെന്ന് സി.പി.എം വ്യാപകമായി പ്രചരിപ്പിക്കുന്ന സന്ദർഭത്തിലാണ് മന്ത്രിയുടെ പ്രതികരണം.

വെള്ളാര്‍മല സ്‌കൂള്‍ പുനര്‍ നിർമിക്കും

ദുരന്തത്തില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂള്‍ പുനര്‍നിർമിക്കുമെന്ന് റവന്യു മന്ത്രി കെ. രാജന്‍. സര്‍ക്കാര്‍ സ്ഥലം ലഭ്യമായില്ലെങ്കില്‍ സ്ഥലം വില നല്‍കി വാങ്ങി അവിടെ സ്‌കൂള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ല കലക്ടര്‍ ഡി.ആര്‍. മേഘശ്രീ, കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെംബര്‍ സെക്രട്ടറി ശേഖര്‍ ലൂക്കോസ് കുര്യാക്കോസ്, കല്‍പറ്റ നഗരസഭ ചെയര്‍മാന്‍ പി. വിശ്വനാഥന്‍, വൈസ് ചെയര്‍പേഴ്‌സൻ എസ്. സൗമ്യ, മേപ്പാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൈജ ബേബി, സി. സീനത്ത്, ടൗണ്‍ഷിപ് ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ജെ.ഒ. അരുണ്‍, ഡി.എം ഡെപ്യൂട്ടി കലക്ടര്‍ കെ.എസ്. നസിയ എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Tags:    
News Summary - Township: First phase of houses to be handed over in February

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.