കൽപറ്റ: നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി ചർച്ചകൾ സജീവമാക്കി മുന്നണികൾ. വയനാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങൾ അനുസരിച്ച് മൂന്ന് നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫിനാണ് ആധിപത്യമെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിൽ ഇത് എത്രമാത്രം പ്രതിഫലിക്കുമെന്ന കാര്യത്തിൽ അവർക്കുതന്നെ ആശങ്കയുണ്ട്. 5470 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ടി. സിദ്ദീഖ് കഴിഞ്ഞതവണ വിജയിച്ച കൽപറ്റ മണ്ഡലത്തിൽ ഇത്തവണയും വിജയത്തിൽ കുറഞ്ഞതൊന്നും യു.ഡി.എഫ് പ്രതീക്ഷിക്കുന്നില്ല.
എന്നാൽ, ശക്തനായ സ്ഥാനാർഥിയെ രംഗത്തിറക്കിയാൽ അട്ടിമറി വിജയം നേടാനാവുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. അതിനാൽ, ഇരു മുന്നണികളും സ്ഥാനാർഥി ചർച്ചകൾ ഇപ്പോൾ തന്നെ ആരംഭിച്ചിട്ടുണ്ട്. നിലവിലെ എം.എൽ.എ ടി. സിദ്ദീഖിന് തന്നെയാണ് യു.ഡി.എഫിൽ സാധ്യത. സിറ്റിങ് എം.എൽ.എമാർ തുടരട്ടെയെന്ന കെ.പി.സി.സി തീരുമാനവും സിദ്ദീഖിന് അനുകൂലമാകും.
അതേസമയം, എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിലേക്ക് ആർ.ജെ.ഡി കളംമാറിച്ചവിട്ടിയാൽ കൽപറ്റ മണ്ഡലം അവർക്ക് വിട്ടുകൊടുക്കേണ്ടി വരുമോയെന്ന സംശയവും ഉയരുന്നുണ്ട്. അങ്ങനെ വന്നാൽ ജയസാധ്യത കൂടുതലായതിനാൽ എം.വി. ശ്രേയാംസ്കുമാറിന്റെ മകളെ തന്നെ മത്സരിപ്പിച്ചേക്കും. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ മന്ത്രിസ്ഥാനവും ഇവർക്ക് ലഭിക്കാനുള്ള സാധ്യതയാണ് ഇതിനുപിന്നിൽ.
എം.പിയെ കൂടാതെ എം.എൽ.എയെയും വയനാട്ടിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് എതിരെ ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. സംവരണ സീറ്റുകൾ മാറ്റിനിർത്തിയാൽ കൽപറ്റ മാത്രമാണ് വയനാട്ടിലെ കോൺഗ്രസ് നേതാക്കൾക്ക് മത്സരിക്കാനുളള ഏക മണ്ഡലം. ജില്ലയിലെ കോൺഗ്രസുകാർ പണിയെടുക്കാൻ മാത്രമുള്ളവരല്ലെന്നും സീറ്റ് ജില്ലയിലുള്ളവർക്ക് നൽകണമെന്നുമാണ് ഇവരുടെ വാദം.
ഇത്തരം വാദങ്ങൾ അംഗീകരിക്കുന്നപക്ഷം മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉൾപ്പടെയുള്ള നേതാക്കളുടെ പേരുകളാണ് പറഞ്ഞുകേൾക്കുന്നത്. അതേസമയം, കൽപറ്റ സീറ്റിന് വേണ്ടി മുസ്ലിം ലീഗും കരുക്കൾ നീക്കുണ്ടെന്നാണ് വിവരം. കഴിഞ്ഞ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ മുട്ടിൽ കോളജിൽ ഉൾപ്പെടെ, ടി. സിദ്ദീഖും ഐ.സി. ബാലകൃഷ്ണനും അടുത്ത നിയമസഭ കാണാമെന്ന് മോഹിക്കേണ്ട എന്ന് എഴുതിയ ബാനറുമായി മുസ്ലിം ലീഗ് വിദ്യാർഥി സംഘടനയായ എം.എസ്.എഫ് റാലി നടത്തിയത് വൻ വിവാദമായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ കോൺഗ്രസിനകത്ത് ഉയർന്ന വിവാദങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. തെരഞ്ഞെടുപ്പിൽ യുവത്വത്തെ ഉൾപ്പെടെ തഴഞ്ഞത് പാർട്ടിയിൽ വലിയ പൊട്ടിത്തെറിക്ക് കാരണമായിരുന്നു.
ജില്ലയിൽ കോൺഗ്രസിനെ നയിക്കുന്ന ചില മുതിർന്ന നേതാക്കളാണ് ഇതിന് പിന്നിലെന്ന ആരോപണവും ശക്തമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യു.ഡി.എഫിന് ശക്തമായ അനുകൂലതരംഗം ഉണ്ടായപ്പോഴും കൽപറ്റ മണ്ഡലത്തിൽ വേണ്ടത്ര മുന്നേറ്റമുണ്ടാക്കാൻ കഴിയാതിരുന്നതും കാര്യമായി ചർച്ചചെയ്യപ്പെടുന്നുണ്ട്. യു.ഡി.എഫിന്റെ കൈയിലുണ്ടായിരുന്ന കൽപറ്റ നഗരസഭയും മൂപ്പൈനാട്, മുട്ടിൽ പഞ്ചായത്തുകളും നഷ്ടപ്പെട്ടത് കോൺഗ്രസ് നേതാക്കളുടെ പിടിപ്പുകേട് കൊണ്ടാണെന്നാണ് ആരോപണം.
മണ്ഡലത്തിൽ ഉൾപ്പെടുന്ന ഉരുൾദുരന്ത മേഖലയിൽ യു.ഡി.എഫ് സ്ഥാനാർഥികൾ തോറ്റതും മുന്നണിക്ക് ക്ഷീണം ചെയ്തു. ഉരുൾദുരന്തവുമായി ബന്ധപ്പെട്ട് ടി. സിദ്ദീഖിനെതിരേ വലിയതോതിൽ സൈബർ ആക്രമണം നടന്നപ്പോൾ കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്തുനിന്ന് കാര്യമായ പ്രതിരോധം ഉയർന്നുവരാതിരുന്നതും വലിയ ചർച്ചയായിട്ടുണ്ട്.
കൽപറ്റ മണ്ഡലത്തിൽ കഴിഞ്ഞ തവണ എൽ.ഡി.എഫിനുവേണ്ടി മത്സരിച്ച് തോറ്റ ശ്രേയാംസ് കുമാർ ഇത്തവണ മത്സരത്തിനില്ലെന്നാണ് സൂചന. എൽ.ഡി.എഫിൽ തുടരുന്നപക്ഷം ആർ.ജെ.ഡിക്ക് അവകാശപ്പെട്ട സീറ്റിൽ മത്സരിക്കാൻ നിരവധി പേരുകൾ ഉയരുന്നുണ്ട്.
എൽ.ഡി.എഫിന് സാധ്യത കുറഞ്ഞ മണ്ഡലമായതിനാൽ തന്നെ ശ്രേയാംസ് കുമാറിന്റെ മകൾ മത്സരിക്കാനുള്ള സാധ്യതയും കുറവാണ്. പി.കെ. അനിൽകുമാർ, ജുനൈദ് കൈപ്പാണി, കെ.കെ. ഹംസ, പി.പി. ഷൈജൽ, അജ്മല് സാജിദ്, പി.എം. ഷബീറലി തുടങ്ങിയവരുടെ പേരുകളാണ് സ്ഥാനാർഥി ലിസ്റ്റിലേക്ക് ഉയർന്നുവരുന്നത്. അതേസമയം, കൽപറ്റ മണ്ഡലം ആർ.ജെ.ഡിയിൽനിന്നും വാങ്ങി കോഴിക്കോട് ജില്ലയിലെ ഏതെങ്കിലും മണ്ഡലം നൽകാനുള്ള നീക്കവും സി.പി.എം നടത്തുന്നുണ്ട്. അങ്ങനെ വന്നാൽ ജില്ല സെക്രട്ടറി കെ. റഫീഖ് ഉൾപ്പെടെയുള്ളവർക്കാണ് സാധ്യത.
അടുത്തിടെ സി.പി.എമ്മിലുണ്ടായ വിഭാഗീയത ഏറ്റവും കൂടുതൽ ബാധിക്കുക കൽപറ്റ മണ്ഡലത്തെയായിരിക്കും. സി.പി.എം കോട്ടകൾ ഇത്തവണ എൽ.ഡി.എഫിന് നഷ്ടപ്പെട്ടത് കടുത്ത വിഭാഗീയതയുടെ ഭാഗമാണെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.