കൽപറ്റ: മുണ്ടക്കൈ ഉരുൾ ദുരന്തബാധിതർക്കായി ജംഇയ്യത് ഉലമായെ ഹിന്ദിന്റെ നേതൃത്വത്തിൽ നിർമിച്ച 11 വീടുകളുടെ കൈമാറ്റം ചൊവ്വാഴ്ച മേപ്പാടിയിൽ നടക്കും. തൃക്കൈപ്പറ്റ നെല്ലിമാളത്ത് സാമൂഹിക പ്രവർത്തകനായ നാസർ മാനു നൽകിയ ഭൂമിയിലാണ് വീടുകൾ നിർമിച്ചത്.
ആറര സെന്റിൽ 800-900 സ്ക്വയർ ഫീറ്റിലാണ് ഓരോ വീടുമുള്ളത്. രണ്ട് ബെഡ്റൂം, അടുക്കള, ഹാൾ, സിറ്റ് ഔട്ട്, രണ്ട് ബാത്ത് റൂമിൽ ഒന്ന് അറ്റാച്ച്ഡ് എന്നിവയടങ്ങിയതാണ് ഓരോ വീടും. ഭാവിയിൽ മുകൾ നില പണിയാനുള്ള സൗകര്യത്തിനായി മുകളിലേക്കുള്ള സ്റ്റെയർ കേസും പണിതിട്ടുണ്ട്. തീർത്തും അർഹരായ കുടുംബങ്ങൾക്കാണ് വീടുകൾ നൽകുന്നത്. പലവിധ കാരണങ്ങളാൽ സർക്കാറിന്റെ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരാണിവർ.
ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പദ്ധതി പ്രദേശത്ത് ഫലവൃക്ഷത്തൈ നടും. ഇവിടെ നിർമിക്കുന്ന പള്ളിയുടെയും കമ്യൂണിറ്റി സെന്ററിന്റെയും ശിലാസ്ഥാപനം ജംഇയ്യത് ഉലമായെ ഹിന്ദ് ജനറൽ സെക്രട്ടറി ഹക്കീമുദ്ദീൻ ഖാസിമി നിർവഹിക്കും. തുടർന്ന് 11ന് മൂപ്പൈനാട് സെന്റ് ജോസഫ്സ് പാരിഷ് ഹാളിൽ നടക്കുന്ന വീടുകളുടെ താക്കേൽദാനചടങ്ങ് ഹക്കീമുദ്ദീൻ ഖാസിമി ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഇബ്രാഹിം അധ്യക്ഷത വഹിക്കും. ടി. സിദ്ദീഖ് എം.എൽ.എ മുഖ്യാതിഥിയാകും. വിവിധ രാഷ്ട്രീയപാർട്ടി നേതാക്കൾ പങ്കെടുക്കും. ഭാരവാഹികളായ മുഹമ്മദ് ഇബ്രാഹിം, മുഹമ്മദ് സൂഫിയാൻ, ഗഫൂർ വെണ്ണിയോട്, മുഫ്ത്തി മുസമ്മിൽ, മമ്മൂട്ടി അഞ്ചുകുന്ന്, യഹ്‍യാഖാൻ തലക്കൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.