കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം.​പി

മുഖ്യമന്ത്രി: ജില്ലയിലെ മൂന്ന് എം.എൽ.എമാരുടെയും പിന്തുണ കെ.സിക്ക്

കൽപറ്റ: കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. ഗോപാലിനെ പിന്തുണച്ച് വയനാട്ടിലെ എം.എൽ.എമാർ. വി.ഡി സതീശൻ, കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെയാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് എ.ഐ.സി.സി പരിഗണിക്കുന്നത്. വ്യാഴാഴ്ച എ.ഐ.സി.സി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും തിരുവനന്തപുരത്ത് എല്ലാ എം.എൽ.എമാരുടെയും അഭിപ്രായം ആരാഞ്ഞിരുന്നു. ഇതിന് ശേഷം പുറത്തുവന്ന നിരീക്ഷകരുടെ കൈയിലുണ്ടായിരുന്ന കടലാസുകളുടെ ചിത്രങ്ങൾ ഫോട്ടോഗ്രാഫർമാർ പകർത്തിയിരുന്നു.

ഇതിലാണ് എം.എൽ.എമാരുടെ പേരും അവർ പിന്തുണച്ച നേതാക്കളുടെ വിവരങ്ങളും ഉള്ളത്. ഇതുപ്രകാരം വയനാട്ടിലെ എം.എൽ.എമാരായ ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണൻ, ഉഷ വിജയൻ എന്നിവർ കെ.സി ഗോപാലിനെയാണ് പിന്തുണച്ചിരിക്കുന്നത് എന്ന് വ്യക്തമാണ്. എം.എൽ.എമാരുടെ പേരും മൊബൈൽ നമ്പറും ആരെയാണ് പിന്തുണച്ചത് എന്നുമാണ് ഈ കടലാസിൽ ഉള്ളത്. ഉഷ വിജയന്റെയും ടി. സിദ്ദീഖിന്റെയും പേരിന് നേരെ കെ.സി വേണുഗോപാൽ എന്നതിന്റ ചുരുക്കമായ ‘കെ.സി’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഐ.സി ബാലകൃഷ്ണന്റെ പേരിന് നേരെ ‘കെ.സി’ എന്നും രമേശ് ചെന്നിത്തല എന്നതിന്റെ ചുരുക്കമായ ‘ആർ.സി’ എന്നുമുണ്ട്.

അതേസമയം, വയനാട്ടിലെ എം.എൽ.എമാരുടെ നടപടിയിൽ മുസ്‍ലിം ലീഗ് പരസ്യമായ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. എം.എൽ.എമാർ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ ജനവികാരം കൂടി കണക്കിലെടുക്കണമെന്ന് മുസ്‍ലിം ലീഗ് ജില്ല സെക്രട്ടറി ടി. മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു. എൽ.ഡി.എഫ് പിണറായി വിജയനെ മുന്നിൽ നിർത്തിയാണ് നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ടത്. യു.ഡി.എഫ് പ്രതിപക്ഷ നേതാവായ വി.ഡി. സതീനെയാണ് മുന്നിൽ നിർത്തിയത്. എം.എൽ.എമാർക്ക് ജനം വെറുതെ വോട്ടുചെയ്തതല്ല.

മുസ്‍ലിം ലീഗ് പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും വൻ പ്രയത്നം നടത്തിയിട്ടുണ്ട്. എന്നാൽ, എല്ലാ ജനവിഭാഗങ്ങളും വോട്ടു ചെയ്തതിനാലാണ് സ്ഥാനാർഥികൾക്ക് വൻ ഭൂരിപക്ഷം കിട്ടിയത്. വി.ഡി സതീശന്റെ ശക്തമായ നിലപാടുകൾക്കും പോരാട്ടങ്ങൾക്കുമുള്ള പിന്തുണ കൂടിയാണ് ആ വോട്ടുകൾ. അതിനാൽ, ജനവികാരംകൂടി കണക്കിലെടുത്താവണം എം.എൽ.എമാർ അഭിപ്രായം പറയേണ്ടത്. കേരളത്തിലെ ജനങ്ങളുടെ വികാരവും ആഗ്രഹവും മനസ്സിലാക്കിയുള്ള തീരുമാനം കോൺഗ്രസ് ഹൈകമാൻഡ് സ്വീകരിക്കുമെന്നുതന്നെയാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും ടി. മുഹമദ് പറഞ്ഞു.

Tags:    
News Summary - Chief Minister: KC has the support of all three MLAs in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.