കൽപറ്റ: യു.ഡി.എഫ് സർക്കാറിന്റെ ആദ്യ ബജറ്റ് വയനാടിന്റെ പ്രശ്നങ്ങളും ആവശ്യങ്ങളും പരിഗണിച്ചതെന്ന് പൊതുവിലയിരുത്തൽ. ജില്ലക്കായുള്ള പ്രത്യേക പദ്ധതികൾക്ക് പുറമേ കാർഷിക-വിനോദസഞ്ചാര-വന-ഗോത്രമേഖലകൾക്കുള്ള സംസ്ഥാനതലത്തിലുള്ള നിർദേശങ്ങളും പദ്ധതികളും വയനാടിന് ഏറെ ഗുണകരമാകും. അതേസമയം, മുണ്ടക്കൈ ഉരുൾദുരന്ത ബാധിതർക്കായി പ്രത്യേക പദ്ധതികളടക്കമുള്ളവ ബജറ്റിൽ ഇല്ലെന്നത് ആരോപണത്തിനിടയാക്കുന്നുണ്ട്.
വയനാട് ട്രൈബൽ യൂനിവേഴ്സിറ്റി സ്ഥാപിക്കാനുള്ള പ്രാഥമിക നടപടികൾക്ക് ബജറ്റിൽ 50 കോടി വകയിരുത്തിയിട്ടുണ്ട്. ചരിത്രകാരനും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ ഡോ. കെ.കെ.എന്‍. കുറുപ്പ് ഗോത്ര സർവകലാശാല സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സജീവമായി രംഗത്തുണ്ടായിരുന്നു. ആദിവാസി കുട്ടികളുടെ ബുദ്ധിവൈഭവം സമൂഹനന്‍മയ്ക്ക് പ്രയോജനപ്പെടുത്താൻ യൂനിവേഴ്‌സിറ്റിയിലൂടെ സാധ്യമാകുമെന്നും പട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് ഇത് അനിവാര്യമാകുമെന്നും അദ്ദേഹം പറയുന്നു.
സുൽത്താൻ ബത്തേരി ചെതലയത്തെ ട്രൈബല്‍ സ്റ്റഡി സെന്ററില്‍ യൂനിവേഴ്‌സിറ്റിക്ക് താത്കാലിക സൗകര്യം ഒരുക്കാനാകും. ആദിവാസി സമൂഹങ്ങളുടെ സവിശേഷമായ സാംസ്‌കാരിക പൈതൃകം, പരമ്പരാഗത വിജ്ഞാന സമ്പ്രദായങ്ങള്‍, വികസനാഭിലാഷങ്ങള്‍ എന്നിവയ്ക്കു വേണ്ടി ‘വയനാട് ട്രൈബല്‍ സര്‍വകലാശാലയും തദ്ദേശീയ വിജ്ഞാന മേഖല’ ആരംഭിക്കുമെന്നാണ് ബജറ്റിൽ പറയുന്നത്.
വയനാട്, ഇടുക്കി, കാസർകോട് എന്നീ പിന്നാക്ക ജില്ലകൾക്കായി ബജറ്റിൽ പ്രത്യേക പാക്കേജുണ്ട്. ഇത് വയനാടിന്റെ സമൂല മേഖലക്ക് ഗുണം ചെയ്യും. മനുഷ്യ-വന്യജീവി സംഘർഷം കുറക്കാൻ നടപടി, കോളജുകളിലെ റാഗിങ് തടയാൻ സിദ്ധാർഥന്റെ പേരിൽ ആന്റി റാഗിങ് നിയമം നടപ്പിലാക്കുമെന്നും ബജറ്റിൽ ഉണ്ട്. പൂക്കോട് വെറ്ററിനറി യൂനിവേഴ്സിറ്റിയിൽ റാഗിങ്ങിനിരയായി മരണപ്പെട്ട വിദ്യാർഥിയാണ് സിദ്ധാർഥൻ. വയനാട് മെഡിക്കൽ കോളജിൽ അടിസ്ഥാന സൗകര്യം ഒരുക്കുമെന്നതും ജില്ലക്ക് പ്രതീക്ഷ നൽകുന്നു. ബജറ്റിൽ പ്രഖ്യാപിച്ച പട്ടികജാതി-പട്ടിക വർഗക്കാർക്കുള്ള പുതിയ ഭവന പദ്ധതിയും വയനാടിന് ഏറെ ഗുണകരമാകും.
വിനോദസഞ്ചാര മേഖലയ്ക്ക് 325 കോടി രൂപ വകയിരുത്തിയതും റബ്ബറിന്റെ താങ്ങ് വില ഉയർത്തിയതുമെല്ലാം വയനാടിനും ഗുണം ചെയ്യും. മലയോരമേഖലയിലെ വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നതിനായി 192.20 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. കടുവ പുലി എന്നിവയുടെ ശാസ്ത്രീയ സെന്‍സസ് നടത്തി മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നതും ജില്ലക്ക് ഏറെ ആശ്വാസകരമാണ്.
പട്ടികവര്‍ഗ ഉപ പദ്ധതിക്കായി മുന്‍ ബജറ്റില്‍നിന്ന് 152.52 കോടി രൂപ അധിക വിഹിതമായി വകയിരുത്തിയതും ഇവര്‍ക്കുള്ള പ്രത്യേക ഭവന പദ്ധതി പ്രഖ്യാപനവും സ്വാഗതാര്‍ഹമാണ്. ടൂറിസം മേഖലയില്‍ ‘ബ്രാന്‍ഡ് വയനാട്’ എന്ന ആശയം നടപ്പാക്കുമെന്നതും, സുല്‍ത്താന്‍ ബത്തേരിയില്‍ ഗവ. ആര്‍ട്‌സ് സയന്‍സ് കോളജ് ആരംഭിക്കുമെന്ന പ്രഖ്യാപനവും വയനാടിന് ഏറെ ഗുണകരമാകും.
വയനാട് പാക്കേജിൽ ഉൾപ്പെടുത്തി മൈസൂർ-നഞ്ചങ്കോട് നിലമ്പൂർ റെയിൽപാതയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി രണ്ടു കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഏറെ കാലങ്ങളായി വയനാട്ടുകാരുടെ നിരന്തര ആവശ്യമാണ് നിലമ്പൂർ-നഞ്ചൻകോട് റെയിൽപാത. 10 വർഷമായി മുടങ്ങിയ ഈ റയിൽപദ്ധതിക്ക് ഇതിലൂടെ പുതുജീവൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാന ബജറ്റിൽ മുണ്ടക്കൈ ഉരുൾദുരന്ത ബാധിതർക്കായി പ്രത്യേക സഹായ പദ്ധതികൾ പ്രഖ്യാപിക്കാത്തത് ആരോപണത്തിനിടയാക്കിയിട്ടുണ്ട്. നിലവിൽ അതിജീവിതർക്കുള്ള പുനരധിവാസ പദ്ധതികളടക്കമുള്ളവയെല്ലാം പ്രാവർത്തികമാക്കുന്നത് ജനങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ പണമുപയോഗിച്ചാണ്. എന്നാൽ ഇവയൊക്കെ സർക്കാർ പട്ടികയിൽ ഉള്ളവർക്കാണ്. ദുരന്തം നേരിട്ടുതന്നെ ബാധിച്ച എന്നാൽ സർക്കാർ പട്ടികയിൽ ഉൾപ്പെടാത്ത നിരവധി അതിജീവിതർ ഇപ്പോഴും സഹായപദ്ധതികൾക്ക് പുറത്താണ്. ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും പദ്ധതികൾ ഉണ്ടാകുമെന്ന പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.