സന്ദർശകരില്ലാത്തതിനാൽ കരക്കടുപ്പിച്ച കർളാട് തടാകത്തിലെ ബോട്ടുകൾ
വൈത്തിരി: കള്ളാടി മണ്ണിടിച്ചിലില്‍ പ്രതിസന്ധിയിലായി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍. ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം കള്ളാടി ദുരന്തത്തിനുശേഷം ഗണ്യമായി കുറഞ്ഞു. വിനോദ സഞ്ചാരമേഖലയുമായി ബന്ധപ്പെട്ട ടൂറിസ്‌റ്റ് ടാക്‌സി, ബസുകള്‍, റിസോര്‍ട്ടുകള്‍ മറ്റു അനുബന്ധ വ്യവസായങ്ങള്‍ തുടങ്ങിയവ വലിയ വെല്ലുവിളി നേരിടുകയാണ്.
ജില്ലയില്‍ കൃഷി കഴിഞ്ഞാല്‍ പ്രധാനപ്പെട്ട ഉപജീവന മാര്‍ഗമായ വിനോദ സഞ്ചാര മേഖലയെ ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങളും ജനങ്ങളുടെ തെറ്റിദ്ധാരണയും മാറ്റാന്‍ ടൂറിസം വകുപ്പ് ഇടപെടണമെന്നാണു ഈ രംഗത്തുള്ളവര്‍ ആവശ്യപ്പെടുന്നത്.
ജൂണ്‍, ജൂലൈ മാസങ്ങള്‍ ഓഫ് സീസണാണെങ്കിലും വയനാടിന്റെ മഴ കാണാന്‍ ഒട്ടേറെപേര്‍ എത്തുന്ന, മണ്‍സൂണ്‍ ടൂറിസം സജീവമാകുന്ന സമയമാണെന്ന് ടൂര്‍ ഓപറേറ്റര്‍മാര്‍ പറയുന്നു. വടക്കേ ഇന്ത്യന്‍ സഞ്ചാരികള്‍ മൈസൂരു, കോഴിക്കോട് വിമാനത്താവളങ്ങളില്‍നിന്ന് ധാരാളമായി ജില്ലയില്‍ എത്താറുണ്ട്. ഇവരെല്ലാം ജില്ലയിലെ ടാക്‌സി, ടൂറിസ്‌റ്റ് ബസ് സര്‍വിസുകളെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍, കള്ളാടി മണ്ണിടിച്ചില്‍ ദേശീയ മാധ്യമങ്ങളിലും വാര്‍ത്തയായതോടെ മറ്റു സംസ്‌ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ വരവ് പൂര്‍ണമായി നിലച്ചു. ഇതുമൂലം ടാക്‌സി കാറുകളും ബസുകളും ജീപ്പുകളും ഷെഡില്‍ കയറ്റിയെന്നു ഉടമകള്‍ പറയുന്നു. ഇവയിലെ ജീവനക്കാര്‍ മിക്കവരും ദിവസവേതന അടിസ്‌ഥാനത്തില്‍ ജോലി ചെയ്യുന്നവരാണ്.
അവര്‍ക്കു തൊഴില്‍ നഷ്‌ടമായ സാഹചര്യമാണെന്നും ടൂറിസ്‌റ്റ് ബസ് ഉടമകള്‍ പറയുന്നു. കള്ളാടി മണ്ണിടിച്ചിലുണ്ടായ ശേഷം ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ എടയ്‌ക്കല്‍ ഗുഹ, കുറുവ ദ്വീപ് എന്നിവിടങ്ങളിലേക്ക് ഒരുവിനോദ സഞ്ചാരി പോലും വന്നില്ലെന്നു ടൂറിസം വകുപ്പിന്റെ കണക്കുകള്‍ പറയുന്നു. വടക്കേ ഇന്ത്യയില്‍ നിന്നും ദക്ഷിണേന്ത്യയിലെ മറ്റുസംസ്‌ഥാനങ്ങളില്‍ നിന്നുമെല്ലാമാണ് ഇവിടേക്ക് വിനോദ സഞ്ചാരികള്‍ വരാറുള്ളത്.
മറ്റുവിനോദ സഞ്ചാര കേന്ദ്രങ്ങളായ ചുക്കോട് തടാകം, കാന്തന്‍പാറ വെള്ളച്ചാട്ടം, കറലാട് തടാകം എന്നിവിടങ്ങളിലും സഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ടായി. സംസ്‌ഥാനത്തിനകത്തും പുറത്തുമുള്ള സഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ ചെറുകിട കച്ചവടക്കാരെയും ഭക്ഷണശാലകള്‍ തുടങ്ങിയ വ്യവസായങ്ങളെയും ബാധിച്ചുവെന്നു ഡി.ടി.പി.സി അധികൃതര്‍ പറഞ്ഞു. പുല്‍പള്ളി, ബത്തേരി പോലെയുള്ള പ്രദേശങ്ങളില്‍ ഈമാസം മഴ വളരെ കുറവായിരുന്നു.
ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുമ്പോള്‍ ഇവിടങ്ങളിലെ വിനോദ സഞ്ചാര മേഖലകളും അടച്ചിടുന്ന സാഹചര്യമുണ്ട്. ഇതിനാല്‍ ജില്ലയുടെ സവിശേഷ കാലാവസ്‌ഥ പരിഗണിച്ച് പഞ്ചായത്തുതലത്തില്‍ അലര്‍ട്ടുകള്‍ പുറപ്പെടുവിക്കണമെന്നു വിനോദ സഞ്ചാരമേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ഇത്തരം സാഹചര്യങ്ങളില്‍ റിസോര്‍ട്ടുകളില്‍ മുറി ബുക്ക് ചെയ്‌തവര്‍ക്കൊന്നും വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പോകാനാകാതെ മടങ്ങേണ്ടി വരുന്ന സാഹചര്യമുള്ളതായും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് പരിഹാരം കാണാന്‍ സംസ്‌ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് നടപടി വേണമെന്നാണ് ഈ മേഖലയിലുള്ളവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.