കൽപറ്റ: 1100 ചതുരശ്ര കിലോമീറ്ററോളം നിക്ഷിപ്ത വനഭൂമിയുള്ള വയനാട്ടിൽ സ്വാഭാവിക കാടിന് ഭീഷണിയായി അധിനിവേശ സസ്യങ്ങൾ പടരുന്നു. ജില്ലയുടെ ഭൂവിസ്തൃതിയുടെ 35 ശതമാനമാണ് വനം. 1956 മുതലാണ് വയനാട്ടിലെ നിക്ഷിപ്ത വനമേഖലയിലെ സ്വാഭാവിക വനത്തിന് വൻതോതിൽ നാശം നേരിടുന്നത്.
ഏകവിളത്തോട്ടങ്ങൾ ഒരുക്കാൻ തുടങ്ങിയതാണ് വന നാശത്തിന്റെ ആരംഭം. അനിയന്ത്രിത ടൂറിസവും കാട്ടുതീയും വ്യാപക കന്നുകാലി മേയ്ക്കലും സ്വാഭാവിക വനത്തിന്റെ നാശത്തിന് ആക്കംകൂട്ടിയ ഘടകങ്ങളായി. നിലവിൽ ജില്ലയിലെ വനമേഖല നേരിടുന്ന പ്രധാന ഭീഷണിയാണ് അധിനിവേശ സസ്യങ്ങളുടെ അതിവേഗത്തിലുള്ള വ്യാപനം. സ്വാഭാവിക ജൈവവൈവിധ്യത്തെ തകർക്കുന്ന, മറ്റ് സസ്യങ്ങളെ വളരാൻ അനുവദിക്കാത്ത, വിഷമയമായ മഞ്ഞക്കൊന്ന പോലുള്ള സസ്യങ്ങൾ വനത്തിൽ പിടിമുറുക്കുകയാണ്.
വയനാട് വന്യജീവി സങ്കേതത്തിന്റെ 10 ശതമാനം പ്രദേശം മഞ്ഞക്കൊന്നയുടെ പിടിയിലാണെന്നാണ് ഏറ്റവും ഒടുവിലത്തെ കണക്ക്. കമ്യൂണിസ്റ്റ് പച്ച, അരിപ്പൂ തുടങ്ങിയവയും വനത്തിന് ഭീഷണിയായി പടരുന്നു. മഞ്ഞക്കൊന്നയടക്കം 22 അധിനിവേശ സസ്യങ്ങൾ വയനാട് വന്യജീവി കേന്ദ്രത്തിൽ കേരള വനഗവേഷണകേന്ദ്രം അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ജില്ലയിലെ വനമേഖലയിൽ 36,000 ഹെക്ടർ യൂകാലിപ്റ്റ്സ്, തേക്ക്, സിൽവർ ഓക്ക് തുടങ്ങിയ ഏകവിള തോട്ടങ്ങളാണ്.
കാടിന്റെ ധർമം നിർവഹിക്കുന്നില്ല എന്നതാണ് ജില്ലയുടെ വനസമ്പത്തിന്റെ മൂന്നിലൊന്ന് ഭാഗം അപഹരിക്കുന്ന ഈ തോട്ടങ്ങളുടെ പ്രത്യേകത. മനുഷ്യ-വന്യജീവി സംഘർഷം ജില്ലയിൽ അധികരിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഏകവിള തോട്ടങ്ങളാണെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. ഏകവിള തോട്ടങ്ങൾ ജില്ലയിലുണ്ടാക്കിയ പരിസ്ഥിതി ആഘാതങ്ങൾ ഇതുവരെ ആരും പഠനവിധേയമാക്കിയിട്ടില്ലെന്നും ഇവർ ആശങ്കപ്പെടുന്നു.
പണ്ടുകാലത്ത് മാവൂർ ഗ്വാളിയോർ റയോൺസ് കമ്പനിക്ക് അസംസ്കൃത വസ്തുവായി ഉപയോഗിക്കാനാണ് വയനാട്ടിലെ സ്വാഭാവിക വനം വൻതോതിൽ നശിപ്പിച്ച് യൂകാലിപ്റ്റ്സ് നട്ടുപിടിപ്പിച്ചത്. വയനാട് വന്യജീവി സങ്കേതം 333.44 ചതുരശ്ര കിലോമീറ്ററാണ്. ഇതിൽ 100 ചതുരശ്ര കിലോമീറ്റർ ഏകവിള തോട്ടങ്ങളാണ്.
നിക്ഷിപ്ത വന ഭൂവിസ്തൃതി 1956ന് ശേഷം കുറഞ്ഞിട്ടില്ലെങ്കിലും കാടിന്റെ ശേഷിയും ഗുണവും പല കാരണങ്ങളാൽ ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ വൃക്ഷ കവചം വർധിപ്പിക്കാനുള്ള നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെങ്കിലും അവയൊന്നും ഫലവത്തായിട്ടില്ലെന്നാണ് പരിസ്ഥിതി സംഘടന ഭാരവാഹികൾ ആരോപിക്കുന്നത്.
ഐക്യരാഷ്ട്ര സഭയുടെ 'മനുഷ്യരും ആവാസവ്യസ്ഥയും' പദ്ധതിയിൽ ഇന്ത്യയിൽ ആദ്യമായി പരിഗണിച്ച നീലഗിരി ജൈവ മേഖലയിൽപെട്ടതാണ് വയനാട്. കടുവകളുടെയും ഏഷ്യൻ ആനകളുടെയും ഏറ്റവും വലിയ ആവാസ വ്യവസ്ഥയാണ് നീലഗിരി ജൈവ മേഖല. അതിന്റെ അവിഭാജ്യ ഭാഗമാണ് വയനാടൻ ഭൂപ്രദേശങ്ങൾ. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ ബന്ദിപ്പൂർ, മുതുമല, നാഗർഹോള, ബ്രഹ്മഗിരി കടുവ സങ്കേതങ്ങളുമായും വയനാടൻ കാടുകൾ അതിർത്തി പങ്കിടുന്നു.
ബംഗളൂരു നഗരത്തിലേക്ക് വെള്ളം വിതരണം ചെയ്യുന്ന കാവേരി നദിയിലേക്കുള്ള ഏറ്റവും പ്രധാന ജലസ്രോതസ്സാണ് വയനാടൻ കാടുകളിൽനിന്ന് ഉദ്ഭവിക്കുന്ന കബനി നദി.
ചാലിയാർ പുഴയുടെ പ്രഭവകേന്ദ്രം വയനാടൻ കാടുകളിലെ ക്യാമൽ ഹമ്പ് പർവതനിരകളിൽനിന്നാണ്. കോഴിക്കോട്ടെ ഇരവഞ്ഞിപ്പുഴയുടെയും കണ്ണൂരിലെ ബാവലിപ്പുഴയുടെയും ജലസ്രോതസ്സുമാണ് വയനാടൻ കാടുകൾ. ഈ കാടുകൾ നശിപ്പിക്കപ്പെടുന്നത് ജില്ലയെ മാത്രമല്ല, സമീപ ജില്ലകളിലെയും സംസ്ഥാനങ്ങളിലെയും ആവാസവ്യവസ്ഥയെ ബാധിക്കും.
• അധിനിവേശ സസ്യങ്ങളെ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്യുക
• ഏകവിളത്തോട്ടങ്ങൾ ഒഴിവാക്കി അവിടെ സ്വാഭാവിക മരങ്ങൾ വളരാനുള്ള സാഹചര്യം ഒരുക്കുക
• കാടിന് തീയിടുന്നതും കാട്ടുതീയും കർശനമായി തടയുക
• അനിയന്ത്രിത വിനോദസഞ്ചാരം നിയന്ത്രിക്കുക
• കാട്ടിനുള്ളിലെ വൻതോതിലുള്ള കന്നുകാലി മേയ്ക്കൽ അവസാനിപ്പിക്കുക
• ജില്ലയിലെ മനുഷ്യ-വന്യജീവി സംഘർഷം കുറയും.
• കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന കാർഷിക മേഖലയിലേതടക്കം പ്രശ്നങ്ങൾ കുറയും.
• കബനിയിലെ നീരൊഴുക്ക് പതിന്മടങ്ങ് വർധിക്കും.
• കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പ്രധാന നദികളിലേക്കുള്ള നീരൊഴുക്ക് വർധിക്കും.
• വയനാട് അടക്കം അഞ്ചു ജില്ലകളിലെ കാർഷിക-ജലസമൃദ്ധിക്ക് സ്വാഭാവിക വനമേഖലയുടെ പുനരുജ്ജീവനം വഴിവെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.