കല്‍പറ്റ: വയനാട് ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയറിന് (ഡബ്ല്യു.ഐ.പി) കീഴിൽ ജില്ലയില്‍ നിലവിൽ സാന്ത്വന പരിചരണം ലഭിക്കുന്നത് 6,933 പേർക്ക്. കഴിഞ്ഞ 24 വര്‍ഷത്തിനിടെ സാന്ത്വന പരിചരണം ലഭ്യമാക്കിയത് 39,018 പേര്‍ക്ക്. 11,031 കാന്‍സര്‍ ബാധിതരും 2,180 വൃക്കരോഗികളും ഇതില്‍ ഉള്‍പ്പെടുമെന്ന് ഡബ്ല്യു.ഐ.പി ഭാരവാഹികള്‍ പറഞ്ഞു. വാര്‍ധക്യജന്യരോഗങ്ങള്‍ പിടിപെട്ട 1,523ഉം മാനസിക പ്രശ്‌നങ്ങളുള്ള 742ഉം ആളുകള്‍ സാന്ത്വന ചികിത്സ നേടുന്നുണ്ട്. സി.വി.എ-807, പി.വി.ഡി-376, പാരാപ്ലീജിയ-257, എച്ച്.ഐ.വി-24, മറ്റുള്ളവര്‍ -1,076 എന്നിങ്ങനെയാണ് പരിചരണത്തിലുള്ള ബാക്കി ആളുകളുടെ എണ്ണം.
ജില്ലയില്‍ കല്‍പറ്റ ശാന്തി പാലിയേറ്റീവ് കെയര്‍, മേപ്പാടി ജ്യോതി പാലിയേറ്റീവ് കെയര്‍, വെള്ളമുണ്ട പാലിയേറ്റീവ് കെയര്‍ എന്നിവിടങ്ങളില്‍ സൗജന്യമായും സൗജന്യനിരക്കിലും ഡയാലിസിസ് സൗകര്യമുണ്ട്. വെള്ളമുണ്ട, മേപ്പാടി, പടിഞ്ഞാറത്തറ, പിണങ്ങോട്, കല്‍പറ്റ, കണിയാമ്പറ്റ, പുല്‍പള്ളി യൂനിറ്റുകളില്‍ സാമൂഹികാധിഷ്ഠിത മാനസികാരോഗ്യപദ്ധതി നടപ്പാക്കിയിട്ടുണ്ട്. വെള്ളമുണ്ട യൂനിറ്റില്‍ ഫിസിയോതെറപ്പി ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. മുട്ടില്‍ സ്പര്‍ശം പാലിയേറ്റീവ് യൂനിറ്റ് 35 വൃക്കരോഗികള്‍ക്ക് പ്രതിമാസം 2,000 രൂപ വീതം ലഭ്യമാക്കുന്നുണ്ട്. കെയര്‍ ഹോം ആരംഭിക്കാനിരിക്കുകയാണ്.
മേപ്പാടി ജ്യോതി പാലിയേറ്റീവ് കെയര്‍ ഭിന്നശേഷിക്കാരായ 58 കുട്ടികള്‍ക്ക് തെറപ്പി ലഭ്യമാക്കുന്നു. പുല്‍പള്ളി കാരുണ്യ പാലിയേറ്റീവ് യൂനിറ്റ് പ്രതിമാസം 31 വൃക്കരോഗികള്‍ക്ക് 3,000 രൂപ വീതവും 23 എച്ച്.ഐ.വി ബാധിതര്‍ക്ക് 1,500 രൂപ വീതവും നല്‍കുന്നുണ്ട്. നഴ്‌സുമാര്‍ക്കും വളന്റിയര്‍മാര്‍ക്കും ഡബ്ല്യു.ഐ.പി പരിശീലനം സംഘടിപ്പിക്കുന്നുണ്ട്. സ്റ്റുഡന്റ് ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനം ജില്ലയില്‍ സജീവമാണ്.
വരുന്ന അഞ്ചുവര്‍ഷത്തിനിടെ ജില്ലയിലെ ഓരോ പഞ്ചായത്ത്, മുനിസിപ്പല്‍ വാര്‍ഡുകളിലും നിലവിലുള്ളതിലും 20 ശതമാനം കൂടി ആളുകള്‍ക്ക് സാന്ത്വന പരിചരണം ആവശ്യമാകുമെന്ന് ഡബ്ല്യു.ഐ.പി ഭാരവാഹികള്‍ പറഞ്ഞു. എല്ലാവര്‍ക്കും സമയബന്ധിതവും കൃത്യവുമായ സേവനം ലഭ്യമാക്കുന്നതിന് കൂടുതല്‍ വളന്റിയര്‍മാരെ കണ്ടെത്തേണ്ടതുണ്ട്. സന്നദ്ധപ്രവര്‍ത്തനത്തിന് എത്തുന്നവര്‍ക്കിടയില്‍ കൊഴിഞ്ഞുപോക്ക് കൂടുതലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.