പള്ളിക്കൽ ഡിവിഷൻ ഉപതെരഞ്ഞെടുപ്പ് ; 60.89 ശതമാനം പോളിങ്

മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ വൈകീട്ട് ആറുമണിയുടെ കണക്കനുസരിച്ച് 60.89 ശതമാനം പോളിങ്. ഡിവിഷൻ അംഗമായിരുന്ന ഉഷാ വിജയൻ എം.എൽ.എയായതോടെ ബ്ലോക്ക് അംഗത്വം രാജിവെച്ചതിനെതുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

എടവക ഗ്രാമപഞ്ചായത്തിലെ പാണ്ടിക്കടവ്, ചാമാടിപൊയില്‍, പയിങ്ങാട്ടിരി, പായോട്, പുതിയിടംകുന്ന്, പാലമുക്ക്, പള്ളിക്കല്‍ വാര്‍ഡുകൾ ഉൾപ്പെടുന്നതാണ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ. വോട്ടെടുപ്പ് പൂർത്തിയായപ്പോൾ 60.89 ശതമാനം പോളിങ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 72 ശതമാനമായിരുന്നു. മാനന്തവാടി ഹിൽ ബ്ലൂംസ് സ്‌കൂൾ, പാണ്ടിക്കടവ് തഹിയ്യത്തുൽ ഇസ്‌ലാം മദ്റസ, പയിങ്ങാട്ടിരി ഗവ. എൽ.പി സ്‌കൂൾ, മാനന്തവാടി ഗവ. കോളജ്, പുതിയിടംകുന്ന് സെന്റ് പോൾസ് എൽ.പി സ്‌കൂൾ, പള്ളിക്കൽ ഗവ. എൽ പി. സ്‌കൂൾ എന്നിവിടങ്ങളിലായി 10 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചത്.

പള്ളിക്കൽ ഗവ. എൽ.പി. സ്കൂളിലെ 18-ാം നമ്പർ ബൂത്തിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്- 65.06 ശതമാനം. 49.79 ശതമാനം രേഖപ്പെടുത്തിയ പയിങ്ങാട്ടിരി ഗവ. എൽ.പി. സ്കൂളിലെ 17-ാം നമ്പർ ബൂത്തിലാണ് ഏറ്റവും കുറവ്. നാലു ബൂത്തുകളാണ് പയിങ്ങാട്ടിരി സ്കൂളിൽ സജ്ജീകരിച്ചത്. പള്ളിക്കൽ ഗവ. എൽ.പി സ്കൂളുകളിൽ രണ്ട് ബൂത്തുകളും മറ്റിടങ്ങളിൽ ഒന്നു വീതവും.

രാവിലെ മുതൽ മന്ദഗതിയിലായിരുന്നു പോളിങ്. പാണ്ടിക്കടവ് തഹിയത്തുൽ ഇസ്‌ലാം മദ്രസയിൽ ആറുമണി കഴിഞ്ഞും വരിയിലുണ്ടായിരുന്ന 15 പേർക്ക് ടോക്കൺ നൽകി വോട്ടവകാശം ഉറപ്പുവരുത്തി. ബൂത്ത് ലെവൽ ഓഫിസർമാരുടെ സേവനം ലഭ്യമല്ലാതിരുന്നത് വോട്ട് ചെയ്യാനെത്തിയ മുതിർന്നവർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചതായി ആക്ഷേപമുയർന്നു. ഹരിതപെരുമാറ്റച്ചട്ടം പാലിക്കാൻ നിർദേശമുണ്ടായിരുന്നു. എന്നാൽ, ഹരിതകർമസേനാംഗങ്ങളുടെ സേവനം ഉപയോഗിച്ചില്ല. ചിലയിടങ്ങളിൽ ബി.എൽ.ഒമാർ വീടുകളിലെത്തി സ്ലിപ്പുകൾ നൽകുന്നതിൽ വീഴ്ച സംഭവിച്ചതായി പരാതികളുണ്ട്.

ചൊവ്വാഴ്ച രാവിലെ 10നു മാനന്തവാടി സെയ്‌ന്റ് പാട്രിക്സ് സ്ക്കൂളിൽ വോട്ടെണ്ണൽ തുടങ്ങും. ഇതിനായി രണ്ടു ടേബിളുകൾ ക്രമീകരിച്ചിട്ടുണ്ട്. ഒരു മണിക്കൂറിനകം ഫലമറിയാമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Pallikkal Bypoll Records 60.89% Turnout

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.