പു​ൽ​പ​ള്ളി മേ​ഖ​ല​യെ കാ​ത്ത് വ​ര​ൾ​ച്ച...

പുൽപള്ളി: പുൽപള്ളി-മുള്ളൻകൊല്ലി മേഖലകളിൽ ലഭിക്കുന്നത് വയനാട്ടിലെ മറ്റിടങ്ങളിൽ പെയ്യുന്ന മഴയേക്കാൾ പകുതിയിൽ താഴെ മാത്രം. അതിനാൽ രണ്ടു പഞ്ചായത്തുകളിലെയും ജലവിഭവം ഫലപ്രദമായി ഉയോഗപ്പെടുത്തണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് തയാറാക്കിയ പഠന റിപ്പോർട്ടിൽ പറയുന്നു.

വയനാട്ടിൽ ഏറ്റവും കുറഞ്ഞ മഴ ലഭിക്കുന്ന പ്രദേശങ്ങളാണ് മുള്ളൻകൊല്ലിയും പുൽപ്പള്ളിയും. കർണാടകയോട് ചേർന്ന് കിടക്കുന്നതിനാൽ കർണാടകയുടെ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. വയനാടിന്റെ മറ്റു ഭാഗങ്ങളിൽ ശരാശരി 3000 മില്ലിമീറ്റർ മഴ പെയ്യുമ്പോൾ ഇവിടെ 1500ൽ താഴെയാണ് ലഭിക്കുന്നത്. അതിനാൽ എക്കാലവും വരൾച്ച അനുഭവപ്പെടുന്നു.

1932 മുതൽ പരിശോധിച്ചാൽ 2000 വരെ 68 വർഷത്തിനിടയിൽ നാലുവർഷം (1932, 1973, 1983, 1986) കടുത്ത വരൾച്ചയുണ്ടായി. എന്നാൽ, കാലാവസ്ഥാവ്യതിയാനം അനുഭവപ്പെട്ടുതുടങ്ങിയപ്പോൾ 2000 മുതൽ 2026 വരെ 26 വർഷത്തിനിടെ ഏഴു വർഷം (2000, 2004, 2012, 2013, 2016, 2017, 2023) കടുത്ത വരൾച്ച അനുഭവപ്പെട്ടു. 20019ലും ചെറിയ തോതിൽ വരൾച്ചയുണ്ടായി.

ഇപ്പോൾ വരൾച്ചയുടെ ഇടവേള കുറഞ്ഞുവരികയും ചെയ്യുന്നു. ഈ വർഷം മഴ 30 ശതമാനത്തിൽ താഴെ മാത്രമാണ് ലഭിച്ചത്. വണ്ടിക്കടവു മുതൽ പെരിക്കല്ലൂർ വരെ ഇതിലും കുറവാണ്. അതിനാൽ അടുത്തവർഷവും തുടർന്നും കടുത്ത വരൾച്ച സാധ്യതയുണ്ട്. പഠനത്തിലെ വിവരങ്ങൾ വിശദീകരിച്ച യോഗത്തിൽ പരിഷത്ത് മേഖല പ്രസിഡന്റ് സി.എം. ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം. റജി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല ട്രഷറർ ടി.പി. സന്താഷ്, ജില്ല കമ്മിറ്റി അംഗങ്ങളായ എം.എം. ടോമി, പി.യു. മർക്കോസ്, മേഖല ട്രഷറർ ഒ.ടി. ശ്രീനിവാസൻ, ജോ. സെക്രട്ടറി കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.

ജലസ്രോതസ്സുകളാൽ സമ്പന്നം, പക്ഷേ...

പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ അഞ്ച് പ്രധാന തോടുകളുണ്ട്. അരുവികളുടെ ശൃംഖലതന്നെയുണ്ട്. അരുവികളുടെ ആകെ നീളം 260.4 കിലോമീറ്ററാണ്. കൂടൽകടവ് മുതൽ കൊളവള്ളി വരെ 16 കിലോമീറ്റർ നീളത്തിൽ ഈ പ്രദേശത്തുകൂടി കബനി നദിയും ഒഴുകുന്നു.

എന്നാൽ, ജലസ്രോതസ്സുകൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്താനാകുന്നില്ല. കബനി നദിയിൽ 2004, 2016, 2017, 2023 വർഷങ്ങളിൽ താല്ക്കാലിക ബണ്ട് നിർമിച്ചാണ് മരക്കടവിലെ കുടിവെള്ള പദ്ധതിയുടെ കിണറ്റിലേക്ക് വെള്ളം എത്തിച്ചത്. 2013ൽ പരിഷത്ത് കടമാൻതോട് പഠനം നടത്തി. അന്ന് മുടിക്കോട് മുതൽ മരക്കടവ് വരെ ഈ തോട്ടിൽ 12 തടയണകളുണ്ടായിരുന്നു. എന്നാൽ, മൂന്നെണ്ണം മാത്രമാണ് പ്രവർത്തിച്ചിരുന്നത്. ഒരെണ്ണം പൊളിഞ്ഞത് ഒഴിച്ചാൽ എട്ടെണ്ണം ഷട്ടർ ഇല്ലാത്തതിനലാണ് പ്രവർത്തനരഹിതമായത്. അതിനുശേഷവും ഈ തോട്ടിൽ പുതിയ തടയണകൾ നിർമിച്ചു. മുദ്ദള്ളിത്തോട്, മണിപ്പുഴ, കന്നാരംപുഴ തോടുകളിലും തടയണകളുണ്ട്. ഇവയുടെ പരിപാലനം വേണ്ടത്ര ശ്രദ്ധയോടെ നടക്കുന്നില്ല.

വരൾച്ച നേരിടാനുള്ള നിർദേശങ്ങൾ

  • കബനി നദിയിലെ വെള്ളം പരമാവധി ഉപയോഗപ്പെടുത്തണം. കുറുവാ ദ്വീപ്, ചേകാടി, മരക്കടവ് ഡിപ്പോ തുടങ്ങിയ സ്ഥലങ്ങളിൽ വലിയ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ തുടങ്ങുക.
  • മരക്കടവ് ഡിപ്പോയിലെ കുടിവെള്ള പദ്ധതി ജനുവരിക്ക് മുമ്പ് കമീഷൻ ചെയ്യണം.
  •  കാരപ്പുഴയിൽനിന്ന് പുല്പള്ളിയിലേയ്ക്കുള്ള കുടിവെള്ള പദ്ധതി അടിയന്തരമായി പൂർത്തീകരിക്കണം.
  •  കന്നാരംപുഴ, കടമാൻ തോട്, മണിപ്പുഴ എന്നീ പ്രധാന തോടുകളിൽ ദശാംശം മൂന്ന് ടി.എം.സി ജലം സംഭരിക്കാവുന്ന മിനി ഡാമുകൾ നിർമിക്കണം.
  • കടമാൻതോട് പദ്ധതിയുടെ ഭൂതല സർവേ ഫലങ്ങൾ ഉടൻ പ്രസിദ്ധീകരിക്കണം.
  • ചെറുതോടുകളിൽ ഒന്നോ രണ്ടോ ടി.എം.സി ജലം സംഭരിക്കാവുന്ന ചെറുഡാമുകൾ നിർമിക്കണം.
  • നിലവിലുള്ള തടയണകൾ സംരക്ഷിക്കാൻ ജനകീയ കമ്മിറ്റി രൂപവത്കരിക്കുക. കൂടുതൽ തടയണകൾ ആവശ്യമെങ്കിൽ മാത്രം നിർമിക്കണം.
  • ഓരോ പുരയിടത്തിലും വീഴുന്ന വെള്ളം കുത്തിയൊലിച്ചു പോകാതെ മണ്ണിൽ താഴാൻ അനുവദിക്കണം. ഇതിനായി മണ്ണ്- ജലസംരക്ഷണ മാർഗങ്ങൾ പുരയിടങ്ങളിൽ ഉറപ്പാക്കുക.
  •  പുതിയ വീടുകളിൽ മഴവെള്ള സംഭരണി ഉറപ്പുവരുത്തുക.
Tags:    
News Summary - Drought threatens pulppalli area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.