നല്ലൂര്‍നാട് ബാങ്കിലെ കവര്‍ച്ച; ഒളിവിൽ പോയ പ്രതിക്ക് 38 വർഷത്തിനു ശേഷം ശിക്ഷ വിധിച്ചു
കല്‍പറ്റ: 1988ല്‍ നല്ലൂര്‍നാട് സര്‍വിസ് സഹകരണ ബാങ്കില്‍ അതിക്രമിച്ചു കയറി ആറംഗ സംഘം സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ വയോധികന് തടവും പിഴയും. കൊല്ലം പള്ളിമുക്ക് തെടിയഴിക്കത്ത് വീട്ടില്‍ അബ്ദുല്‍ സമദിനെ(76)യാണ് 13 വര്‍ഷം തടവിനും 16,000 രൂപ പിഴയടക്കാനും അഡീഷനൽ ജില്ല ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജ് എല്‍. ജയവന്ത് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ 10 മാസം കൂടി തടവ് അനുഭവിക്കണം.
കേസില്‍ സുബൈര്‍, സുരേഷ് ബാബു, ആലിക്കുട്ടി, നസീര്‍ എന്നിവരെ പിടികൂടുകയും 1993ല്‍ ശിക്ഷിക്കുകയും ചെയ്തിരുന്നു. ഒളിവിലായിരുന്ന ഒ.കെ. ബാബു 2017ല്‍ കോടതിയില്‍ കീഴടങ്ങുകയും ശിക്ഷിക്കപ്പെടുകയും ചെയ്തു. അബ്ദുസമദിനെ 2024 ഒക്‌ടോബറിലാണ് പൊലീസ് പിടികൂടിയത്. ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെയാണ് ഇയാൾ വിചാരണ നേരിട്ടത്. കേസിൽ 40ഓളം സാക്ഷികളെ വിസ്തരിക്കുകയും 166 രേഖകൾ ഹാജരാക്കുകയും ചെയ്തു. 1988 ജനുവരി എട്ടിന് പുലര്‍ച്ചെയാണ് നല്ലൂര്‍നാട് സര്‍വിസ് സഹകരണ ബാങ്കില്‍ അതിക്രമിച്ചു കയറി ആറംഗസംഘം കവര്‍ച്ച നടത്തിയത്. അംബാസഡര്‍ കാറിലെത്തിയ ഇവര്‍ വാതിലുകളുടെ പൂട്ടുകള്‍ പൊളിച്ച് അകത്തു സൂക്ഷിച്ച സെയ്ഫും ഒരുകിലോയോളം തൂക്കം വരുന്ന ആഭരണങ്ങളും 5544 രൂപയും മോഷ്ടിച്ചു. ശബ്ദം കേട്ടെത്തിയ രണ്ടുപേരെ കട്ടപാര കൊണ്ട് ആക്രമിക്കുകയും ചെയ്തു.
അന്നത്തെ മാനന്തവാടി സി.ഐ വിശ്വനാഥ കുറുപ്പാണ് കേസിന്റെ ആദ്യ അന്വേഷണം നടത്തിയത്. തുടര്‍ന്ന് ജില്ല സി.ബി.സി.ഐ.ഡി ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ കെ.ജി. ജെയിംസ് കേസ് ഏറ്റെടുക്കുകയും പിന്നീട് വന്ന സി.ഐ വിജയശങ്കര്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ.ആര്‍. സന്തോഷ് കുമാര്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.