അറസ്റ്റിലായവർ
പേര്യ: ആലാറ്റിൽ വട്ടോളി ഭാഗത്ത് നടന്ന എക്സൈസ് റെയ്ഡിൽ 1200 ലിറ്ററോളം വാഷും 40 ലിറ്ററോളം ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. അടുത്തിടെ ജില്ലയിൽ നടന്ന ഏറ്റവും വലിയ ചാരായ വേട്ടയാണിത്.
സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. പേരാവൂർ കൃപ ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസികൾക്കും ജീവനക്കാർക്കും നൽകുന്നതിലേക്കായി ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതെന്ന് സംശയിക്കുന്ന ഫാമിൽ വൻതോതിൽ ചാരായം വാറ്റുന്നു എന്ന രഹസ്യവിവരത്തെ തുടർന്നാണ് മാനന്തവാടി എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്റിവ് ഓഫിസർ പി.ആർ. ജിനോഷിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫിസർമാരായ എ.സി. പ്രജീഷ്, ടി.ജി. പ്രിൻസ്, കെ. ഹാഷിം, വനിത സിവിൽ എക്സൈസ് ഓഫിസർ കെ. സെൽമ ജോസ് എന്നിവരടങ്ങിയ ടീം ചൊവ്വാഴ്ച ഫാമിൽ റെയ്ഡ് നടത്തിയത്. പേരാമ്പ്ര എരവട്ടൂർ എൻ.പി. മുഹമ്മദ്, ഇടുക്കി ഉടുമ്പൻചോല ചേറ്റുകുഴി എസ്. അനീഷ്, നോർത്ത് ബേപ്പൂർ നടുവട്ടം പി. അജിത്, ശ്രീകണ്ഠപുരം കൊട്ടൂർവയൽ മാത്യു ചെറിയാൻ എന്നിവരാണ് അറസ്റ്റിലായത്.
പരിശോധനയിൽ 35 ലിറ്ററിന്റെ രണ്ടു കന്നാസുകളിലായി 40 ലിറ്റർ ചാരായവും 200 ലിറ്ററിന്റെ ആറ് ബാരലുകളിലായി 1200 ലിറ്റർ വാഷും ചാരായം വാറ്റുന്നതിന് സജ്ജീകരിച്ച ഗ്യാസ് സിലിണ്ടർ, അടുപ്പ്, 250 ലിറ്ററോളം വാഷ് ഒരുമിച്ച് വാറ്റിയെടുക്കാൻ പാകത്തിലുള്ള തകര ബാരൽ, തണുപ്പിക്കാൻ വെള്ളം വെക്കാനായുള്ള 40 ലിറ്റർ കൊള്ളുന്ന അലൂമിനിയം ചരുവം, ഒരുവശത്ത് സുഷിരമുണ്ടാക്കി പൈപ്പ് ഘടിപ്പിച്ച ഒരു മിനിറ്റിൽ അരലിറ്ററോളം ചാരായം ഉൾക്കൊള്ളാൻ പാകത്തിലുള്ള വലിയ പരന്ന സ്റ്റീൽ പാത്രം എന്നിവയും ചാരായം കടത്താൻ ഉപയോഗിച്ച പേരാവൂർ കൃപ ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന സന്തോഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കെ.എൽ 10 എ.പി 3838 നമ്പർ വാഹനവും പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.