കഴിഞ്ഞ ദിവസം കാട്ടാന കൊലപ്പെടുത്തിയ ബാലകൃഷ്ണന്റെ കുടുംബം താമസിക്കുന്ന എറാട്ടുകുണ്ട് ഉന്നതിയിലെ കുടിൽ
ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ശേഷം ചൂരല്‍മല, മുണ്ടക്കൈ, അട്ടമല പ്രദേശങ്ങളിലെ മുഴുവന്‍ കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചെങ്കിലും എറാട്ടുകുണ്ടിലെ കുടുംബങ്ങൾ അട്ടമലയിലെ എസ്റ്റേറ്റ് പാടിയില്‍ തന്നെയാണ് താമസം. അട്ടമലയിലെ എറാട്ടുകാരുടെ പുനരധിവാസം ഇനിയും നടപ്പാകാത്തതായിരുന്നു ബാലകൃഷ്ണന്റെ മരണത്തിന്റെ പ്രധാന കാരണം. പുനരധിവാസം ഇപ്പോഴും ഫയലില്‍ ഉറങ്ങുകയാണ്.
അട്ടമലയില്‍ നിന്നും രണ്ടു കിലോമീറ്ററകലെയാണ് 15ഓളം ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്ന എറാട്ടുകുണ്ട് ഉന്നതി. കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്ന് ബാലാവകാശ കമീഷന് ഉള്‍പ്പെടെ നേരത്തെ ഉത്തരവിട്ടിരുന്നു. പണിയ വിഭാഗക്കാരായ കുടുംബങ്ങള്‍ വനവിഭവങ്ങള്‍ ശേഖരിച്ച് വില്പന നടത്തിയാണ് ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്.
നിലമ്പൂര്‍ വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന ഏറാട്ടുകുണ്ടില്‍ നിന്നും തേന്‍ ഉള്‍പ്പെടെ ഉള്ള വനവിഭവങ്ങള്‍ ശേഖരിച്ച് നിലമ്പൂരിലും മേപ്പാടിയിലും എത്തിയാണ് വില്പന നടത്തിയിരുന്നത്. നേരത്തെ ഊരുമൂപ്പനായിരുന്ന ബാലന് മാത്രമായിരുന്നു പുറംലോകവുമായി ബന്ധപ്പെട്ടിരുന്നത്. ബാലന് ഒരു വര്‍ഷം മുമ്പ് മരണപ്പെട്ടു. ഇതോടെ കുടുംബാംഗങ്ങള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങിത്തുടങ്ങിയിരുന്നു.
ഉരുള്‍പൊട്ടല്‍ ദുരന്തത്തോടെ മുഴുവന്‍ കുടുംബങ്ങളെയും അട്ടമല മസ്ജിദിന് സമീപത്തെ എസ്റ്റേറ്റ് പാടിയിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. 15 കുടുംബങ്ങളിലെ 30ലേറെ പേരാണ് ഇവിടെ കഴിയുന്നത്. പകല്‍ സമയം വനമേഖലയില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകും. വൈകീട്ടാണ് വീട്ടിലേക്ക് മടങ്ങുക. ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന ഉടനെ ദുര്‍ഘടമായ പാതയിലൂടെ എറാട്ടുകുണ്ട് കോളനിയിലെ കുട്ടികളെയാണ് വനപാലകർ സാഹസികമായി പുറത്തെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.