സുൽത്താൻ ബത്തേരി: 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ കനത്ത പോരാട്ടമാണ് നടന്നത്. ഇത്തവണയും അത് ആവർത്തിക്കുമെന്ന് ഉറപ്പായി. യു.ഡി.എഫിൽ ഐ.സി. ബാലകൃഷ്ണനും എൽ.ഡി.എഫിൽ എം.എസ്. വിശ്വനാഥനും കൊമ്പുകോർക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. 2021ലേതു പോലെ അത്ര എളുപ്പമാവില്ല ഈ തവണ യു.ഡി.എഫിന്. നാലാം തവണ ഐ.സി. ബാലകൃഷ്ണൻ ജനവിധി തേടുമ്പോൾ പതിവിൽനിന്ന് വ്യത്യസ്തമായി ഇത്തവണ അദ്ദേഹത്തിന് വോട്ടർമാരെ കൈയിലെടുക്കാൻ ഏറെ പ്രയത്നിക്കേണ്ടിവരുമെന്ന് ഉറപ്പാണ്. സുൽത്താൻ ബത്തേരി അർബൻ ബാങ്കിലെ നിയമന കോഴയുമായി ബന്ധപ്പെട്ട വിവാദം, ഡി.സി.സി ട്രഷററായിരുന്ന എൻ.എം. വിജയന്റെ ആത്മഹത്യ തുടങ്ങിയവയൊക്കെ ഏറെ ചർച്ചചെയ്ത രാഷ്ട്രീയ വിഷയങ്ങളാണ്. ഇതിലൊക്കെ ഐ.സി. ബാലകൃഷ്ണന്റെ പേരും ഉയർന്നുവന്നിരുന്നു. അദ്ദേഹം നിരപരാധിയാണോ അല്ലയോ എന്ന കാര്യത്തിൽ കുറച്ചെങ്കിലും വോട്ടർമാർ ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്.
ഐ.സി. ബാലകൃഷ്ണൻ നേരിടാൻ പോകുന്ന ഏറ്റവും വലിയ പ്രശ്നം കുറുമ സമുദായത്തിന്റെ അവകാശവാദമാണ്. കുറുമ സമുദായം ഏറെയുള്ള നിയമസഭ മണ്ഡലമായിട്ടും ആ സമുദായത്തിൽപ്പെട്ട ഒരാളെ സ്ഥാനാർഥിയാക്കാൻ യു.ഡി.എഫിന് കഴിയാത്തത് വലിയ എതിർപ്പിന് കാരണമായിട്ടുണ്ട്. പുൽപള്ളിയിൽ നിന്നുള്ള കോൺഗ്രസ് നേതാവ് ഇ.എ. ശങ്കരൻ, തന്നെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സിയെ സമീപിച്ചിട്ടുണ്ട്. ഡി.സി.സി സെക്രട്ടറി ഒ.ആർ. രഘുവും തന്നെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ, സംസ്ഥാന നേതാക്കളെ കണ്ടിട്ടുണ്ട്. രഘുവും ശങ്കരനും കുറുമ സമുദായത്തിൽപ്പെട്ട ആളുകളായതിനാൽ അവരുടെ ആവശ്യം പെട്ടെന്ന് തള്ളിക്കളയാൻ കോൺഗ്രസ് നേതൃത്വത്തിനാവില്ല. കുറുമ സമുദായത്തിന്റെ ആവശ്യം പരിഗണിക്കാതെയുള്ള ഒരു മത്സരം സുൽത്താൻ ബത്തേരിയിൽ യു.ഡി.എഫിനെ എത്രമാത്രം ബാധിക്കുമെന്നത് കണ്ടറിയണം.
1996ലും 2006ലും സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൽ.ഡി.എഫ് വിജയിച്ചിട്ടുള്ളതാണ്. പിന്നീട് ഐ.സി ഹാട്രിക് നേടി. അതിനാൽ മണ്ഡലം തിരിച്ചുപിടിക്കുക എന്നത് ഇപ്പോൾ എൽ.ഡി.എഫിന്റെ അഭിമാന പ്രശ്നമാണ്. നാലാമൂഴത്തിൽ ഐ.സി. ബാലകൃഷ്ണൻ തന്നെയാണ് ഇറങ്ങുന്നതെങ്കിൽ അദ്ദേഹത്തെ ശക്തമായി നേരിടാനാണ് എൽ.ഡി.എഫ് അണിയറയിൽ നീക്കം ശക്തമാക്കുന്നത്.
2021നെ അപേക്ഷിച്ച് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി നിയമസഭ മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങൾ മിക്കതും യു.ഡി.എഫിന് ഒപ്പമാണ് എന്നത് ഇടതുപക്ഷത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. അതിനാൽ അരയും തലയും മുറുക്കി അവർ ഐ.സിക്കെതിരെ രംഗത്തിറങ്ങുമെന്ന് ഉറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.